ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇ പ്രസിഡന്റ്
Mail This Article
അബുദാബി ∙ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ (61) യുഎഇയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടൂത്തു. ഏഴ് എമിറേറ്റ്സുകളിലെ ഭരണാധിപന്മാർ ചേർന്ന സുപ്രീം കൗൺസിലാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ (73) പിൻഗാമിയായാണ് ഇദ്ദേഹം രാജ്യത്തിന്റെ മൂന്നാമത്തെ പ്രസിഡന്റാകുന്നത്.
2004 നവംബർ മുതൽ അബുദാബി കിരീടാവകാശിയായി സേവനമനുഷ്ഠിച്ച ഷെയ്ഖ് മുഹമ്മദ്, അബുദാബിയുടെ 17–ാമത്തെ ഭരണാധികാരി കൂടിയാകും. പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ഫെഡറൽ സുപ്രീം കൗൺസിൽ ഇന്നു വിളിച്ചുചേർക്കുകയായിരുന്നു. വീണ്ടും തിരഞ്ഞെടുപ്പിനു യോഗ്യത നേടുന്നതിനു മുൻപ് അഞ്ചു വർഷത്തേയ്ക്ക് ഷെയ്ഖ് മുഹമ്മദ് അധികാരം വഹിക്കും. 2005 ജനുവരി മുതൽ യുഎഇ സായുധസേനയുടെ ഉപ സർവസൈന്യാധിപനായും ഷെയ്ഖ് മുഹമ്മദ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തന്ത്രപരമായ ആസൂത്രണം, പരിശീലനം, സംഘാടക മികവ്, പ്രതിരോധ ശേഷി പ്രോത്സാഹിപ്പിക്കൽ എന്നിവയിൽ യുഎഇ സായുധസേനയെ വികസിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിക്കുന്നു. ഷെയ്ഖ് മുഹമ്മദിന്റെ നേതൃത്വത്തിൽ, യുഎഇ സായുധസേന രാജ്യാന്തര സൈനിക സംഘടനകൾ പരക്കെ പ്രശംസിക്കുന്ന പ്രമുഖ പ്രസ്ഥാനമായി ഉയർന്നു.
അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദിന് വികാരനിർഭരമായ ആദരാഞ്ജലികൾ അർപ്പിച്ച് ഇന്നു പുലർച്ചെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹമാധ്യമത്തിൽ ഒരു കവിത പോസ്റ്റ് ചെയ്തിരുന്നു. ഷെയ്ഖ് ഖലീഫയുടെ പിൻഗാമിയായ ഷെയ്ഖ് മുഹമ്മദിന് ആശംസ അറിയിക്കുന്നതാണ് കവിത.
‘ദൈവം മുഹമ്മദ് ബിൻ സായിദിന് ക്ഷമ നൽകട്ടെ, അദ്ദേഹത്തിന്റെ പാത ലഘൂകരിക്കട്ടെ, കാരണം ഷെയ്ഖ് ഖലീഫയുടെ പാരമ്പര്യത്തിന്റെ യഥാർഥ വാഹകനാണ് അദ്ദേഹം’ എന്നാണ് വരികൾ അർഥമാക്കുന്നത്. ഭരണാധികാരിയെ അനുസരിക്കുന്നത് കടമയായതിനാൽ സ്നേഹത്തോടെയും സത്യസന്ധതയോടെയും താൻ അദ്ദേഹത്തോട് കൂറും പിന്തുണയും പ്രതിജ്ഞ ചെയ്യുന്നുവെന്ന് കവിത ഉപസംഹരിക്കുന്നു.
∙ ചരിത്രത്തിന്റെ തനിയാവർത്തനം
ഇന്നു നടന്ന പ്രസിഡന്റ് തിരഞ്ഞെടുക്കലിനു സമാനമായ രീതിയിൽ, 2004 നവംബർ രണ്ടിനാണ് യുഎഇയുടെ പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ വേർപാടിനു ശേഷം ഒരു ദിവസം കഴിഞ്ഞ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രസിഡന്റായി പ്രഖ്യാപിക്കപ്പെട്ടത്. ഷെയ്ഖ് ഖലീഫയുടെ വിയോഗത്തെതുടർന്ന് യുഎഇ 40 ദിവസത്തെ ദുഃഖാചരണം നടത്തിവരികയാണ്. എല്ലാ സ്ഥാപനങ്ങൾക്കും ഇന്നുമുതൽ മൂന്നു ദിവസമാണ് ഔദ്യോഗിക അവധി. 17ന് ഒാഫിസുകൾ തുറന്നു പ്രവർത്തിക്കും.
English Summary: Sheikh Mohamed bin Zayed Al Nahyan elected as UAE president