മോഹന്ലാലുമായി ഹൃദയബന്ധം: 'ലാലിനെ കുറച്ചു ദിവസം കിട്ടണം'; പക്ഷേ നടന്നില്ല
Mail This Article
ഉണ്ണാനിരിക്കുമ്പോൾ ശങ്കരനാരായണൻ ചോദിക്കും: പുളിശ്ശേരിയില്ലേ?
അദ്ദേഹത്തിനു പുളിശ്ശേരി ഇല്ലെങ്കിലും കുഴപ്പമില്ല. എന്നാൽ വരുന്നയാളുടെ രുചി ശങ്കരനാരായണൻ ഓർത്തുവയ്ക്കും. പാലക്കാട്ടെ വീട്ടിലായാലും മുംബൈയിലെ ഗവർണറുടെ കൊട്ടാരത്തിലായാലും അദ്ദേഹമതുണ്ടാക്കാൻ അടുക്കളക്കാരോടു പറയും. ചിലപ്പോൾ അതു വരുന്നതുവരെ ഉണ്ണാതെ കാത്തിരിക്കും.
രാത്രി വൈകുവോളം വായിച്ച പുസ്തകം എപ്പോഴും കയ്യിലുണ്ടാകും. അതേക്കുറിച്ചു സംസാരിക്കും. റഷ്യയിൽ കമ്യൂണിസ്റ്റു ഭരണകൂടം വീണ ശേഷം അദ്ദേഹം തുടർച്ചയായി അതേക്കുറിച്ചു വായിച്ചു. റഷ്യയിലെ കമ്യൂണിസ്റ്റുകാരുടെ കൂട്ടക്കൊല ഒഴിച്ചു നിർത്തിയാൽ അദ്ദേഹം അവിടുത്തെ കമ്യൂണിസത്തെ ആദരിച്ചിരുന്നു. സ്റ്റാലിനെ കമ്യൂണിസ്റ്റുകാർ ആദരിക്കുന്നതിനെ അദ്ദേഹം വേദനയോടെയാണു കണ്ടത്. സ്റ്റാലിൻ നടത്തിയ കൂട്ടക്കൊലകൾ ഹിറ്റ്ലറോടു ചേർന്നു നിൽക്കുന്നതാണെന്നദ്ദേഹം കരുതി. എകെജിയെക്കുറിച്ചു തുടർച്ചയായി ആദരവോടെ സംസാരിച്ചു. ശങ്കരനാരായണൻ ഒരിക്കലും പുറത്തു കാണുന്ന സാദാ കോൺഗ്രസുകാരനായിരുന്നില്ല.
ശങ്കരനാരായണൻ മുന്നോട്ടു വരുന്നതിന് ഒളിഞ്ഞും തെളിഞ്ഞും കെ.കരുണാകരൻ പാരവച്ചിരുന്നതായി അദ്ദേഹം വിശ്വസിച്ചു. ഒരു ദിവസം ചെന്നപ്പോൾ ശങ്കരനാരായണന്റെ സന്ദർശക മുറിയിൽ കെ.ആർ.നാരായണൻ ഇരിക്കുന്നുണ്ട്. വേറേ ആരുമില്ല. ഒറ്റപ്പാലത്തെ ലോക്‌സഭാ സ്ഥാനാർഥിയായി വന്നതാണ്. രണ്ടു കോടി രൂപയെങ്കിലും ഉണ്ടെങ്കിലേ തിരഞ്ഞെടുപ്പു നടത്താനാകൂ. ഒരു പൈസ പോലും എത്തിക്കാനുള്ള സംവിധാനം കെ.ആർ.നാരായണനില്ല. ശങ്കരനാരായണൻ ഫോണിൽ കെ.കരുണാകരനുമായി സംസാരിക്കുകയാണ്. ‘എന്നോടു ചെയ്തതു മറക്കാനൊന്നും എനിക്കാകില്ല. പക്ഷേ പാർട്ടിക്കു വേണ്ടി ഞാൻ എന്തും ചെയ്യും.’ അതോടെ ഫോൺവച്ചു. ശങ്കരനാരായണനു സീറ്റു നൽകുന്നതിനെ അടിമുടി എതിർത്ത കരുണാകരൻ അയച്ച കെ.ആർ.നാരായണനെ ജയിപ്പിക്കാനുള്ള ദൗത്യം ശങ്കരനാരായണൻ ഏറ്റെടുക്കുകയാണ്.
ശങ്കരനാരായണന്റെ ദിവസങ്ങൾ അവസാനിച്ചു എന്നു കരുതി കോൺഗ്രസുകാർ തിരിഞ്ഞു നോക്കാത്ത കാലത്താണ് അദ്ദേഹം ഗവർണറാകുന്നത്. ചിരിക്കുന്ന മുഖത്തോടെ അവരിൽ ഭൂരിഭാഗം പേരെയും അദ്ദേഹം ഗവർണറുടെ വസതികളിൽ കൊണ്ടുപോയി താമസിപ്പിച്ചു. ‘ഇതല്ലാതെ അവർക്കൊന്നും പറമ്പു വാങ്ങിക്കൊടുക്കാനാകില്ലല്ലോ.’ അദ്ദേഹം പറഞ്ഞു. ഷൊർണൂരിലൂടെ കടന്നുപോകുമ്പോൾ അദ്ദേഹം പറഞ്ഞു, ‘‘ആ വഴി തിരിഞ്ഞാൽ ഞാൻ വിറ്റ പറമ്പിലെത്താം.’’ തിരഞ്ഞെടുപ്പുകളുടെ അവസാനം അദ്ദേഹം പറമ്പുകൾ വിറ്റുകൊണ്ടിരുന്നു. ഓരോ യാത്രയിലും പെട്ടിനിറയെ പുസ്തകങ്ങൾ വാങ്ങി. ഓരോ പദവിയിലും ഇരിക്കുമ്പോൾ ഓർക്കേണ്ടത് ഇത് അവസാനിക്കും എന്നാണെന്നു സ്ഥിരമായി പറയുമായിരുന്നു. റസ്റ്റ് ഹൗസുകളുടെ സാധാരണ മുറികളിൽ വാതിലടയ്ക്കാതെ അദ്ദേഹം പ്രവർത്തകരെ കാത്തിരുന്നു.
മോഹൻലാലുമായി വല്ലാത്തൊരു ഹൃദയബന്ധമായിരുന്നു. ലാൽ വിളിച്ചു പറഞ്ഞാൽ എന്തും ചെയ്യുമായിരുന്നു. ഒരു വശം തളർന്ന് ഓർമകൾ പാളിത്തുടങ്ങിയ സമയത്തും ലാലിന്റെ സിനിമകൾ കണ്ടു ചിരിച്ചു. പലപ്പോഴും ലാലുമായി സംസാരിച്ചു. ‘‘ഇയാളെ കുറച്ചു ദിവസം കിട്ടണം. ധാരാളം കഥകളുണ്ടാകും.’’ അദ്ദേഹം അത് ആഗ്രഹിക്കുകയും പറയുകയും ചെയ്തു. പക്ഷേ അതു മാത്രം നടന്നില്ല. ശങ്കരനാരായണന്റെ തമാശക്കഥകൾ കേൾക്കാൻ മാത്രമായി രണ്ടു ദിവസം കോവളത്തെ ഗസ്റ്റ് ഹൗസിൽ താമസിക്കണമെന്നു പ്രശസ്ത പത്രപ്രവർത്തകനായ ഇ.സോമനാഥ് പറയുമായിരുന്നു. ഇതിലപ്പുറം കഥ പറയാൻ കഴിയുന്ന ഒരാൾ ഇന്നു കേരള രാഷ്ട്രീയത്തിലില്ലെന്നു സോമനാഥ് പറഞ്ഞു. അതും നടന്നില്ല.
ജി.കെ.മൂപ്പനാർ രാഷ്ട്രപതിയാകുമെന്ന ശ്രുതി പരന്ന ദിവസങ്ങളിൽ അദ്ദേഹത്തെ കാണാനായി പത്രപ്രവർത്തകരുടെ കൂട്ടം അദ്ദേഹത്തിന്റെ വീട്ടുപടിക്കൽ കൂടി നിന്നിരുന്നു. ആരേയും അകത്തു കടത്തി വിടുന്നില്ല. അവസാനം പാലക്കാട്ടു വിളിച്ചു ശങ്കരനാരായണൻ സാറിനോടു സഹായം ചോദിച്ചു. രണ്ടു മിനിറ്റിനകം അകത്തുനിന്ന് ആൾ വന്നു ചോദിച്ചു, ശങ്കരനാരായണൻ സാർ പറഞ്ഞുവിട്ട ആൾ ആരാണ്. ?
അന്ന് രണ്ടു നേരവും ഭക്ഷണം കഴിച്ചാണു മടങ്ങിയത്. മൂപ്പനാർ ജീവിതം മുഴുവൻ പറഞ്ഞുതന്നു. ശങ്കരനാരായണന്റെ വാക്കുകൾക്ക് അപ്പുറം മൂപ്പനാർക്കു വാക്കുകളില്ലായിരുന്നു. അത്രയും ശക്തമായിരുന്നു ശങ്കരനാരായണന്റെ ഓരോ ബന്ധവും. അതു രാഷ്ട്രപതിയായാലും വീട്ടിലെ ഡ്രൈവറായാലും ഒരേ ഊഷ്മളതയോടെ നിലനിർത്തി. ചതിച്ചവരോടും പുറകിൽനിന്നു കുത്തിയവരോടും വാക്കു മാറ്റിയവരോടും കഥകളുണ്ടാക്കിയവരോടും അദ്ദേഹം വാത്സല്യപൂർവം പെരുമാറി. അതൊരിക്കലും ഖദറിന്റെ നുണയായിരുന്നില്ലെന്ന് കൂടെ നടന്നവർക്കറിയാം. വായിച്ചു വളർന്നു വിവരം നേടിയ കോൺഗ്രസുകാരുടെ പട്ടിക ഇല്ലാതാകുകയാണ്. കാത്തുവച്ച പുസ്തകങ്ങൾ ഇനി അനുപമയുടെയും അജിയുടെയും കുട്ടികൾ വായിക്കുമായിരിക്കും.
English Summary: Unni K Warrier remembering K Sankaranarayanan