ADVERTISEMENT

തിരുവനന്തപുരം∙ വിവിധ വകുപ്പുകളിലെ കംപ്യൂട്ടർ ശ്യംഖലകളെ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധിപ്പിക്കുന്ന സംവിധാനത്തെ ‘ഗുജറാത്ത് മോഡല്‍’ വികസനമെന്നു വിശേഷിപ്പിക്കുകയും അത് പഠിക്കാൻ ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തിൽ സര്‍ക്കാര്‍ സംഘത്തെ അയയ്ക്കുകയും ചെയ്ത നടപടി സിപിഎമ്മിന്‍റെ രഹസ്യ അജൻഡയെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍.

ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സാക്ഷരതയിലും ജീവിത നിലവാരത്തിലും ഉയര്‍ന്ന നിലയിലുള്ള കേരളം പോലും ഗുജറാത്ത് വികസന മാതൃക പഠിക്കാനെത്തുന്നുവെന്ന് ബിജെപിക്ക് പ്രചാരണം നടത്താനുള്ള അവസരമാണ് ഇതുവഴി ഒരുക്കിയിരിക്കുന്നത്. അതിനായി സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനെത്തന്നെ സര്‍ക്കാര്‍ കരുവാക്കിയിരിക്കുകയാണ്. 

‘ഗുജറാത്ത് വികസന മാതൃക’ എന്ന മുദ്രാവാക്യം ബിജെപി തന്നെ ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുകയാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മെച്ചപ്പെട്ടതൊന്നുമല്ല ഗുജറാത്തിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍. ഗുജറാത്ത് പല കാര്യങ്ങളിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ പുറകിലാണ് താനും. വസ്തുത ഇതായിരിക്കെ ‘ഗുജറാത്ത് മോഡല്‍’ വികസനം പഠിക്കാനുള്ള കേരള സര്‍ക്കാര്‍ നീക്കം സംശയമുളവാക്കുന്നതാണ്.

നഗരപ്രദേശങ്ങളില്‍ കണ്ണാടി മാളികകള്‍ കെട്ടിപ്പൊക്കുന്നതാണു വികസനമെന്ന് പ്രചരിപ്പിക്കുന്നത് ഇടതുപക്ഷ സമീപനമല്ല. സമാധാനപരമായ സഹവര്‍ത്തിത്വവും മതനിരപേക്ഷ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യ ജീവിതവും വിവേചനരഹിതമായ വികസനവും ശാസ്ത്രീയ അടിത്തറയുള്ള വിദ്യാഭ്യാസ രീതികളും സര്‍ക്കാര്‍ മേഖലയില്‍ മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളും ഒക്കെയാണ് ഒരു സംസ്ഥാനത്തിന്‍റെ വികസന സൂചികകളായി എണ്ണപ്പെടുന്നത്. ഇക്കാര്യങ്ങളില്‍ ഗുജറാത്ത്‌ കേരളത്തിനു മാതൃക അല്ലെന്നും ദേവരാജന്‍ ചൂണ്ടിക്കാട്ടി.

English Summary: Kerala Chief Secretary-led team visits Gujarat; All India Forward Bloc criticises

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com