'പിണറായി വിജയന് ഭരണം നൽകിയതാണ് അബദ്ധം; കെ.വി.തോമസിനെതിരായ നടപടി ഉചിതം'
Mail This Article
കോഴിക്കോട്∙ തൃക്കാക്കരയിലെ ഇടതു കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തിനെതിരെ കെ.മുരളീധരൻ എംപി. 'പിണറായി വിജയനു രണ്ടാം വട്ടവും ഭരണം കൊടുത്തതാണ് അബദ്ധം. തൃക്കാക്കരയിലെ ജനങ്ങൾ ആദ്യമേ ഇതു തിരിച്ചറിഞ്ഞതാണ്. പക്ഷേ കേരള ജനതയ്ക്ക് അബദ്ധം പറ്റി. കേരളത്തിലെ ജനങ്ങൾക്കു പറ്റിയ അബദ്ധം തൃക്കാക്കരയിൽ ഇത്തവണ ആവർത്തിക്കണമെന്നാണു മുഖ്യമന്ത്രി ആഗ്രഹിക്കുന്നതെങ്കിൽ അതു നടക്കില്ല.
കേരള ജനതയ്ക്ക് ആ അബദ്ധം തിരുത്താനുള്ള ആദ്യ അവസരമാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്.' തൃക്കാക്കരയിലെ ജനങ്ങൾക്കു കഴിഞ്ഞ തവണ പറ്റിയ അബദ്ധം തിരുത്താനുള്ള അവസരമാണിതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തോടെ കോൺഗ്രസ് കൂടുതൽ ജാഗ്രതയിലായെന്നും കെ.മുരളീധരൻ പറഞ്ഞു.
'കെ.വി.തോമസിന് ഇഷ്ടമുള്ള നിലപാടെടുക്കാം. സാങ്കേതികത്വം പറഞ്ഞ് ഇരിക്കാം. പാർട്ടി അദ്ദേഹത്തിന് എല്ലാം നൽകിയിട്ടുണ്ട്. അദ്ദേഹം പാർട്ടി നടപടി ക്ഷണിച്ചുവരുത്തുകയായിരുന്നു. മാഷ് കാരണം ഒരു വോട്ടുപോലും പോവില്ല. ഒരു പാർട്ടിയിലിരുന്നു മറ്റൊരു പാർട്ടിക്കായി പ്രവർത്തിക്കുന്നതു ശരിയല്ല. പാർട്ടി പരമാവധി ക്ഷമിച്ചു. കെ.വി. തോമസിനെതിരായ നടപടി ഉചിതമാണ്.' കൃത്യമായ സമയത്തുതന്നെയാണ് നടപടി എടുത്തതെന്നും മുരളീധരൻ പറഞ്ഞു.
English Summary: K Muraleedharan slams Pinarayi Vijayan's remark at Thrikkakara Convention