ADVERTISEMENT

ന്യൂഡൽഹി∙ ലാൻ‍ഡിങ്ങിനിടെ സ്പൈസ് ജെറ്റ് വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവത്തിൽ പരുക്കേറ്റ രണ്ടു യാത്രക്കാര്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. മുംബൈയിൽനിന്ന് പറന്ന വിമാനം ബംഗാളിലെ ദുർഗാപൂരിൽ ഉടൻ ഇറക്കുകയായിരുന്നു. ഔദ്യോഗിക അന്വേഷണത്തിനു മുൻപേ വിമാനത്തെ ദുർഗാപൂരിൽനിന്ന് കൊൽക്കത്തയിലേക്കു പോകാൻ അനുവദിച്ചതിനു രണ്ട് സ്പൈസ് ജെറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. ഇരുവരെയും ജോലിയിൽനിന്നു നീക്കി.

‘കൊൽക്കത്തയിലെത്തിയ ശേഷമാണ് വിമാനത്തിലെ പരിശോധനകൾ പൂർത്തിയാക്കിയതു. ഇതുമായി ബന്ധപ്പെട്ട് എയർക്രാഫ്റ്റ് മെയ്ന്റനൻസ് എൻജിനീയർ, സ്പൈസ് ജെറ്റ് മെയിന്റനൻസ് കൺട്രോൾ സെന്റർ ഇൻ ചാർജ് എന്നീ ഉദ്യോഗസ്ഥരെയാണു മാറ്റിനിർത്തിയിരിക്കുന്നതെന്ന് ഡിജിസിഎ അറിയിച്ചു. ആകാശച്ചുഴിയിൽപെട്ടതിനെ തുടർന്ന് വിമാനത്തിലുണ്ടായിരുന്ന പതിനാലു യാത്രക്കാർക്കും മൂന്നു ജീവനക്കാർക്കുമാണു പരുക്കേറ്റത്.

രണ്ട് യാത്രക്കാരാണ് ദുർഗാപൂരിലെ ആശുപത്രിയിൽ ഐസിയുവിലുള്ളത്. ലാൻഡിങ്ങിനിടെ ആകാശചുഴിയിൽപ്പെട്ടതിനു പിന്നാലെ വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിമാനത്തിന്റെ തറയിൽ നിരവധി സാധനങ്ങളും ഓക്സിജൻ മാസ്കുകളും ചിതറിക്കിടക്കുന്നതു കാണാം. ബാഗുകൾ വീണു യാത്രക്കാർക്ക് തലയ്ക്ക് പരുക്കേറ്റു. മിക്കവർക്കും തലയിൽ തുന്നലുണ്ട്. ഒരു യാത്രക്കാരനു നട്ടെല്ലിന് സാരമായ പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സ്പൈസ് ജെറ്റിന്റെ എസ്ജി–945 വിമാനമാണു ഞായറാഴ്ച വൈകുന്നേരം ലാൻഡിങ്ങിനിടെ ആടിയുലഞ്ഞത്. സംഭവത്തിൽ സ്പൈസ് ജെറ്റ് ഖേദം പ്രകടിപ്പിച്ചു.

English Summary: SpiceJet Turbulence: Engineer De-Rostered For Allowing Take-Off Again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com