പ്രൊജക്ട്–75ൽ സഹകരിക്കില്ലെന്ന് ഫ്രാൻസ്; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് മുൻപ്
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യൻ നാവികസേനയെ കരുത്തുറ്റതാക്കാൻ ലക്ഷ്യമിട്ടുള്ള അന്തർവാഹിനി നിർമാണ പദ്ധതിയായ പ്രൊജക്ട്–75ൽ സഹകരിക്കില്ലെന്നു ഫ്രാൻസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു തൊട്ടുമുൻപാണ്, കേന്ദ്ര സർക്കാരിന്റെ നിർണായക പദ്ധതിയിൽ ഭാഗമാകില്ലെന്നു ഫ്രാൻസിന്റെ നേവൽ ഗ്രൂപ്പ് അറിയിച്ചത്.
ഫ്രഞ്ച് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവൽ മക്രോയെ പാരിസിൽ നരേന്ദ്ര മോദി സന്ദർശിക്കാനിരിക്കെയാണു നേവൽ ഗ്രൂപ്പ് കമ്പനിയുടെ നിലപാടെന്നതു ശ്രദ്ധേയമാണ്. അത്യാധുനിക അന്തർവാഹിനികൾ തദ്ദേശീയമായി നിർമിച്ചു നാവികസേനയെ ശക്തിപ്പെടുത്തുകയാണു പ്രൊജക്ട്–75 ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം ജൂണിൽ പ്രൊജക്ട്–75ന് പ്രതിരോധ മന്ത്രാലയം അനുമതി നൽകി. ചൈനയുടെയും പാക്കിസ്ഥാന്റെയും ഭീഷണി ഫലപ്രദമായി നേരിടാൻ കരുത്തുറ്റ ആയുധങ്ങൾ വേണമെന്നാണു നാവികസേനയുടെ നിലപാട്.
ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട സ്വകാര്യ കമ്പനിയായ ലാർസൻ ആൻഡ് ടർബോ, സർക്കാർ സ്ഥാപനമായ മസഗാവ് ഡോക്സ് ലിമിറ്റഡ് എന്നീ ഇന്ത്യൻ കമ്പനികൾക്ക് (തന്ത്രപ്രധാന പങ്കാളികൾ) 43,000 കോടി രൂപയുടെ കരാർ അനുവദിച്ച സർക്കാർ, നിർദേശക അപേക്ഷ (Request For Proposal- RFP) സമർപ്പിക്കാനും അറിയിച്ചു. ചുരുക്കപ്പട്ടികയിലുൾപ്പെട്ട 5 വിദേശ കമ്പനികളുമായി ഇന്ത്യൻ കമ്പനികൾ സഹകരിച്ചാണു പ്രവർത്തിക്കേണ്ടത്. ജർമനി, സ്പെയ്ൻ, ഫ്രാൻസ്, ദക്ഷിണ കൊറിയ, റഷ്യ എന്നീ രാജ്യങ്ങളിലെ കമ്പനികളാണിവ.
‘ആർഎഫ്പിയിലെ ചില നിർദേശങ്ങൾ കാരണം, നിർദേശക അപേക്ഷ ഞങ്ങൾക്കും മറ്റു വിദേശ നിർമാതാക്കൾക്കും (എഫ്ഒഇഎം) രണ്ടു തന്ത്രപ്രധാന പങ്കാളികൾക്കും അയച്ചു തരാനാകില്ല. അതിനാൽ പദ്ധതിക്കായി ഔദ്യോഗികമായി ലേലത്തിൽ പങ്കെടുക്കാൻ ഞങ്ങൾക്കാവില്ല. അതേസമയം, ആത്മനിർഭർ ഭാരത് തത്വവുമായി സഹകരിക്കാൻ തയാറാണ്.’– നേവൽ ഗ്രൂപ്പ് ഇന്ത്യ കൺട്രി ആൻഡ് മാനേജിങ് ഡയറക്ടർ ലോറന്റ് വിഡ്വോ വ്യക്തമാക്കി.
English Summary: Day Ahead Of PM Modi's Visit, France Backs Out Of Key Submarine Project