ADVERTISEMENT

തെലങ്കാനയിൽ 2019 നവംബറിൽ ഇരുചക്ര വാഹനം കേടായതിനെത്തുടർന്ന് രാത്രി വഴിയിൽ ഒറ്റപ്പെട്ടു പോയ വനിതാ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ആദ്യം രംഗത്തു വന്നത് കൊല്ലപ്പെട്ട വെറ്ററിനറി ഡോക്ടറുടെ കുടുംബം തന്നെയായിരുന്നു. സ്റ്റേഷനുകൾ തോറും കയറിയിറങ്ങിയിട്ടും പൊലീസ് സഹായിക്കാൻ തയാറായില്ലെന്നും സ്റ്റേഷൻ പരിധിയിലല്ല കൃത്യം നടന്നതെന്നറിയിച്ച് മറ്റു സ്റ്റേഷനുകളിലേക്കു പറഞ്ഞയക്കുകയായിരുന്നുവെന്നും കണ്ണീരോടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിൽ ലോറിത്തൊഴിലാളികളായ ജൊല്ലു ശിവ, മുഹമ്മദ് (ആരിഫ്), ജൊല്ലു നവീൻ, ചന്നകേശവലു എന്നിവർ അറസ്റ്റിലായി. സൈബരാബാദ് മെട്രോപൊലീറ്റന്‍ പൊലീസ് കമ്മിഷണറായിരുന്ന വി.സി. സജ്ജനാറിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല. ഡോക്ടറെ കൃത്യമായി ആസൂത്രണം ചെയ്തു പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊന്നതാണെന്നു സജ്ജനാര്‍ മാധ്യമങ്ങളോട് പറയുകയും ചെയ്തു. 2008 ഡിസംബറിൽ വാറങ്കൽ എസ്പിയായിരിക്കെ 2 എൻജിനീയറിങ് വിദ്യാർഥിനികൾക്കുനേരെ ആസിഡ് ആക്രമണം നടത്തിയ  3 യുവാക്കളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ ചരിത്രമുള്ള സജ്ജനാര്‍  ഒരിക്കൽ കൂടി ചരിത്രം ആവർത്തിച്ചതായും മാധ്യമറിപ്പോർട്ടുകളുണ്ടായി.

∙ ‘വാറങ്കൽ മോഡലി’നായി മുറവിളി

2019 ഡിസംബർ ആറിന് പുലർച്ചെ 3.30നാണ് വെറ്ററിനറി ഡോക്ടറുടെ പീഡന – കൊലപാതക കേസിലെ പ്രതികളെല്ലാം പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന വാർത്ത രാജ്യം കേട്ടത്. ഹൈദരാബാദില്‍ ഇരുപത്തിയേഴുകാരിയായ ഡോക്ടര്‍ ക്രൂരമായി കൊല്ലപ്പെട്ടതിനു പിന്നാലെ, വാറങ്കല്‍ മോഡല്‍ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരണം നടന്നിരുന്നു. പ്രതികൾ കൊല്ലപ്പെട്ട വാർത്ത പുറത്തു വന്നതോടെ ജനം പൂക്കളും മധുരവും നൽകി സജ്ജനാരെ താരമാക്കി. മുഖ്യപ്രതിക്ക് പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ നാലു തവണ വെടിയേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് പുറത്തു വന്നപ്പോൾത്തന്നെ പ്രതികളെ ആസൂത്രിതമായി കൊലപ്പെടുത്തുകയാണെന്ന ആരോപണം ഉയർന്നതാണ്. പക്ഷേ, പൊലീസും സർക്കാരും സമർഥമായി പ്രതിരോധിച്ചു. 

1248-hyderabad-encounter

ഇതിനിടെയായിരുന്നു കോടതിയുടെ ഇടപെടൽ. വിവിധ സംഘടനകളും വ്യക്തികളും അയച്ച കത്തുകൾ പൊതുതാൽപര്യ ഹർജിയായി ഹൈക്കോടതി പരിഗണിക്കുകയായിരുന്നു. അതിനിടെ  പൊലീസിനെതിരെ കൊലക്കുറ്റത്തിനു കേസ് റജിസ്റ്റർ ചെയ്യാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയിൽ മൂന്നു ഹർജികൾ കൂടി ഫയൽ ചെയ്യപ്പെട്ടു. സംഭവത്തിൽ വീഴ്ചകൾ ഓരോന്നായി പുറത്തുവരാൻ തുടങ്ങിയതോടെ പൊലീസ് പ്രതിരോധത്തിലായി. ഹൈദരാബാദ് ബലാത്സംഗക്കേസ് പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതില്‍ സത്യമറിയണമെന്നും വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് 2019 ഡിസംബറിൽ സുപ്രീം കോടതി ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. സുപ്രീം കോടതിയിലെ മുൻ ജസ്റ്റിസ് വി.എസ്.സിർപുർകറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി പ്രതികളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്നു കണ്ടെത്തിയതോടെ, അതുവരെ നായകനായിരുന്ന സജ്ജനാർ വില്ലനായി.

∙ വാർത്തകളിൽ മുൻപും സജ്ജനാർ

2008 ഡിസംബറില്‍ ആന്ധ്രയിലെ വാറങ്കലില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ച സംഭവത്തിലെ പ്രതികളെന്നു കരുതുന്ന മൂന്നു യുവാക്കളെ പൊലീസ് വെടിവച്ചു കൊന്നതോടെയാണ് സജ്ജനാർ വാർത്തകളിൽ ഇടം നേടിയത്. ആസിഡ് ശരീരത്തില്‍ വീണ ഒരു പെണ്‍കുട്ടി മരിച്ചു.സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീനിവാസ്, സഞ്ജയ്, ഹരികൃഷ്ണ എന്നീ യുവാക്കള്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത് ഏറെ വിവാദമായിരുന്നു. സജ്ജനാര്‍ക്കായി കയ്യടിച്ചതിനൊപ്പം ഒരു വിഭാഗം ആളുകൾ പ്രതിഷേധം ഉയർത്തുകയും ചെയ്തു.

1248-telangana-police-encounter

സൗപര്‍ണിക എന്ന പെണ്‍കുട്ടിയോട് പ്രധാന പ്രതിയെന്നു കരുതുന്ന സഞ്ജയ് നടത്തിയ പ്രേമാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് ഈ കുട്ടിയുടെയും കൂട്ടുകാരിയുടെയും ശരീരത്തില്‍ ആസിഡ് ഒഴിക്കുകയായിരുന്നു. പ്രണയം നിരസിച്ചതു കൊണ്ടാണ് ആസിഡ് ഒഴിച്ചത് എന്ന് പ്രതികള്‍ സമ്മതിച്ചിരുന്നു. പ്രതികള്‍ സഞ്ചരിച്ച ബൈക്ക് കസ്റ്റഡിയില്‍ എടുക്കാന്‍ മൂവുനൂരില്‍ എത്തിയപ്പോള്‍, പൊലീസിനെതിരെ ഇവര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് വെടിവയ്ക്കുകയായിരുന്നുവെന്നാണ് സജ്ജനാറിന്റെ വിശദീകരണം. അന്നു വാറങ്കലില്‍ ഹീറോ ആയിരുന്നു സജ്ജനാര്‍. നൂറുകണക്കിനു വിദ്യാര്‍ഥികളാണ് ഇദ്ദേഹത്തെ കാണാനായി ഓഫിസില്‍ എത്തിയിരുന്നത്. വിവിധയിടങ്ങളില്‍ സജ്ജനാറിനെ മാലയിട്ടു വിദ്യാര്‍ഥികള്‍ സ്വീകരിച്ചു. 

‌∙ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ: ആന്ധ്ര നാൾവഴി

1. 2015 ഏപ്രിലിൽ തെലങ്കാനയിലെ നൽഗോണ്ട ജില്ലയിൽ കൊല്ലപ്പെട്ടതു തെഹ്രീക് ഗൽബേ ഇസ്ലാം അംഗം വിഖറുദ്ദീൻ അഹമ്മദും മറ്റു 4 പേരും. വാറങ്കൽ സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരായിരുന്നു ഇവർ. ഹൈദരാബാദിലെ കോടതിയിലേക്കു കൊണ്ടുപോകുമ്പോൾ പൊലീസിന്റെ ആയുധങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചപ്പോഴാണ് ഏറ്റുമുട്ടലെന്ന് ഔദ്യോഗിക ഭാഷ്യം.

2. 2015 ൽതന്നെ തെലങ്കാന – ഛത്തീസ്ഗഡ് അതിർത്തിയിൽ 3 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. വ്യാജ ഏറ്റുമുട്ടലാണെന്നു മരിച്ചവരുടെ കുടുംബം ആരോപിച്ചു.

3. 2015 സെപ്റ്റംബറിൽ മാവോയിസ്റ്റുകളായ ശ്രുതി (മഹിത– 23), വിദ്യാസാഗർ റെഡ്ഡി (സാഗർ – 32) എന്നിവർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വ്യാജ ഏറ്റുമുട്ടലെന്ന്, മനുഷ്യാവകാശ പ്രവർത്തകനും കവിയുമായ വരവരറാവുവിന്റെ ആരോപണം.

1248-telangana-encounter
2019 ഡിസംബർ ആറിന് വെറ്ററിനറി ഡോക്ടറുടെ പീഡന – കൊലപാതക കേസിലെ പ്രതികളെ കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ജനം പൂക്കളെറിഞ്ഞ് സ്വീകരിക്കുന്നു (ഫയൽ ചിത്രം)

4. 2017 ഡിസംബറിൽ ഭദ്രാദ്രി കൊത്തഗുഡം ജില്ലയിൽ മാവോയിസ്റ്റുകളെന്ന് ആരോപിക്കപ്പെട്ട 8 പട്ടികവർഗക്കാർ കൊല്ലപ്പെട്ടു. വെടിവച്ചപ്പോൾ തിരിച്ചടിച്ചതെന്നു പൊലീസ്; നിഷേധിച്ച് കുടുംബങ്ങൾ.

5. 2019 ജൂലൈയിൽ സിപിഐ (എംഎൽ) ന്യൂ ഡമോക്രസി പ്രതിരോധ വിഭാഗം ഏരിയ കോ ഓർഡിനേറ്റർ എന്നു പൊലീസ് പറയുന്ന ലിംഗണ്ണ കൊല്ലപ്പെട്ടു. വ്യാജ ഏറ്റുമുട്ടലെന്ന് ആരോപണം.

English Summary: Hyderabad 'killing by police': IPS officer Sajjanar led similar police action in 2008 in Warangal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com