ഹാർദിക് പട്ടേൽ ബിജെപിയിലേക്കു തന്നെ; ജൂൺ രണ്ടിന് അംഗത്വമെടുക്കും
Mail This Article
ന്യൂഡൽഹി ∙ അഭ്യൂഹങ്ങൾ ശരിവച്ച് ഗുജറാത്തിൽ നിന്നുള്ള യുവ നേതാവ് ഹാർദിക് പട്ടേൽ ബിജെപിയിൽ ചേരും. ഇക്കാര്യം ഹാർദിക് പട്ടേൽ സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്തു. ഗുജറാത്തിൽ ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് ഹാർദിക് പട്ടേൽ ബിജെപി പാളയത്തിലേക്ക് എത്തുന്നത്. ജൂൺ രണ്ടിന് പട്ടേൽ ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. ഗുജറാത്തിൽ പിസിസി വർക്കിങ് പ്രസിഡന്റായിരിക്കെയാണ് കഴിഞ്ഞ ദിവസം ഹാർദിക് പട്ടേൽ കോൺഗ്രസിൽനിന്ന് രാജിവച്ചത്.
പാർട്ടിയിൽ ചേരാൻ ആം ആദ്മി സംസ്ഥാന നേതൃത്വം ഹാർദിക്കിനെ ക്ഷണിച്ചിരുന്നെങ്കിലും ബിജെപിയിൽ ചേരാനാണ് യുവ നേതാവിന്റെ തീരുമാനം. പട്ടേൽ സമുദായ പ്രക്ഷോഭത്തിലൂടെ സംസ്ഥാന രാഷ്ട്രീയത്തിൽ ഉദിച്ചുയർന്ന ഹാർദിക്, 2019 ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപാണു കോൺഗ്രസിൽ ചേർന്നത്. സംവരണ പ്രക്ഷോഭ കേസിൽ 2 വർഷം തടവിനു ശിക്ഷിക്കപ്പെട്ടതു കാരണം ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിച്ചില്ല. കീഴ്ക്കോടതി നൽകിയ തടവുശിക്ഷ അടുത്തിടെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. അതിനാൽ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന പ്രതീക്ഷയിലാണ്.
പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു രാജിവയ്ക്കുകയാണെന്നറിയിച്ച് സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ ഹാർദിക് കോൺഗ്രസിനെ രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. പിന്നീടും കോണ്‍ഗ്രസിനെതിരെ കടുത്ത വിമർശനവുമായി പട്ടേൽ രംഗത്തെത്തി. ഇതിനിടെയാണ് ബിജെപിയിൽ ചേരുന്നതായി അദ്ദേഹം സ്ഥിരീകരിച്ചത്.
English Summary: Former Congress Leader Hardik Patel to Join BJP on June 2