ADVERTISEMENT

മുംബൈ∙ മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മുൻ മീഡിയ എക്‌സിക്യൂട്ടീവ് ഇന്ദ്രാണി മുഖർജിയ്ക്ക്, രേഖകൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ഇന്നു ജയിലിൽ നിന്നു പുറത്തിറങ്ങാനായില്ല. കോടതി ഉത്തരവിട്ട 2 ലക്ഷം രൂപയ്ക്കുള്ള ക്യാഷ് ബോണ്ട് ഫയൽ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം നാളെ പുറത്തിറങ്ങിയേക്കും.

കേസിൽ 200 സാക്ഷികളെ കൂടി വിസ്തരിക്കാനിരിക്കുന്നതിനാൽ വിചാരണ നീണ്ടുപോകുമെന്നു ചൂണ്ടിക്കാട്ടി ബുധനാഴ്ച ഇന്ദ്രാണി മുഖർജിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. ആറര വർഷത്തെ ജയിൽവാസം ദീർഘനാളാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.

ഇന്ദ്രാണിയുടെ ആദ്യബന്ധത്തിലെ മകളാണ് ഷീന (24). രണ്ടാം ഭർത്താവായിരുന്ന സഞ്ജയ് ഖന്ന, ഡ്രൈവർ ശ്യാംവർ റായ് എന്നിവർക്കൊപ്പം ചേർന്ന് 2012 ഏപ്രിലിൽ ഷീനയെ ശ്വാസം മുട്ടിച്ചുകൊന്നുവെന്നാണ് കേസ്. 2015 ഓഗസ്റ്റിൽ മുംബൈയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള റായ്ഗഡിനടുത്തുള്ള വനത്തിൽ നിന്ന് ഷീന ബോറയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.

ഷീന ബോറ ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു ഇന്ദ്രാണി മുഖർജിയുടെ വാദം. 2015 ഓഗസ്റ്റിൽ ഇന്ദ്രാണി മുഖർജി അറസ്റ്റിലായി. വധഗൂഢാലോചനയിൽ പങ്കുണ്ടെന്ന കേസിൽ അറസ്റ്റിലായ ഇന്ദ്രാണി മുഖർജിയുടെ ഭർത്താവും സ്റ്റാർ ഇന്ത്യ മുൻ സിഇഒയുമായ പീറ്റർ മുഖർജി 2020ൽ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.

English Summary: Paperwork Incomplete, Indrani Mukherjee Not Released Despite Bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com