റിഫയുടെ കഴുത്തിനു ചുറ്റും ചില പാടുകള്‍; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നു സമർപ്പിക്കും
Mail This Article
കോഴിക്കോട്∙ ദുരൂഹസാചര്യത്തില്‍ ദുബായില്‍ മരിച്ച വ്ലോഗറും ആൽബം താരവുമായ റിഫ മെഹ്നുവിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നു പൊലീസിന് സമര്‍പ്പിച്ചേക്കും. റിഫയുടെ മരണത്തില്‍ ദുരൂഹതകളുടെ ചുരുളഴിക്കാന്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് കഴിയുമെന്നാണ് പൊലീസിന്‍റെ കണക്കുകൂട്ടല്‍. റിഫയുടെ മൃതദേഹം ഏറ്റുവാങ്ങിയവരുടെയും കബറടക്കിന് ഉണ്ടായിരുന്നവരുടെയും ഉള്‍പ്പെടെ കൂടുതല്‍ പേരുടെ മൊഴിയെടുക്കും.
ഫൊറന്‍സിക് വിഭാഗം മേധാവി ഡോ.ലിസ ജോണിന്‍റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോര്‍ട്ടം. പരിശോധനയില്‍ റിഫയുടെ കഴുത്തിന് ചുറ്റും ചില പാടുകള്‍ കണ്ടെത്തിയിരുന്നു. റിഫയുടെ ആന്തരികാവയവങ്ങള്‍ ഫൊറന്‍സിക് സംഘം ശേഖരിച്ചിരുന്നു. ആന്തരികാവയവങ്ങളുടെ രാസപരിശോധനയും ഇന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് ലാബില്‍ നടക്കും. ശരീരത്തില്‍ വിഷാംശം ഉണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് രാസപരിശോധന.
പോസ്റ്റ്മോര്‍ട്ടം നടത്താതെയായിരുന്നു റിഫയുടെ മൃതദേഹം കബറടക്കിയത്. റിഫയുടെ ഭര്‍ത്താവ് മെഹ്നാസിന്‍റെ പീഡനമാണ് മരണത്തിന് കാണമെന്നാണ് കുടുംബത്തിന്‍റെ പരാതി. ദുബായിലുള്ള മെഹ്നാസിന്‍റെ സുഹൃത്തുക്കള്‍ക്കും മരണത്തില്‍ പങ്കുണ്ടെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. നിലവില്‍ മെഹ്നാസിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് എടുത്തിട്ടുണ്ട്. മെഹ്നാസിനെ ഇതുവരെയും ചോദ്യം ചെയ്തിട്ടില്ല. കൂടുതല്‍ പേരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷം മെഹ്നാസിലേക്ക് എത്താനാണ് പൊലീസിന്‍റെ തീരുമാനം. താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
English Summary: Vlogger Rifa Mehnu's postmortem report to submit today