കാലിത്തീറ്റ കുംഭകോണം: അഞ്ചാമത്തെ കേസിലും ലാലു പ്രസാദ് യാദവിനു ജാമ്യം
Mail This Article
പട്ന ∙ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനു ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആദ്യത്തെ നാലു കേസുകളിലും ലാലുവിനു നേരത്തേ ജാമ്യം ലഭിച്ചിരുന്നു. റാഞ്ചി ജയിലിലായിരുന്ന ലാലുവിനെ ചികിത്സാർഥം ന്യൂഡൽഹി എയിംസ് ആശുപ്രതിയിലേക്കു മാറ്റിയിരുന്നു. കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചു കേസുകളിലായി ലാലു ഇതിനകം 41 മാസം ജയിൽവാസം അനുഭവിച്ചു കഴിഞ്ഞു.
ഡൊറാൻഡ ട്രഷറിയിൽ 139 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന അഞ്ചാമത്തെ കേസിൽ റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി ലാലുവിന് അഞ്ചു വർഷം തടവും 60 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ലാലുവിന്റെ മോശമായ ആരോഗ്യനില കൂടി കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. പത്തു ലക്ഷം രൂപ പിഴയൊടുക്കി ഒരു ലക്ഷം രൂപ ജാമ്യത്തുക കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം.
English Summary: Fodder scam: Lalu Prasad gets bail in Doranda Treasury case