പോക്സോ കേസ് പരാതിക്കാരിക്കെതിരെ പ്രചാരണം; അഞ്ച് പേജ് കത്ത് പുറത്ത്
Mail This Article
കൊച്ചി∙ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റ്, അഞ്ജലി റീമ ദേവ്, സൈജു തുടങ്ങിയവർ പ്രതികളായ പോക്സോ കേസിലെ പരാതിക്കാരിക്കെതിരെ സമീപ വീടുകളിൽ പ്രചാരണം. ഇവർക്കെതിരെ പ്രദേശവാസിയായ അഭിഭാഷകൻ നൽകിയ മൊഴിയുടെ പകർപ്പ് എന്ന മട്ടിലുള്ള അഞ്ച് പേജ് വരുന്ന കത്താണ് പ്രചരിപ്പിച്ചിരിക്കുന്നത്.
ഇന്നു പുലർച്ചെയാണ് വീടുകളുടെ പടിക്കലും മുറ്റത്തുമായി കവറിലാക്കിയ നിലയിൽ പേപ്പറുകൾ കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 40 വീടുകളിൽനിന്നു കവർ കണ്ടെത്തി. അതേസമയം ഇരയായ പെൺകുട്ടിയെ മനപൂർവം ഉപദ്രവിക്കുന്നതിനും പ്രദേശവാസികൾക്കു മുന്നിൽ അപമാനിക്കുന്നതിനുമാണ് വ്യാജ പ്രചാരണം നടത്തിയിരിക്കുന്നതെന്ന് പരാതിക്കാരി മനോരമ ഓൺലൈനോടു പറഞ്ഞു.
2021 ഒക്ടോബറിൽ അതിജീവിത അഞ്ജലിക്കൊപ്പം നമ്പർ 18 ഹോട്ടലിലെത്തിയെന്നും ഇവിടെ വച്ചു റോയ് വയലാറ്റ് ഉപദ്രവിച്ചെന്നുമാണു കോഴിക്കോടു സ്വദേശിനിയുടെ പരാതി.
വൈറ്റിലയ്ക്ക് അടുത്ത് മോഡലുകൾ അപകടത്തിൽ മരിച്ച സംഭവത്തിന് ഒരാഴ്ച മുമ്പ് സമാന രീതിയിൽ അതിജീവിത ഉൾപ്പെടെ ഏഴു പെൺകുട്ടികളെ കൊച്ചിയിൽ ബിസിനസ് മീറ്റിന് എന്ന പേരിൽ വിളിച്ചു വരുത്തി മദ്യം നൽകുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നുമുള്ള പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഹോട്ടലിൽ റോയ് വയലാറ്റ് ലൈംഗികമായി ഉപദ്രവിച്ചെന്നും അഞ്ജലിയും സൈജുവും കൂട്ടുനിന്നെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സംഭവത്തെ കുറിച്ചു പുറത്തു പറഞ്ഞാൽ ഇവരുടെ സ്വകാര്യ വിഡിയോ ദൃശ്യങ്ങൾ പുറത്തു വിടും എന്നു ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നു. കേസ് റജിസ്റ്റർ ചെയ്ത ഫോർട്ടു കൊച്ചി പൊലീസ് തുടരന്വേഷണം, നിലവിൽ മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിനു കൈമാറിയിട്ടുണ്ട്. മിസ് കേരള ജേതാക്കളായ രണ്ടു മോഡലുകൾ അടക്കം 3 പേർ കൊല്ലപ്പെട്ട വാഹനാപകടക്കേസിൽ റോയിക്കും സൈജുവിനും ജാമ്യം ലഭിച്ചിരുന്നു.
English Summary: POCSO case: Letter Campaign surfaces on neighborhood homes of the complainant