ADVERTISEMENT

എൽഐസി ഐപിഓയുടെ പിൻബലത്തിൽ മുന്നേറ്റം പ്രതീക്ഷിച്ചിരിക്കെ, ഫെഡ് റിസർവിന്റെ നിരക്ക് ഉയർത്തലിനു മുന്നോടിയായി ആർബിഐ തിടുക്കപ്പെട്ടു നടത്തിയ നിരക്ക് ഉയർത്തൽ ഇന്ത്യൻ വിപണിയുടെ നടുവൊടിച്ചു. അടുത്ത നയ അവലോകന യോഗത്തിന് ഇനിയും ഒരു മാസം ബാക്കി നിൽക്കെ രാജ്യാന്തര സാമ്പത്തിക ക്രമം അതിവേഗം മാന്ദ്യത്തിലേക്ക് സഞ്ചരിക്കുന്നു എന്നാണു വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലായിരുന്നു വിപണിയുടെ ആത്മവിശ്വാസം തകർത്ത ആർബിഐയുടെ നടപടി. അമേരിക്കൻ ടെക് സെക്ടറിന്റെ സ്വാധീനത്തിൽ ഇറക്കത്തിലായിരുന്ന ഐടി സെക്ടറിനൊപ്പം ബാങ്കിങ്. ഫിനാഷ്യൽ, റിയൽറ്റി, ഓട്ടോ സെക്ടറുകളും ആർബിഐയുടെ നടപടിയോടു കൂടി കരടികളുടെ കയ്യിലേയ്ക്കു വീണു. ആർബിഐയുടെ നയമാറ്റം വിദേശ ഫണ്ടുകളുടെ വിൽപന തോതു വീണ്ടും വർധിപ്പിച്ചു. വെള്ളിയാഴ്ച മാത്രം 5517 കോടി രൂപയാണ് വിദേശ ഫണ്ടുകളുടെ അധിക വിൽപന. വിപണിയുടെ പുതിയ പ്രതീക്ഷകൾ വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട് ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ. 

ആർബിഐയുടെ നിരക്കുയർത്തൽ പ്രഖ്യാപനത്തോടെ ബാങ്കിങ് സെക്ടറിന്റെ വീഴ്ചയിൽ ബുധനാഴ്ച 16800 പോയിന്റിന്റെ ദീർഘ കാല പിന്തുണ നഷ്‌ടമായ നിഫ്റ്റിക്ക് 17000 പോയിന്റ് അതി ശക്തമായ കടമ്പയായി മാറി. 16200 പോയിന്റും 15800 പോയിന്റുമാണ് നിഫ്റ്റിയുടെ സമീപ പിന്തുണകൾ. ക്രൂഡ് ഓയിൽ വില വർധിക്കുന്നതും അമേരിക്കൻ പണപ്പെരുപ്പ കണക്കുകളും ബോണ്ട് യീൽഡ് മുന്നേറ്റവും ലോക വിപണിക്കൊപ്പം ഇന്ത്യൻ വിപണിക്കും അടുത്ത വാരം വളരെ പ്രധാനമാണ്. എൽഐസിയുടെ ഐപിഓ അവസാനിച്ച  ശേഷം അധിക പണം വീണ്ടും വിപണിയിലേക്കിറങ്ങുന്നത് ഇന്ത്യൻ വിപണിക്ക് അനുകൂലമായേക്കാം. 

അമേരിക്കൻ പണപ്പെരുപ്പവും ബോണ്ട് യീൽഡും

ഫെഡ് റിസർവ് ചെയർമാൻ ഐഎംഎഫ് വേദിയിൽ വെച്ചു മുൻപു പ്രഖ്യാപിച്ച അര ശതമാനം മാത്രം വർധിപ്പിച്ചു ഫെഡ് നിരക്ക് ഒരു ശതമാനമാക്കിയത് അമേരിക്കൻ വിപണിക്ക് മുന്നേറ്റം നൽകിയെങ്കിലും നോൺ ഫാം പേ റോൾ കണക്കുകൾ പുറത്തു വരുന്നതിനും തലേന്നാൾ മൂന്ന‌ു ശതമാനത്തിനു മുകളിലേയ്ക്കു കയറിയ ബോണ്ട് യീൽഡ് അമേരിക്കൻ ഓഹരി വിപണിയെ തകർത്തു കളഞ്ഞു. വ്യാഴാഴ്ച 6% വരെ വീണ നാസ്ഡാക്കിന് വെള്ളിയാഴ്ച വന്ന മികച്ച നോൺ ഫാർമ പേ റോൾ കണക്കുകളും വീഴ്ച നൽകി. അമേരിക്കൻ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുന്നത് ഫെഡിന് കൂടുതൽ നിരക്കുയർത്തലിന് അനുകൂലമാണെന്നതും വിപണിയുടെ ആത്മവിശ്വാസം ചോർത്തികളഞ്ഞു.

ബുധനാഴ്ച പുറത്തു വരുന്ന ഏപ്രിലിലെ അമേരിക്കൻ പണപ്പെരുപ്പ കണക്കുകളിലാണ് ഇനി വിപണിയുടെ ശ്രദ്ധ. മാർച്ചിൽ കോർ ഇൻഫ്ലേഷനിൽ തിരിച്ചിറക്കം കാണിച്ചിരുന്നത് പ്രതീക്ഷയാണെങ്കിലും ഫുഡ് ഇൻഫ്‌ളേഷനും, ഗ്യാസ് വില വർധനവിൽ എനർജി ഇൻഫ്‌ളേഷനും നിയന്ത്രിതമല്ലെന്നതും ഇത്തവണയും വിപണിക്ക് ആശങ്കയാണ്. അടുത്ത മാസങ്ങളിലും ഫെഡ് നിരക്കുകൾ ഉയർത്തുന്നത് ബോണ്ട് യീൽഡിലും തത്തുല്യമായ ഉയർച്ചക്ക് കാരണമാകുന്നത് അമേരിക്കൻ വിപണിക്ക് പ്രത്യേകിച്ച് നാസ്ഡാക്കിനും തത്തുല്യമായതോ അതിലധികമോ വീഴ്ച നൽകിയേക്കാമെന്നും വിപണി ഭയക്കുന്നു. നാളെ വിക്ടറി ആചരിക്കുന്ന റഷ്യയുടെ പ്രസിഡന്റിന്റെ പ്രസംഗം യുക്രെയ്ൻ അധിനിവേശത്തിന് പുതിയ മാനങ്ങൾ നൽകിയേക്കാം. 

ആർബിഐയുടെ ഇരുട്ടടി

ആർബിഐയുടെ നയവ്യതിയാനം വിപണി പ്രതീക്ഷിച്ചിരുന്നതാണെങ്കിലും, ആർബിഐ അത് നടപ്പാക്കിയ രീതി ഇന്ത്യൻ വിപണിയുടെ ആത്മ വിശ്വാസം തകരാൻ കാരണമായി. റിപ്പോ നിരക്കിൽ 0.4% വർധന വരുത്തിയതോ ബാങ്കുകളുടെ കരുതൽ ധനാനുപാതത്തിലെ അര ശതമാനം  വർധനവോ  ഇന്ത്യൻ സമ്പത് വ്യവസ്ഥക്ക് തത്കാലം പ്രശ്നമല്ലെങ്കിലും അമേരിക്കൻ ഫെഡിനെ അന്ധമായി പിന്തുടരുന്ന ആർബിഐ നടപടി ഇന്ത്യൻ സമ്പത് വളർച്ചയെ ഐഎംഎഫ് പ്രവചിച്ച നിലയിലേക്ക് ഇറക്കിയേക്കാം. റഷ്യൻ ഉപരോധങ്ങൾ ക്രൂഡ് ഓയിൽ 110 ഡോളറിന് മുകളിൽ ഉറപ്പിക്കുന്നത് പണപ്പെരുപ്പം ഇനിയും വർധിപ്പിച്ചേക്കാമെന്നത് ആർബിഐ അടുത്ത നയവലോകന യോഗത്തിലും അടിസ്ഥാന നിരക്കുകളിൽ വർധന വരുത്താൻ കാരണമായേക്കാം. 

റിലയൻസ് റിസൾട്ട്

എനർജി, റീറ്റെയ്ൽ, ജിയോ എന്നീ സെക്ടറുകളുടെ  പിന്തുണയിൽ മുൻ വർഷത്തിൽ നിന്നും 45% വർധനവോടെ 2 ലക്ഷം കോടി രൂപക്കു മേൽ വരുമാനം സ്വന്തമാക്കിയ റിലയൻസ് 22.5% വർധനവോടെ 16203 കോടി രൂപയുടെ അറ്റാദായവും സ്വന്തമാക്കി. ജിയോയുടെ വരിക്കാരുടെ എണ്ണത്തിൽ മുൻ വർഷത്തിൽ നിന്നും 11 ദശലക്ഷത്തിന്റെ കുറവ് വന്നിട്ടുണ്ടെങ്കിലും 21% വർധനവോടെ 26139 കോടി രൂപയുടെ വരുമാനം ഉറപ്പിച്ചു. കഴിഞ്ഞ പാദത്തിൽ 763 പുതിയ സ്റ്റോറുകൾ ആരംഭിച്ച റിലയൻസ് റീറ്റെയ്ൽ മുൻ വർഷത്തിൽ നിന്നും 23% വർധനവോടെ 58000 കോടി രൂപയുടെ വരുമാനം സ്വന്തമാക്കി.

mukesh-ambani-reliance
മുകേഷ് അംബാനി

മുൻ പാദത്തിൽ നിന്നും ലാഭത്തിൽ കുറവ് വന്നെങ്കിലും റെക്കോർഡ് വരുമാനവും പുതിയ മേഖലകളിലേക്കുള്ള ആഗമനവും പുതിയ ഏറ്റെടുക്കലുകളും റിലയൻസ്   ഓഹരിയെ വീണ്ടും ആകർഷകമാക്കുന്നു. 

ഓഹരികളും സെക്ടറുകളും 

∙ റഷ്യൻ എണ്ണയുടെ മേലുള്ള ഉപരോധം ലോക സാമ്പത്തിക ക്രമത്തെ പതിയെ മാന്ദ്യത്തിലേക്ക് നയിച്ചേക്കാമെന്നത് ഓഹരി വിപണിയെ ദീർഘ കാല വില്പന സമ്മർദ്ദത്തിലേക്കു വീഴ്ത്തിക്കഴിഞ്ഞതു നിക്ഷേപകർ മനസിലാക്കണം. വിപണിയിലെ ഓരോ ഉയർച്ചയും വിദേശ ഫണ്ടുകൾക്കൊപ്പം ഇന്ത്യൻ ഫണ്ടുകളും വിൽപനക്കായി പരിഗണിച്ചേക്കും.

∙ മാന്ദ്യ ഭയം മ്യുച്വൽ ഫണ്ടുകളിൽ നിന്നും നിക്ഷേപകരെ അകറ്റിയേക്കാമെന്നതും ഇന്ത്യൻ വിപണിക്ക് ക്ഷീണമാകും.  

∙ മുംബൈ അഹമ്മദാബാദ് ബുള്ളെറ്റ് ട്രെയിൻ പ്രോജക്ടിന്റെ 116 കിലോ മീറ്റർ പാത നിർമാണ കരാർ ലഭ്യമായത് എൽ&ടിക്ക് വളരെ അനുകൂലമാണ്. എൽ&ടിയുടെ ഓരോ ഇറക്കവും അതി ദീർഘകാല നിക്ഷേപകർക്ക് അനുകൂലമാണ്.

∙ കഴിഞ്ഞ വര്‍ഷം 100 ബില്യൻ ഡോളറിന്റെ റെക്കോർഡ് വരുമാനം ലഭ്യമാക്കിയ റിലയൻസ് അടുത്ത ഇറക്കത്തിൽ അതി ദീർഘ കാല നിക്ഷേപത്തിനു പരിഗണിക്കാം. 

∙ പണപ്പെരുപ്പം 6%ലേക്ക് തിരികെ കൊണ്ട് വരാനായി ആർബിഐ നയങ്ങൾ കടുപ്പിക്കുന്നത് ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾക്ക് പുറമെ ഓട്ടോ, റിയൽ എസ്റ്റേറ്റ് ഓഹരികൾക്കും തൽകാലം മുന്നേറ്റം നിഷേധിച്ചേക്കാം.

∙ എൽഐസിയുടെ ഐപിഒ വിജയത്തിനു ശേഷം പൊതു മേഖല ഓഹരികളുടെ വിറ്റഴിക്കൽ നടപടികൾക്ക് തുടക്കമായേക്കാവുന്നത് വീഴുന്ന വിപണിയിൽവലിയ അവസരമാണ്. ദീർഘകാല നിക്ഷേപത്തിനു പൊതു മേഖല ഓഹരികൾ നിർബന്ധമായും പരിഗണിക്കാം. 

∙ ഓഹരി വിഭജനം നടക്കുന്നത് മികച്ച റിസൾട്ട് പ്രഖ്യാപിച്ച ടാറ്റ സ്റ്റീൽ ഓഹരിയെ നിക്ഷേപത്തിന് അനുകൂലമാക്കുന്നു. ദീർഘ കാല നിക്ഷേപകർ ടാറ്റ സ്റ്റീൽ അടുത്ത ഇറക്കത്തിൽ പരിഗണിക്കുക. 

∙ ഡോളറിന്റെ മുന്നേറ്റവും മികച്ച ഓർഡർ ബുക്കുകളും ഇന്ത്യൻ ഐടി ഓഹരികൾക്ക് അനുകൂലമാണെങ്കിലും, നാസ്ഡാക്കിന്റെ വീഴ്ച ഇന്ത്യൻ ഐടി സെക്ടറിനും മുന്നേറ്റം നിഷേധിച്ചേക്കാം. ജൂണിലും ഫെഡ് നിരക്കുകൾ വർധിപ്പിക്കുന്നത് ടെക് ഓഹരികൾക്ക് ഭീഷണിയാണ്. 

∙ മഹീന്ദ്ര ട്രാക്ടർ, ഇവി, പാസഞ്ചർ വാഹന മേഖലകളെ പ്രത്യേക കമ്പനികളായി തിരിക്കുന്നു എന്ന മാധ്യമ വാർത്ത ഓഹരിക്കനുകൂലമാണ്. 

∙ മൈൻഡ് ട്രീ എൽ&ടി ഇൻഫോടെക്കിൽ ലയിക്കുന്നത് എൽ&ടിയുടെ ഐടി വ്യാപ്തി വർധിപ്പിക്കും. കമ്പനി പുതിയ ഏറ്റെടുക്കലുകൾ തുടരുമെന്ന് പ്രഖ്യാപിച്ചത് എൽടിഐ ഓഹരിക്ക് അനുകൂലമാണ്.

∙ സോളർ എനർജി കോർപറേഷന്റെ 30 മെഗാവാട്ട് സോളാർ-വിൻഡ് ഹൈബ്രിഡ് എനർജി പ്രോജക്ടിന്റെ നിർമാണ കരാർ ലഭ്യമായത് എസ്ജെവിഎന്നിന് അനുകൂലമാണ്. പൊതു മേഖല ഓഹരി അതി ദീർഘ കാല നിക്ഷേപത്തിന് അനുകൂലമാണ്.

∙ ആർബിഐ അടിസ്ഥാന  നിരക്ക്   വർധിപ്പിച്ച എച്ച്ഡിഎഫ്സി ബാങ്ക് നടപടി ഭവന നിര്മ്മാണ ഓഹരികൾക്ക് തിരിച്ചടിയാണ്. 

∙ കഴിഞ്ഞ പാദത്തിൽ 75ലക്ഷം പുതിയ ഡീമാറ്റ് അക്കൗണ്ടുകൾ സ്വന്തമാക്കിയ സിഡിഎസ്എൽ മികച്ച നിരക്കിൽ ദീർഘ  കാല നിക്ഷേപത്തിന് ഇനിയും പരിഗണിക്കാം. 1000 രൂപ ഓഹരിക്ക് സ്റ്റോപ്പ് ലോസ് പരിഗണിക്കാം. 

∙ അടിസ്ഥാന ഉത്പന്ന വില വര്ധിക്കുന്ന സാഹചര്യത്തിൽ മെറ്റൽ , കെമിക്കൽ, വളം , കീടനാശിനി, കാർഷിക ഉത്പന്ന ഓഹരികൾ പോർട്ട് ഫോളിയോകളിൽ നിർബന്ധമായും പരിഗണിക്കണം. 

∙ മികച്ച റിസൾട്ടിന് ശേഷവും വിദേശ ബ്രോക്കർമാർ വില കുറച്ചു കണ്ടത് ടാറ്റ കൺസ്യൂമറിന് വീഴ്ച നൽകി. ഓഹരി മുന്നേറ്റം നേടിയേക്കാം. 

∙ ബോംബെ ഡയിങ്ങിന്റെ നഷ്ടം കുറഞ്ഞു വരുന്നത് ഓഹരിക്ക് അനുകൂലമാണ്. പുതിയ സ്കൂൾ ഓപ്പണിങ് സീസൺ നടപ്പു പാദത്തിൽ കമ്പനിയെ ലാഭത്തിലായേക്കാം. 

റിസൾട്ടുകൾ 

‌ഡാൽമിയ  ഭാരത്, യൂപിഎൽ, ബിഎഎസ്എഫ്, പിവിആർ, മോൾഡ് ടെക്ക് പാക്കേജിങ്, ജിഎൻഎഫ്സി, സെൻട്രൽ ബാങ്ക്, ആരതി ഡ്രഗ്സ്, വിഎസ്ടി റ്റില്ലേഴ്സ് മുതലായ കമ്പനികൾ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

എസ്ബിഐ, എൽ&ടി, ടാറ്റ മോട്ടോർസ്, ടെക് മഹിന്ദ്ര,  ഐഷർ മോട്ടോഴ്‌സ്, ബാങ്ക് ഓഫ് ബറോഡ, ഏഷ്യൻ പെയിന്റ്, സിപ്ല, അദാനി പോർട്സ്, ബിർള കോർപറേഷൻ, ആംബർ, സെറ, ഷാലെറ്റ് ഹോട്ടൽ, ഐഡിയ, എംജിഎൽ, എംആർഎഫ്, പോളി ക്യാബ്‌സ്, വെങ്കീസ്, ടോറന്റ് പവർ, റിലാക്‌സോ, അപ്പോളോ ടയർ, ബ്രിഗേഡ്, ക്രെഡിറ്റ് ആക്സസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഉജ്ജീവൻ, ബന്ധൻ ബാങ്ക്, എച്ച്എഎൽ, എസ്കോര്‍ട്സ്, ലിൻഡെ ഇന്ത്യ, ഡിമാർട്ട് മുതലായ കമ്പനികളും അടുത്ത വാരം റിസൾട്ട് പ്രഖ്യാപിക്കുന്നു. 

ക്രൂഡ് ഓയിൽ 

ഒപെക് ജൂൺ മുതൽ  മുൻ ധാരണ പ്രകാരമുള്ള ഉല്‍പാദന വർധന പരിഗണിക്കുമ്പോഴും അമേരിക്ക സ്ട്രാറ്റജിക് റിസർവിൽ നിന്നും വില്‍പന നടത്തിയ എണ്ണ വരും മാസങ്ങളിൽ തിരികെ വാങ്ങാനൊരുങ്ങുന്ന വാർത്ത ബ്രെന്റ് ക്രൂഡിനെ വീണ്ടും 110 ഡോളർ കടത്തി. റഷ്യയുടെ മേലുള്ള എണ്ണ ഉപരോധം അവസാനിക്കാതെ ഇനി എണ്ണ വില വീണേക്കില്ല. ഇറാന്റെ ന്യൂക്ലിയർ ഡീൽ എണ്ണ വിലയ്ക്കു താൽക്കാലിക തടസമായേക്കാം.

FILE PHOTO: A maze of crude oil pipes and valves is pictured during a tour by the Department of Energy at the Strategic Petroleum Reserve in Freeport, Texas, U.S. June 9, 2016.  REUTERS/Richard Carson/File Photo
FILE PHOTO: A maze of crude oil pipes and valves is pictured during a tour by the Department of Energy at the Strategic Petroleum Reserve in Freeport, Texas, U.S. June 9, 2016. REUTERS/Richard Carson/File Photo

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡിന്റെ മുന്നേറ്റത്തിൽ 1880 ഡോളറിനു താഴെ വീണ സ്വർണം മാറിയ സാഹചര്യത്തിൽ മുന്നേറ്റം പ്രതീക്ഷിക്കുന്നു. സാമ്പത്തിക മാന്ദ്യ ഭീഷണിയും, എണ്ണ വില വർധന പണപ്പെരുപ്പം വർധിപ്പിക്കുന്നതും സ്വർണത്തിന് അനുകൂല സാഹചര്യമൊരുക്കുന്നു. 1900 ഡോളർ കടന്നാൽ സ്വർണം വീണ്ടും 2000 ഡോളറിലേക്കു കയറിയേക്കാം.

വാട്സാപ്: 8606666722

Content Highlights: Stock Market Update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com