പാലൊളി മിന്നുന്ന പേരാണ് കുടുംബശ്രീ; ആ ഐശ്വര്യനാമത്തിനു പിന്നിലാര്?
Mail This Article
തിരുവനന്തപുരം∙ കുടുംബശ്രീയെ ശ്രദ്ധേയമാക്കുന്ന മുഖ്യ ഘടകങ്ങളിലൊന്നായ ഇമ്പമുള്ള പേരിന്റെ സൃഷ്ടാവ് മുതിർന്നൊരു രാഷ്ട്രീയ നേതാവാണ്. 25 വയസു പൂർത്തിയായ കുടുംബശ്രീക്കു പാലൊളി പോലൊരു പേര് സമ്മാനിച്ചതാരാണ്? ആ നേതാവിന്റെ പേരാണ് പാലോളി മുഹമ്മദ് കുട്ടി. സ്ത്രീകളുടെ ഉന്നമനത്തിനായി പുതിയ പദ്ധതി നടപ്പിലാക്കാൻ ആസൂത്രണ ബോർഡ് അംഗമായിരുന്ന തോമസ് ഐസക് അധ്യക്ഷനായ കമ്മിറ്റിയെയാണ് 1998 ൽ സർക്കാർ ചുമതലപ്പെടുത്തിയത്. കമ്മിറ്റി നൽകിയ റിപ്പോർട്ടിൽ പേര് നിർദേശിച്ചിരുന്നില്ല. സൊസൈറ്റിയെന്നോ സംഘമെന്നോ ഉള്ള പതിവു പേരുകൾ വേണ്ടെന്ന തരത്തിൽ ചർച്ചകൾ മുന്നോട്ടു പോകുന്നതിനിടെ അന്നത്തെ തദ്ദേശമന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടിയാണ് പേര് നിർദേശിച്ചത് – കുടുംബശ്രീ. ‘ശ്രീ’ ചോർന്നു പോകാതെ അന്നത്തെ കുട്ടി പ്രസ്ഥാനമാണ് നിലവിൽ 25 പൂർത്തിയായി പുതുചരിത്രമെഴുതുന്നത്.
‘‘ഞങ്ങളുടെ റിപ്പോർട്ടിൽ പേര് നിർദേശിച്ചിരുന്നില്ല. സ്വയം സഹായസംഘമെന്ന് ഉപയോഗിക്കരുത് അയൽക്കൂട്ടമെന്നു വിളിക്കണമെന്നു മാത്രമാണ് നിർദേശിച്ചത്. പാലോളിയെ കണ്ടപ്പോൾ അദ്ദേഹമാണ് ഈ പേര് നിർദേശിച്ചത്. അദ്ദേഹത്തിൽനിന്നാണ് ആദ്യമായി ഈ പേര് കേൾക്കുന്നത്.’’– മുൻ മന്ത്രി ഡോ.ടി.എം തോമസ് ഐസക് പറയുന്നു. ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾക്കിടയിലാണ് ഈ പേര് മനസിലേക്കു വരുന്നതും നിർദേശിക്കുന്നതുമെന്ന് മുൻ തദ്ദേശമന്ത്രി പാലോളി മുഹമ്മദ് കുട്ടിയും പറയുന്നു.
മന്ത്രിയുടെ ഓഫിസിലേക്കെത്തിയ ഒരു വയസായ സ്ത്രീയുടെ പരാതിയിൽനിന്നാണ് കുടുംബശ്രീ എന്ന പ്രസ്ഥാനം ജനിക്കുന്നത്. വീടുവയ്ക്കാനുള്ള സഹായം ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. അന്വേഷിച്ചപ്പോൾ സത്യമാണെന്നു ബോധ്യപ്പെട്ടു. അർഹമായ സഹായം കിട്ടാത്ത നിരവധി സ്ത്രീകളുടെ പരാതികൾ പിന്നാലെ ഓഫിസിലേക്കെത്തി തുടങ്ങി. സ്ത്രീകൾക്കു മാത്രമായി പദ്ധതി വേണമെന്ന ആശയം ഉണ്ടാകുന്നത് ഇതിലൂടെയാണ്. പദ്ധതി രൂപീകരണത്തിനായി തോമസ് ഐസക് അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തി. ദാരിദ്ര്യ നിർമാർജന മിഷന്‍ എന്ന രൂപത്തിലാണ് 1997–98ലെ സാമ്പത്തിക വർഷത്തെ ബജറ്റിൽ പദ്ധതിയെ ഉൾപ്പെടുത്തിയത്. 1998 മേയ് 17ന് പ്രധാനമന്ത്രി എ.ബി.വാജ്‌പേയ് മലപ്പുറത്ത് കുടുംബശ്രീയുടെ ഉദ്ഘാടനം നിർവഹിച്ചു.
‘‘സമൂഹത്തിൽ വലിയ മാറ്റം വന്നെങ്കിലും സ്ത്രീകൾ പ്രത്യേകിച്ച് സാമ്പത്തിക ശേഷിയില്ലാത്തവർ അടിമകളെപോലെയാണ് ജീവിക്കുന്നത്. പുരുഷമേധാവിത്വത്തിനു കീഴിൽ മിണ്ടാപ്രാണികളെ പോലെയാണവർ. സ്വന്തം കാലിൽ നിൽക്കുമ്പോഴേ അതിനു മാറ്റം ഉണ്ടാകൂ. സ്ത്രീകളെ ശക്തരാക്കാനാണ് കുടുംബശ്രീ ആരംഭിച്ചത്. ആ തീരുമാനം ശരിയാണെന്ന് ഇത്രയും വർഷം കൊണ്ട് തെളിഞ്ഞു.’’–പാലോളി മുഹമ്മദ് കുട്ടി പറയുന്നു.
45.85 ലക്ഷം സ്ത്രീകള്‍ അംഗങ്ങളായിട്ടുള്ള കുടുംബശ്രീ ലോകത്തിലെ തന്നെ ഏറ്റവും വലിയ വനിതാ സംഘടനാ സംവിധാനമാണെന്ന് അധികൃതർ പറയുന്നു. 1955ലെ തിരു കൊച്ചി ചാരിറ്റബിള്‍ സോസൈറ്റി റജിസ്‌ട്രേഷന്‍ ആക്ട് അനുസരിച്ചാണ് പ്രവര്‍ത്തനം. ദാരിദ്ര്യ നിര്‍മാര്‍ജനം ഉറപ്പാക്കാനായി വാര്‍ഡുതലത്തില്‍ സ്ത്രീകൂട്ടായ്മകള്‍ രൂപീകരിക്കുകയായിരുന്നു ആദ്യഘട്ടം. അയല്‍ക്കൂട്ടങ്ങള്‍ എന്ന പേരില്‍ രൂപീകരിച്ച പ്രാദേശിക സ്ത്രീകൂട്ടായ്മകള്‍ വളരെ വേഗം വളര്‍ച്ച കൈവരിച്ചു. ആഴ്ച തോറും അയല്‍ക്കൂട്ട യോഗങ്ങളുണ്ടാകും. ഓരോ വാര്‍ഡിലും പത്തു മുതല്‍ ഇരുപത് വരെ സ്ത്രീകള്‍ അംഗങ്ങളായിട്ടുള്ള അയല്‍ക്കൂട്ടങ്ങളാണ് കുടുംബശ്രീയുടെ അടിസ്ഥാനതലം. ഈ അയല്‍ക്കൂട്ടങ്ങളെ ഉള്‍പ്പെടുത്തി ഏരിയാ ഡെവലപ്‌മെന്റ് സൊസൈറ്റികളും(എഡിഎസ്) എഡിഎസുകള്‍ ചേര്‍ന്ന് കമ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റികളും (സിഡിഎസ്) ഉള്‍പ്പെടുന്ന ത്രിതല സംഘടനാ സംവിധാനമാണ് കുടുംബശ്രീക്കുള്ളത്. നിലവില്‍ മൂന്നു ലക്ഷത്തിലേറെ അയല്‍ക്കൂട്ടങ്ങളുണ്ട്.
സ്ത്രീകളെ സാമ്പത്തികമായി ശക്തിപ്പെടുത്താനാണ് അയല്‍ക്കൂട്ടതലത്തില്‍ സൂക്ഷ്മസമ്പാദ്യ പദ്ധതിക്കു തുടക്കമിട്ടത്. കുടുംബശ്രീ വനിതകളുടെ സമ്പാദ്യശീലം വര്‍ധിപ്പിക്കുന്നതിനും കുടുംബശ്രീ സംവിധാനത്തെയും ബാങ്കുകളെയും ആശ്രയിച്ച് വായ്പാ ലഭ്യത ഉറപ്പു വരുത്തുന്നതിനുമാണ് മൈക്രോ ഫിനാന്‍സ് പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിട്ടത്. ഓരോ അംഗത്തിനും പത്തുരൂപയോ അതിനു മുകളിലോ നിക്ഷേപിക്കാം. അയല്‍ക്കൂട്ട അംഗങ്ങള്‍ക്കു ചെറുകിട സംരംഭം തുടങ്ങാനോ വ്യക്തിപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനോ സമ്പാദ്യത്തിന് ആനുപാതികമായി കുറഞ്ഞ പലിശ നിരക്കില്‍ അയല്‍ക്കൂട്ടത്തില്‍ നിന്നും വായ്പയെടുക്കാം. കുടുംബശ്രീയിലെ സാധാരണക്കാരായ സ്ത്രീകളുടേതായി സംസ്ഥാനത്തെ വിവിധ ബാങ്കുകളിലുള്ള 5586.68 കോടി രൂപയുടെ നിക്ഷേപം കുടുംബശ്രീയുടെ സൂക്ഷ്മസമ്പാദ്യ പദ്ധതിയുടെ നാളിതുവരെയുള്ള വളര്‍ച്ചയുടെ ഏറ്റവും വലിയ തെളിവാണ്. അയല്‍ക്കൂട്ട അംഗങ്ങള്‍ക്കു മിതമായ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നതിനായി അര്‍ഹമായ എല്ലാ അയല്‍ക്കൂട്ടങ്ങളെയും ബാങ്കുമായി ബന്ധിപ്പിച്ചു കൊണ്ട് ഈടില്ലാതെ വായ്പ ലഭ്യമാക്കുന്ന ബാങ്ക് ലിങ്കേജ് പദ്ധതിയും കുടുംബശ്രീ നടപ്പിലാക്കുന്നുണ്ട്.
തുടക്കകാലത്ത് വിവിധ തരം അച്ചാറുകള്‍, ധാന്യപ്പൊടികള്‍, കറി പൗഡറുകള്‍ എന്നിവ തയ്യാറാക്കി വില്‍ക്കുന്ന പ്രവർത്തനങ്ങളാണ് യൂണിറ്റുകൾ നടത്തിയിരുന്നത്. നിലവിൽ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, ഡ്രൈവിംഗ് സ്‌കൂള്‍, മാര്യേജ് ബ്യൂറോ, ഹൗസ് കീപ്പിങ്, കാറ്ററിങ്, കെട്ടിട നിർമാണം തുടങ്ങിയ നിരവധി സംരംഭങ്ങൾ കുടുംബശ്രീ വനിതകള്‍ നടത്തുന്നു. ആരോഗ്യമേഖലയില്‍ 'സാന്ത്വനം', വയോജനപരിചരണ രംഗത്ത് 'ഹര്‍ഷം' ജെറിയാട്രിക് കെയര്‍ പദ്ധതികളുമുണ്ട്.
English Summary: How Kudumbashree Mission got its name.