ADVERTISEMENT

പത്തനംതിട്ട∙ ‘സ്റ്റെബിലിറ്റി ഇല്ലായ്മ’ എന്ന വാക്കാണ് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ.കുര്യനെ ഒരാഴ്ചയായി വാർത്തകളിൽ നിറയ്ക്കുന്നത്. കെ.വി.തോമസിനൊപ്പം ചേർത്തുവച്ച് തനിക്കെതിരെ കോൺഗ്രസിൽ പടയൊരുക്കം തുടങ്ങിയപ്പോൾത്തന്നെ കുര്യൻ ആയുധം താഴെവച്ച് നിഷേധക്കുറിപ്പിറക്കി. നിലപാടുകളിൽ സ്ഥിരതയില്ലെന്ന പരാമർശം രാഹുൽ ഗാന്ധി എന്ന നേതാവിനു സ്ഥിരതയില്ലെന്ന തരത്തിൽ വ്യാഖ്യാനിച്ചതാണ് പ്രശ്നങ്ങളുടെ അടിസ്ഥാന കാരണമെന്നാണ് കുര്യൻ വിശദീകരിക്കുന്നത്. 

ഒരു വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ സംഘടനാ തിരഞ്ഞെടുപ്പിലൂടെ പ്രസിഡന്റായ രാഹുൽ ഗാന്ധി പിന്നീട് എല്ലാം ഇട്ടെറിഞ്ഞ് ഓടിയില്ലേ എന്ന ചോദ്യത്തിന് അത് പുള്ളിയുടെ ‘സ്റ്റെബിലിറ്റി ഇല്ലായ്മ’ എന്നായിരുന്നു കുര്യന്റെ മറുപടി. അത് ആ നേതാവിനെ ആക്ഷേപിച്ചതല്ല, ചില നിലപാടുകളെ പരാമർശിച്ചതാണെന്ന് കുര്യൻ വ്യക്തമാക്കുന്നു.

‘‘കപ്പൽ മുങ്ങുമ്പോൾ ഇട്ടെറിഞ്ഞു പോകുന്ന കപ്പിത്താനെ അല്ല ആവശ്യം. മുന്നിൽനിന്നു നയിക്കുന്ന നേതാവിനെ ആണ് എന്ന അഭിപ്രായത്തിൽ മാറ്റമില്ല. തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായിരുന്നു രാഹുൽ ഗാന്ധി. ആ സ്ഥാനത്ത് നിന്ന് അദ്ദേഹം സ്വയം ഇട്ടെറിഞ്ഞു പോയതാണ്.  എന്നാൽ, ഇപ്പോഴും അദ്ദേഹം പ്രസിഡന്റിന്റെ ജോലികൾ ചെയ്യുന്നത് അംഗീകരിക്കാൻ പ്രയാസമുണ്ട്.’

‘‘രാഹുൽ സ്വയം മാറിയ സ്ഥിതിക്ക് മാറ്റൊരാൾ ആ സ്ഥാനത്ത് വരട്ടേയെന്നാണ് താനുൾപ്പെട്ട ജി 23 നേതാക്കളുടെ അഭിപ്രായം. സംഘടനാ തിരഞ്ഞെടുപ്പിലൂടെ രാഹുൽ വീണ്ടും വരികയാണെങ്കിൽ അതിനെയും സ്വാഗതം ചെയ്യുന്നു. മറ്റാരെയും ആ സ്ഥാനത്തേക്കു വരാൻ അനുവദിക്കാത്ത നിലപാടും ശരിയല്ല. രാഹുൽ പാർലമെന്ററി പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നാണ് എന്റെ അഭിപ്രായം. അദ്ദേഹം പ്രസിഡന്റ് സ്ഥാനം ഒഴിയരുതായിരുന്നു എന്നും ഞാൻ പറയുന്നു’ – ഈ വാക്കുകളെങ്ങനെ രാഹുലിന് എതിരാകും – പി.െജ.കുര്യൻ  ചോദിച്ചു. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം എല്ലാം കാലവും നെഹ്റു കുടുംബത്തിന് മാത്രമായിരിക്കണം എന്നു പറയുന്നത് ശരിയല്ല. രാജ്യം കോൺഗ്രസിനെ ആഗ്രഹിക്കുമ്പോൾ പാർട്ടിക്ക് കൃത്യമായ നേതൃത്വമാണ് വേണ്ടെതെന്നും കുര്യൻ പറഞ്ഞു.

‘‘നെഹ്‌റു – ഗാന്ധി കുടുംബത്തോട് എന്നും ആദരവ് പ്രകടിപ്പിച്ചിട്ടുള്ള  വ്യക്തിയാണ് ഞാന്‍.  രാജീവ് ഗാന്ധിയുമായും  സോണിയാ ഗാന്ധിയുമായും വളരെ അടുത്ത ബന്ധം  എനിക്ക് ഉണ്ടായിരുന്നു.  എന്‍റെ രാഷ്ട്രീയ വളര്‍ച്ചയില്‍ ഇവര്‍ രണ്ടു പേരും വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. രാഹുല്‍ഗാന്ധി  പാര്‍ലമെന്റില്‍ ബിജെപി സർക്കാരിനെതിരെ ശക്തമായ പോരാട്ടമാണ് നടത്തുന്നത് എന്ന കാര്യം എല്ലാവരും അംഗീകരിക്കുന്നതാണ്. രണ്ടാഴ്ചകള്‍ക്കു  മുന്‍പ്  മലയാളത്തിലെ ഒരു വാരികയിലെ ലേഖകന്‍ ജി 23യുടെ ലക്ഷ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടി ഭാഗീകമായോ അപൂര്‍ണ്ണമായോ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ടാണ് ചില തെറ്റിദ്ധാരണകള്‍  ഉണ്ടായത്’’ – കുര്യൻ പറഞ്ഞു.

രാഹുല്‍ ഗാന്ധിയെയോ നെഹ്‌റു  കുടുംബത്തെയോ ഏതെങ്കിലും തരത്തിൽ അധിക്ഷേപിക്കുന്നതോ അവരുടെ സേവനങ്ങള്‍ വിലകുറച്ച് കാണിക്കുന്നതോ ആയിരുന്നില്ല  മറുപടിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കൊളുത്തിവിട്ട വിവാദത്തിന്റെ തിരി ഇനിയും അണഞ്ഞിട്ടില്ല. ദേശീയ മാധ്യമങ്ങൾ അടക്കം കുര്യന്റെ വാക്കുകൾക്കായി ദിവസവും ബന്ധപ്പെടുന്നുണ്ട്. അവരിൽനിന്നെല്ലാം ഇപ്പോൾ സുരക്ഷിതമായ അകലം പാലിക്കുകയാണ് താനെന്ന് കുര്യൻ പറഞ്ഞു. കോൺഗ്രസിന്റെ നന്മ മാത്രം ലക്ഷ്യമിട്ടുള്ള വാക്കുകളെ ദുരുപയോഗിക്കുന്നതിൽ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English Summary: Congress leader PJ Kurien clarifies his statement on Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com