ADVERTISEMENT

മുംബൈ ∙ മകൾ ഷീന ബോറയെ വധിച്ച കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ഐഎൻഎക്സ് മീഡിയ കമ്പനി മുൻ മേധാവി ഇന്ദ്രാണി മുഖർജിക്ക് (50) സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ദീർഘകാലമായി പ്രതി ജയിലിലാണെന്നും അതിനാൽ തന്നെ നിയമപരമായി ജാമ്യത്തിന് അർഹതയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസിന്റെ വിചാരണ ഉടനെയൊന്നും പൂർത്തിയാകില്ലെന്നും സാക്ഷികളിൽ പകുതി പേരുടെ മൊഴികൾ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 

ആദ്യ വിവാഹത്തിലെ മകൾ ഷീനയെ (25) 2012ൽ ശ്വാസംമുട്ടിച്ചു കൊന്നെന്ന കേസിൽ പിടിയിലായ ഇന്ദ്രാണി 2015 മുതൽ വിചാരണത്തടവിലായിരുന്നു. ഷീനയെ ഇന്ദ്രാണി കൊലപ്പെടുത്തി കത്തിച്ചെന്നാണു കേസ്. ഇന്ദ്രാണിയുടെ മുൻ ഭർത്താക്കൻമാരായ സഞ്ജീവ് ഖന്നയും പീറ്റർ മുഖർജിയും കേസിൽ പ്രതികളാണ്.

ഷീന സഹോദരിയാണെന്നാണ് ഇന്ദ്രാണി പുറത്തു പറഞ്ഞിരുന്നത്. പീറ്ററിന്റെ ആദ്യവിവാഹത്തിലെ മകൻ രാഹുലുമായുള്ള ഷീനയുടെ പ്രണയമാണു കൊലയ്ക്കു പ്രേരിപ്പിച്ചതെന്നാണ് നിഗമനം. സ്വത്ത് തന്നില്ലെങ്കിൽ ഇന്ദ്രാണിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുമെന്നു ഷീന ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു. 2012ൽ ഷീന യുഎസിലേക്കു പോയെന്നാണു കൊലയ്ക്കുശേഷം ഇന്ദ്രാണി എല്ലാവരോടും പറഞ്ഞത്. മൂന്നു വർഷത്തിനുശേഷം ഇന്ദ്രാണിയുടെ ഡ്രൈവർ ശ്യാംവർ റായി മറ്റൊരു കേസിൽ അറസ്റ്റിലായതോടെയാണ് കൊലയുടെ ചുരുളഴിഞ്ഞത്. താനോടിച്ച കാറിൽ വച്ചാണു ഷീനയെ കൊന്നതെന്നു മൊഴി നൽകിയ റായി കേസിൽ മാപ്പുസാക്ഷിയായി. അഞ്ച് വർഷത്തെ വിചാരണത്തടവിനു ശേഷം കഴിഞ്ഞ വർഷം പീറ്ററിനു ജാമ്യം ലഭിച്ചിരുന്നു.

മകൾ ജീവിച്ചിരിപ്പുണ്ടെന്ന് അവകാശപ്പെട്ട് സിബിഐ ഡയറക്ടർക്കു ജയിലിൽവച്ച് ഇന്ദ്രാണി മുഖർജി കത്തയച്ചിരുന്നു. കശ്മീരിൽ ഷീനയെ കണ്ടതായി സഹതടവുകാരി പറഞ്ഞതായാണു കത്തിൽ. ഇന്ദ്രാണി മുഖർജിയുടെ അവകാശവാദം സിബിഐ തള്ളിയിരുന്നു. ഷീന 'യഥാർഥത്തിൽ മരിച്ചു' എന്നു സ്ഥിരീകരിക്കാൻ മതിയായ തെളിവുകൾ ഉണ്ടെന്നു സിബിഐ പ്രത്യേക കോടതിയെ അറിയിച്ചു. അസ്ഥികൂടത്തിന്റെ ഡിഎൻഎ ഇന്ദ്രാണിയുടെയും ഷീനയുടെയും സാംപിളുമായി പൊരുത്തപ്പെടുന്നതാണു മുഖ്യതെളിവെന്നും സിബിഐ കോടതിയിൽ പറഞ്ഞു.

English Summary: Indrani Mukerjea gets bail in Sheena Bora murder case after 6.5 years of custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com