ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ: വാദം കേൾക്കുന്നതിൽ നിന്നും ജഡ്ജി പിന്മാറി
Mail This Article
അലഹബാദ്∙ ഉത്തർപ്രദേശിലെ ലഖിംപുരിയിൽ കർഷകരെ വാഹനമിടിച്ചു കൊന്ന കേസിലെ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിൽ നിന്നും ജഡ്ജി പിന്മാറി. അലഹബാദ് ഹൈക്കോടതിയിലെ ലക്നൗ ബഞ്ചിലെ ജഡ്ജി ജസ്റ്റിസ് രാജീവ് സിങ്ങ് ആണ് പിന്മാറിയത്. അദ്ദേഹം തന്നെയായിരുന്നു അജയ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചത്. പിന്മാറ്റത്തിന്റെ കാരണം ജഡ്ജി വ്യക്തമാക്കിയിട്ടില്ല. ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് പുതിയ ബഞ്ച് രൂപീകരിച്ച ശേഷം തുടരും.
ഫെബ്രുവരിയിലാണ് ആശിഷ് മിശ്രയ്ക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ഇതു ചോദ്യം ചെയ്ത് അപ്പീൽ സമർപ്പിക്കുകയും സുപ്രീംകോടതി ഇടപെടുകയും ചെയ്തു. ചീഫ് ജസ്റ്റിസ് എൻ.വി.രമണയുടെ നേതൃത്വത്തിലുള്ള ബഞ്ച് കേസ് പരിഗണിക്കുകയും ഏപ്രിൽ 18ന് പ്രതിയുടെ ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു. ഒരാഴ്ച്ചയ്ക്കകം ആശിഷ് മിശ്ര കീഴടങ്ങണമെന്നും കോടതി നിർദേശിച്ചു.
നാലു കർഷകരും ഒരു മാധ്യമ പ്രവർത്തകനുമടക്കം 5 പേരെ വാഹനം കയറ്റിക്കൊന്ന സംഭവം കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിനാണുണ്ടായത്. ആശിഷ് മിശ്രയുടെ വാഹനം കയറിയാണ് മരണമെന്നു പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സംഭവത്തിൽ ക്ഷുഭിതരായ കർഷകരുടെ ആക്രമണത്തിൽ 3 ബിജെപി പ്രവർത്തകരും കൊല്ലപ്പെട്ടു.
English Summary: Lakhimpur Kheri Violence: Allahabad HC Judge Recuses from Hearing Ashish Mishra's Bail Plea