ജോണ് പോളിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തി
Mail This Article
കൊച്ചി∙ മണ്ണിൽനിന്ന് മനുഷ്യന്റെ കഥ പറഞ്ഞ ജോൺ പോൾ മണ്ണിലേക്ക് മടങ്ങി. മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്ത് ജോൺപോളിന്റെ മൃതദേഹം എളംകുളം സെന്റ് മേരീസ് സുനോറോ സിംഹാസനപ്പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ജീവിതത്തിന്റെ ഭിന്നമേഖലകളിലെ പരിചിതരെല്ലാം ജോൺ പോളിന് അന്ത്യാഞ്ജലിയേകാനെത്തി.
ഔദ്യോഗിക ബഹുമതിക്ക് ശേഷം മൃതദേഹം സംസ്കാര ശുശ്രൂഷയ്ക്കായി പള്ളിയിലേക്കു കൊണ്ടുപോയി. യാക്കോബായ സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് സംസ്കാര ശുശ്രൂഷയ്ക്ക് മുഖ്യകാർമികനായി. സംസ്കാരത്തിനായി മൃതദേഹം കല്ലറയിലേക്ക് എടുക്കുമ്പോഴും ജോൺ പോളിനെ അവസാനമായി കാണാൻ നടൻ കുഞ്ചാക്കോ ബോബൻ അടക്കമുള്ളവർ പള്ളിയിലേക്കെത്തി.
നേരത്തെ, എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലിയേകി. മന്ത്രി പി.രാജീവും സംസ്ഥാന സർക്കാരിന് വേണ്ടി ജില്ലാ കലക്ടർ ജാഫർ മാലിക്കും ആദരാഞ്ജലി അർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കൊച്ചി കാരയ്ക്കാമുറി ചാവറ കൾച്ചറൽ സെന്ററിലെത്തി ജോൺപോളിന് ആദരാഞ്ജലി അർപ്പിച്ചു. മൃതദേഹം ജോൺ പോളിന്റെ മരടിലെ വസതിയിൽ എത്തിച്ചപ്പോൾ മന്ത്രി സജി ചെറിയാൻ ആദരാഞ്ജലി അർപ്പിച്ചു. പിന്നീടാണ് മൃതദേഹം സംസ്കാരത്തിനായി കൊണ്ടുപോയത്.
ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് ആശുപത്രിയിലായിരുന്ന ജോൺ പോളിന്റെ വിയോഗം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു. കഴിഞ്ഞ 3 മാസം നഗരത്തിലെ 3 ആശുപത്രികളിലായി ചികിത്സയിലായിരുന്നു ജോൺ പോൾ. വ്രണങ്ങളിൽനിന്നുള്ള അണുബാധ ആന്തരിക അവയവങ്ങളെ ബാധിച്ചിരുന്നു.
English Summary: Funeral Of John Paul