റിഫ മെഹ്നുവിന്റേത് തൂങ്ങിമരണം; ദുരൂഹതകളില്ല: പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Mail This Article
കോഴിക്കോട്∙ വ്ലോഗറും ആൽബം താരവുമായ റിഫ മെഹ്നുവിന്റേതു തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിൽ കണ്ടെത്തിയ പാട് തൂങ്ങിമരണം സ്ഥിരീകരിക്കുന്നതാണെന്നും മരണത്തിൽ മറ്റു ദുരൂഹതകളില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിനു കൈമാറി. ഇനി ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലങ്ങൾ കൂടി വരാനുണ്ട്.
മാര്‍ച്ച് ഒന്നിനാണ് റിഫ മെഹ്നുവിനെ ദുബായിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടർന്നു മൃതദേഹം സ്വദേശമായ കാക്കൂരിലെത്തിച്ച് കബറടക്കി. പോസ്റ്റ്മോര്‍ട്ടം നടത്താതെയായിരുന്നു ആദ്യം കബറടക്കിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് റിഫയുടെ മാതാപിതാക്കൾ ആരോപിച്ചതിനെ തുടർന്ന് മേയ് ഏഴിനു മൃതദേഹം പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു.
റിഫയുടെ കുടുംബം നൽകിയ പരാതിയിൽ കാസര്‍കോട് സ്വദേശിയും യൂട്യൂബറുമായ ഭർത്താവ് മെഹ്നാസിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. ഇയാളെ പൊലീസിനു ഇതുവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഒളിവിലുള്ള മെഹ്നാസ് ഹൈക്കോടതിയിൽ മൂൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
English Summary: Vlogger Rifa Mehnu's postmortem report