‘പ്രതിക്ക് ലീഗുമായി ബന്ധമില്ല; ചാനലിൽ ഫോട്ടോ കാണിച്ചപ്പോഴാണ് ആദ്യമായി കാണുന്നത്’
Mail This Article
മലപ്പുറം∙ വ്യാജ വിഡിയോ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിക്കു മുസ്‌ലിം ലീഗുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി ലീഗ് നേതൃത്വം. പിടിയിലായ അബ്ദുൽ ലത്തീഫിനു ലീഗുമായോ പോഷക സംഘടനകളുമായോ ബന്ധമില്ലെന്നും ചാനലിൽ ഫോട്ടോ കാണിച്ചപ്പോഴാണ് ആദ്യമായി കാണുന്നതെന്നും ലീഗ് കോട്ടയ്ക്കൽ മുനിസിപ്പൽ ജനറൽ സെക്രട്ടറി സാജിദ് മാങ്ങാട്ടിൽ പറഞ്ഞു.
പിടിയിലായ അബ്ദുള്‍ ലത്തീഫിന് ലീഗിന്‍റെ പ്രാഥമികാംഗത്വം പോലുമില്ലെന്ന് കെ.പി.എ.മജീദ് എംഎൽഎ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെ ലീഗിനെ പ്രതിയുമായി ബന്ധപ്പെടുത്താനുള്ള ശ്രമം വിലപ്പോവില്ലെന്നും കെ.പി.എ.മജീദ് പറഞ്ഞു. ലത്തീഫിനു ലീഗുമായി ബന്ധമില്ലെന്നു ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയും വ്യക്തമാക്കി.
തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന്റേതെന്ന പേരിൽ വ്യാജ വിഡിയോ ട്വിറ്ററിൽ അപ്‍ലോഡ് ചെയ്ത മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി അബ്ദുല്‍ ലത്തീഫിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരില്‍നിന്നാണ് ഇയാളെ തൃക്കാക്കര പൊലീസ് പിടികൂടിയത്. ഇയാൾക്കു മുസ്‌ലിം ലീഗ് ബന്ധമുണ്ടെന്ന് പെലീസ് വ്യക്തമാക്കിയിരുന്നു.
English Summary: Muslim League Denies Party Connection of Fake Video Case Culprit