കോവിഡിനു ശേഷം നഷ്ടം കൂടി; ‘ജവാന്റെ’ വില വർധിക്കുന്നത് ഇങ്ങനെ
Mail This Article
തിരുവനന്തപുരം∙ സാധാരണക്കാരുടെ മദ്യം എന്നു വിളിപ്പേരുള്ള ജവാൻ റമ്മിന്റെ വില വർധിപ്പിക്കണമെന്ന് ബവ്റിജസ് കോർപറേഷന്റെ ശുപാർശ. സർക്കാർ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡാണ് ജവാൻ റം നിർമിക്കുന്നത്. 10 ശതമാനം വിലവർധനയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു ലീറ്റർ മദ്യത്തിന് 600 രൂപയാണ് ഇപ്പോഴത്തെ വില.
8000 കേയ്സ് മദ്യമാണ് കമ്പനി ഒരു ദിവസം ഉൽപ്പാദിപ്പിക്കുന്നത്. ഒരു കുപ്പി മദ്യം പുറത്തിറക്കുമ്പോൾ 2.50 രൂപ നഷ്ടമാണെന്നാണ് ബവ്കോ സർക്കാരിനെ അറിയിച്ചിരിക്കുന്നത്. ഒരു കുപ്പി മദ്യത്തിന് 51.11 രൂപയാണ് സർക്കാർ നൽകുന്നത്. ഇത് 60 രൂപയ്ക്കു മുകളിൽ ആക്കണമെന്നാണ് കമ്പനി ആവശ്യപ്പെടുന്നത്. കോവിഡിനു ശേഷമാണ് കമ്പനിയുടെ നഷ്ടം വർധിച്ചത്. സ്പിരിറ്റിനും ഹാര്‍ഡ്‌ബോർഡ് പെട്ടികൾക്കും കുപ്പിക്കും ലേബലിനുമെല്ലാം വില കൂടി. ഗതാഗതത്തിനും കയറ്റിറക്കിനും ചെലവ് വർധിച്ചു.
സ്പിരിറ്റിന്റെ വിലയിലും വലിയ വർധനവാണ് ഉണ്ടായതെന്ന് അധികൃതർ പറയുന്നു. കഴിഞ്ഞ വർഷം ലീറ്ററിനു 57 രൂപ ആയിരുന്നു വിലയെങ്കിൽ ഇപ്പോഴത് 66.90 രൂപയായി. നേരത്തെ കരാറിൽ ഏർപ്പെട്ടതിനാലാണ് ട്രാവൻകൂർ ഷുഗേഴ്സിന് ഈ വിലയ്ക്കു സ്പിരിറ്റ് ലഭിക്കുന്നത്. മറ്റു മദ്യ ഉൽപ്പാദന കമ്പനികൾക്ക് 72 രൂപയ്ക്കു മുകളിലാണ് ഒരു ലീറ്റർ സ്പിരിറ്റ് ലഭിക്കുന്നത്. ഹാര്‍ഡ്‌ബോർഡ് പെട്ടികളുടെ വില 8 രൂപയിൽനിന്ന് 13 രൂപയായി. ലോഡിങ് ചെലവ് 10 ശതമാനവും ഗതാഗത ചെലവ് 20 ശതമാനവും വർധിച്ചതായി കമ്പനി അധികൃതർ പറഞ്ഞു. 1000 ലേബലിന് 90 രൂപയായിരുന്നത് 120 രൂപയായി. കുപ്പിയുടെ വില 4.69 രൂപയെന്നത് 5.17 രൂപയായി.
പുതിയ ഓട്ടോമാറ്റിക് ലൈനുകൾ സ്ഥാപിക്കാൻ തീരുമാനമായെങ്കിലും കെട്ടിടത്തിന്റെ പ്ലാനിന് അംഗീകാരം ലഭിച്ചിട്ടില്ല. ഈയാഴ്ച അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇപ്പാൾ നാല് ഉൽപാദന ലൈനുകളാണ് ഉള്ളത്. ആറ് ലൈനുകൾ കൂടി വരുന്നതോടെ 10,000 കേയ്സ് ഒരു ദിവസം അധികമായി ഉൽപാദിപ്പിക്കാന്‍ കഴിയും.
English Summary: Price Hike Is Recommended For Jawan Rum