ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) മേധാവി രാജ് താക്കറെയുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ മുംബൈയിലെയും സമീപപ്രദേശങ്ങളിലെയും നിരവധി മുസ്‌ലിം പള്ളികൾ രാവിലെ നിസ്കാര സമയത്ത് ഉച്ചഭാഷിണി നിർത്തിവച്ചു. മേയ് മൂന്നിനു ശേഷം പള്ളികൾ നിസ്കാര സമയത്ത് ഉച്ചഭാഷിണി ഉപയോഗിച്ചാൽ ഹനുമാൻ ചാലിസ ഉച്ചഭാഷിണിയിലൂടെ കേൾപ്പിക്കണമെന്ന് താക്കറെ അനുയായികൾക്ക് നിർദേശം നൽകിയിരുന്നു. സമയപരിധി അവസാനിച്ചതോടെ അതീവജാഗ്രതയിലാണ് സംസ്ഥാനം.

സമയപരിധി അവസാനിക്കുന്നതിനു മുന്നോടിയായി ഇന്നലെ ട്വിറ്ററിൽ പങ്കുവച്ച കുറിപ്പില്‍ ഇക്കാര്യം രാജ് താക്കറെ വീണ്ടും ആവശ്യപ്പെട്ടിരുന്നു. പള്ളികൾ ഉച്ചഭാഷിണികൾ ഉപയോഗിച്ചാൽ 100ൽ വിളിച്ച് പരാതിപ്പെടണമെന്നും ഉച്ചഭാഷിണികൾക്കെതിരെ ഒപ്പ് ശേഖരിച്ച് പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളിൽ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധമായ പള്ളികൾ, ഉച്ചഭാഷിണികൾ, റോഡിനു നടുവിൽ കൂട്ടംകൂടിയുള്ള പ്രാർഥനകൾ തുടങ്ങിയവയെ നിയമപരമായി നേരിടണമെന്നും രാജ് താക്കറെ ആവശ്യപ്പെട്ടു.

കല്യാണിൽ രാവിലത്തെ നമസ്കാര സമയത്ത് മിക്ക പള്ളികളും ഉച്ചഭാഷിണികൾ നിർത്തിവച്ചു. പള്ളികളുടെ ട്രസ്റ്റിമാരുമായി പൊലീസ് കൂടിക്കാഴ്ച നടത്തിയിരുന്നു. സുപ്രീം കോടതി ഉത്തരവു പ്രകാരം രാവിലെ ഉച്ചഭാഷിണി നിർത്തിവയ്ക്കുമെന്ന് അവർ പൊലീസി‌നെ അറിയിച്ചു. പൻവേലിൽ ഉച്ചഭാഷിണിയിലൂടെ ഹനുമാൻ ചാലിസ കേൾപ്പിക്കാൻ ഒരുങ്ങിയെങ്കിലും പ്രദേശത്തെ മൂന്ന് പള്ളികളും അവ പ്രവർത്തിപ്പിക്കാതിരുന്നതിനാൽ വേണ്ടിവന്നില്ലെന്ന് എംഎൻഎസ് പ്രവർത്തകൻ പറയുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്.

അതേസമയം, സ്ഥിതിഗതികൾ കൈവിട്ടുപോകാതിരിക്കാൻ മഹാരാഷ്ട്ര സർക്കാർ വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കി.

അതിനിടെ, രാജ് താക്കറെയുടെ വസതിക്കു മുന്നിൽ സുരക്ഷ ശക്തമാക്കി. ഉച്ചഭാഷണികളെക്കുറിച്ചുള്ള താക്കറെയുടെ ഞായറാഴ്ച പ്രസംഗത്തിനെതിരെ ചൊവ്വാഴ്ച ഔറംഗബാദ് പൊലീസ് കേസ് ഫയൽ ചെയ്തു. 1400 പേർക്കെതിരെ താനെ പൊലീസ് നോട്ടിസ് അയച്ചിട്ടുണ്ട്.

English Summary: Raj Thackeray's "Deadline" Ends, Mumbai On Alert Amid Loudspeaker Row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com