ഹിറ്റ്‌ലർക്ക് ജൂതവേരുകളെന്ന പരാമര്‍ശം: പുട്ടിൻ മാപ്പുപറഞ്ഞെന്ന് ഇസ്രയേൽ; പ്രതികരിക്കാതെ റഷ്യ
Mail This Article
ജറുസലം∙ ജൂതരെ കൂട്ടക്കൊല ചെയ്ത ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലർക്ക് ജൂതവേരുകളുണ്ടെന്ന റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവിന്റെ പരാമർശത്തിൽ മാപ്പുപറഞ്ഞ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. ജൂതവംശഹത്യയെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നു ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ വിമർശനത്തിനു പിന്നാലെ പുട്ടിൻ ക്ഷമാപണം നടത്തിയതായി ഇസ്രയേൽ പ്രധാനമന്ത്രി തന്നെയാണ് അറിയിച്ചത്. എന്നാൽ ഇസ്രയേൽ അവകാശവാദത്തോട് ക്രെംലിൻ പ്രതികരിച്ചില്ല. സൈനിക പിന്തുണയ്ക്കായി യുക്രെയ്‌ൻ ഇസ്രയേലിനെ സമീപിച്ച പശ്ചാത്തലത്തിലാണു വിവാദമുണ്ടായത്. അതേസമയം, യുക്രെയ്‌ന്റെ ആവശ്യങ്ങളോട് നിലവില്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല.
യുക്രെയ്നിനെ നാത്‍സിമുക്തമാക്കാനാണ് അവിടെ നടത്തുന്ന സൈനികനടപടികളെന്ന റഷ്യയുടെ അവകാശവാദത്തെക്കുറിച്ച്, ഇറ്റാലിയൻ ചാനലിലെ അഭിമുഖത്തിൽ വിശദീകരിക്കുമ്പോഴാണ് ലാവ്റോവ് വിവാദ പരാമർശങ്ങൾ നടത്തിയത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയോ മറ്റു പ്രധാന വ്യക്തികളോ ജൂതരായതു കൊണ്ട് യുക്രെയ്നിൽ നാത്‌സി ഘടകങ്ങളില്ല എന്നു കരുതരുതെന്നു പറഞ്ഞ റഷ്യൻ വിദേശകാര്യമന്ത്രി ഹിറ്റ്ലറുടെ ജൂതവേരുകളെക്കുറിച്ചു പറഞ്ഞു. ഹിറ്റ്‌ലറുടെ മുത്തച്ഛൻ ജൂതനായിരുന്നെന്ന കേട്ടുകേഴ്‍വിയെ സൂചിപ്പിച്ചായിരുന്നു മറുപടി.
ലാവ്‌റോവിന്റേത് മാപ്പർഹിക്കാത്ത വാക്കുകളെന്ന് ആരോപിച്ച ഇസ്രയേൽ, റഷ്യൻ അംബാസഡറോടു വിശദീകരണം തേടിയിരുന്നു. ചരിത്രത്തിലെ ഏറ്റവും നീചമായ ജൂതവംശഹത്യയ്ക്ക്, ജൂതരെത്തന്നെ പഴിക്കുകയാണു റഷ്യ ചെയ്തിരിക്കുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് കുറ്റപ്പെടുത്തിയിരുന്നു. ഇസ്രയേൽ വിദേശകാര്യ മന്ത്രി യയ്ർ ലപീദ് റഷ്യൻ നിലപാടിനെ വംശീയതയെന്ന് ആരോപിച്ച് രംഗത്തെത്തുകയും ചെയ്തു. യുക്രെയ്നും റഷ്യയുമായി ഒരുപോലെ സൗഹൃദം സൂക്ഷിക്കുകയും മധ്യസ്ഥശ്രമങ്ങൾക്കു മുൻകയ്യെടുക്കുകയും ചെയ്തിരുന്ന ഇസ്രയേൽ ഇതാദ്യമാണ് റഷ്യയോട് ഇത്ര കനത്ത സ്വരത്തിൽ ഇടയുന്നത്.
English summary: Vladimir Putin Apologised For Russia Hitler Claims: Israel PM's Office