‘യുഎൻ ഏജൻസിയുടെ രേഖകൾ ഇറാൻ മോഷ്ടിച്ചു; ലക്ഷ്യം ആണവപദ്ധതി മറയ്ക്കൽ’
Mail This Article
ജറുസലം∙ ഐക്യരാഷ്ട സംഘടനയുടെ (യുഎൻ) കീഴിലുള്ള ആണവ നിരീക്ഷണ ഏജൻസിയായ ഐഎഇഎയുടെ ആഭ്യന്തര റിപ്പോർട്ടുകൾ ഇറാൻ മോഷ്ടിച്ചെന്ന ആരോപണവുമായി ഇസ്രയേൽ പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റ്. ആണവ പദ്ധതിയുടെ വിവരങ്ങൾ പുറത്തറിയാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾക്കായാണു മോഷണം നടത്തിയതെന്നാണു ബെന്നറ്റിന്റെ ആരോപണം. ഇറാൻ ആണവായുധം വികസിപ്പിക്കുന്നുണ്ടെന്നും അതു ഭീഷണിയാണെന്നുമാണ് ഇസ്രയേൽ കരുതുന്നത്.
ആരോപണത്തോടു ടെഹ്റാനോ രാജ്യാന്തര ആണവോർജ ഏജൻസിയോ (ഐഎഇഎ) പ്രതികരിച്ചില്ലെന്നു വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ‘ക്ലാസിഫൈ ചെയ്ത രേഖകൾ ഇറാൻ മോഷ്ടിച്ചു. ആണവ പദ്ധതികളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ഇല്ലാതാക്കാനാണ് ഈ വിവരങ്ങൾ ഉപയോഗിച്ചത്’– സമൂഹമാധ്യമ കുറിപ്പിൽ ബെന്നറ്റ് പറഞ്ഞു. മോഷ്ടിക്കപ്പെട്ടതെന്നു കരുതുന്ന, ഇംഗ്ലിഷിലേക്കു മൊഴിമാറ്റിയ ചില രേഖകളും അദ്ദേഹം പങ്കുവച്ചു.
സമാധാനപരമായാണ് ആണവപദ്ധതികളെന്നാണ് ഇറാന്റെ അവകാശവാദം. എന്നാൽ, ഇറാന് ആണവായുധ പദ്ധതികളുണ്ടെന്നാണ് ഇസ്രയേലും യുഎസും ഉൾപ്പെടെയുള്ളവർ ആരോപിക്കുന്നത്. ഇറാന്റെ നീക്കങ്ങൾ ഒരു പതിറ്റാണ്ടിലേറെ നിരീക്ഷിച്ച ഐഎഇഎ, വെളിപ്പെടുത്താത്ത മൂന്നു സ്ഥലങ്ങളിലെ യുറേനിയം നിക്ഷേപത്തെക്കുറിച്ചു കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കാൻ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണു ഗുരുതര ആരോപണവുമായി ഇസ്രയേൽ പ്രധാനമന്ത്രിതന്നെ രംഗത്തെത്തിയത്.
English Summary: Israel says Iran used stolen U.N. watchdog documents to evade nuclear probes