തൃക്കാക്കരയിൽ കെ.എസ്.അരുൺകുമാർ ഇടതുസ്ഥാനാർഥിയാകാൻ സാധ്യത
Mail This Article
കൊച്ചി ∙ തൃക്കാക്കരയിൽ കെ.എസ്.അരുൺകുമാർ ഇടതുസ്ഥാനാർഥിയാകാൻ സാധ്യത. സിപിഎം എറണാകുളം ജില്ലാകമ്മിറ്റി അംഗമാണ്. യുഡിഎഫ് സ്ഥാനാർഥിയായി പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസിനെ കഴിഞ്ഞദിവസം കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.
അതേസമയം, എൽഡിഎഫ് സ്ഥാനാര്‍ഥി ആരാണെന്ന് തീരുമാനിച്ചിട്ടില്ലെന്ന് എൽഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ഇന്ന് വൈകിട്ട് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാനാർഥിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
എറണാകുളം ജില്ലയിലെ സിപിഎമ്മിന്‍റെ യുവ മുഖം കെ.എസ്. അരുണ്‍കുമാര്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയാകുന്നതോടെ തൃക്കാക്കരയില്‍ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഇത്തവണ മണ്ഡലത്തില്‍ സിപിഎം സ്വന്തം ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ നേരത്തേ തീരുമാനിച്ചിരുന്നതാണ്. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം അരുണ്‍കുമാറിനു തന്നെയായിരുന്നു മുഖ്യ പരിഗണനയും.
നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ വലിയ തോല്‍വിക്ക് കാരണമായത് പൊതു സ്വതന്ത്രനെ നിര്‍ത്തിയതാണെന്നു സിപിഎം വിലയിരുത്തിയിരുന്നു. പേമെന്‍റ് സീറ്റ് എന്ന ആരോപണവും ഒരു വിഭാഗം ഇവിടെ ഉയര്‍ത്തിയതും തിരിച്ചടിക്കു കാരണമായെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് തൃക്കാക്കരയില്‍ ഇടതു ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കുന്നതിന് എല്‍ഡിഎഫ് തീരുമാനമുണ്ടായത്. മണ്ഡലത്തിലെ പ്രവര്‍ത്തകരും ജില്ലാ നേതൃത്വവും ഇതേ ആവശ്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് അരുണ്‍ കുമാറിലേയ്ക്ക് സ്ഥാനാര്‍ഥിത്വം എത്തിച്ചേര്‍ന്നത്.
നിലവില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗമായ കെ.എസ്. അരുണ്‍കുമാര്‍ ഹൈക്കോടതിയില്‍ അഭിഭാഷകനും ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് കൂടിയാണ്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചാനല്‍ ചര്‍ച്ചകളിലൂടെ വോട്ടര്‍മാര്‍ക്കിടയില്‍ സുപരിചിതനാണ് അരുണ്‍കുമാര്‍ എന്നത് തിരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് ഉറപ്പായതിനു പിന്നാലെ ചാനല്‍ ചര്‍ച്ചകളില്‍ അരുണ്‍കുമാറിനെ സിപിഎം മുഖമായി കൂടുതല്‍ അവതരിപ്പിക്കുന്ന സാഹചര്യവുമുണ്ടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ സമൂഹമാധ്യമ ക്യാംപെയിനു ചുക്കാന്‍ പിടിച്ചത് അരുണ്‍കുമാറായിരുന്നു.
ഏതു മണ്ഡലത്തിലും സ്വന്തം ചിഹ്നത്തില്‍ മല്‍സരിക്കുമ്പോള്‍ മാത്രമാണ് അതു രാഷ്ട്രീയ പോരാട്ടമായി മാറുക എന്നതും കണക്കിലെടുത്താണ് അരുവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ഥിയെ നിയോഗിക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനം. തൃക്കാക്കരയെ സംബന്ധിച്ച് സിപിഎമ്മിന്റെ കൃത്യമായ സ്ഥാനാര്‍ഥിയായാണ് അരുണിനെ മുന്നണിയും പ്രവര്‍ത്തകരും കാണുന്നത്.
തൃക്കാക്കരയുടെ തിരഞ്ഞെടുപ്പു ചുമതലയുള്ള കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്‍റെയും മന്ത്രി പി. രാജീവിന്റെയും സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം സ്ഥാനാര്‍ഥിത്വം സംബന്ധിച്ച കൂടിയാലോചനകള്‍ നടന്നിരുന്നു. ഇന്നു ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലകമ്മിറ്റിയിലും ചര്‍ച്ച ചെയ്താണ് അരുണ്‍കുമാറിന്‍റെ പേര് ഉറപ്പിച്ചിരിക്കുന്നത്. തൃക്കാക്കരയിലേയ്ക്ക് മുന്‍മേയര്‍ അനില്‍കുമാറിന്‍റെ പേരും സജീവ ചര്‍ച്ചയായിരുന്നു. 17നു നടക്കുന്ന 62ാം ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പും എന്‍.വേണുഗോപാലിന്‍റെ കേസില്‍ വിധി വരുന്ന സാഹചര്യവും പരിഗണിച്ച് അനില്‍ കുമാറിനെ ഒഴിവാക്കുകയായിരുന്നു. വിധി വേണുഗോപാലിന് അനുകൂലമായി വരുന്ന സാഹചര്യത്തില്‍ ഒരു അംഗം കോര്‍പ്പറേഷനില്‍നിന്നു രാജിവയ്ക്കുന്നത് ഭരണം നഷ്ടപ്പെടുത്താനിടയുണ്ടെന്നായിരുന്നു വിലയിരുത്തല്‍.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.ടി. തോമസിനെതിരെ ഇടതു മുന്നണി സ്വതന്ത്രനായി മല്‍സരിച്ച ഡോ. ജോ ജേക്കബ്, ചിഞ്ചു റാണി തുടങ്ങിയവരുടെ പേരുകളും പട്ടികയില്‍ സജീവമായിരുന്നെങ്കിലും രാഷ്ട്രീയ പോരാട്ടത്തിനുള്ള തീരുമാനമായി പാര്‍ട്ടിയുടേത്. സ്വന്തം ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ഥി എത്തുമെന്ന് ഉറപ്പിച്ചതോടെ പ്രവര്‍ത്തകരും ആവേശത്തിലായിട്ടുണ്ട്.
മണ്ഡലത്തില്‍ ആംആദ്മിയും ട്വന്‍റി 20യും ഒരുമിച്ചു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് ഇടതു മുന്നണിക്കു നേട്ടമുണ്ടാക്കുമെന്ന വിലയിരുത്തലുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി.ടി. തോമസ് പിടിച്ച 14329 വോട്ടുകളുടെ ഭൂരിപക്ഷം സിപിഎമ്മിന്‍റെ യുവമുഖത്തിലൂടെ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയാണ് മുന്നണിക്കുള്ളത്.
English Summary: KS Arunkumar become LDF candidate in Thrikkakara