ഗൺമാൻ ലീവിൽ; ലഖിംപുർഖേരി സംഭവത്തിലെ സാക്ഷിക്കുനേരെ വധശ്രമം
Mail This Article
ലഖിംപുർ∙ ലഖിംപുരിൽ വാഹനം ഓടിച്ചുകയറ്റി കർഷകരെ കൊന്ന സംഭവത്തിൽ സാക്ഷിക്കുനേരെ വധശ്രമം. ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് ദിൽബാഗ് സിങ്ങിനുനേരെയാണ് വധശ്രമം ഉണ്ടായത്. കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിനു ലഖിംപുർ ഖേരിയിൽ കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകൻ ആശിഷ് മിശ്ര എസ്‌യുവി ഓടിച്ചു കയറ്റി നാലു കർഷകരും ഒരു മാധ്യമപ്രവർത്തകനും മരിച്ച സംഭവത്തിന്റെ പ്രധാന സാക്ഷികളിൽ ഒരാളാണ് ദിൽബാഗ് സിങ്.
രാത്രി ഒൻപതരയ്ക്ക് സ്വന്തം എസ്‌യുവിയിൽ വീട്ടിലേക്കു വരുമ്പോൾ അലിഗഞ്ചിൽ വച്ചായിരുന്നു ആക്രമണം. ബൈക്കിലെത്തിയ രണ്ടുപേർ ദിൽബാഗിന്റെ എസ്‌യുവിക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ദിൽബാഗ് ഒറ്റയ്ക്കായിരുന്നു വാഹനത്തിൽ. ഇദ്ദേഹം പരുക്കേൽക്കാതെ രക്ഷപ്പെട്ടു. സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിരുന്ന പൊലീസുകാരൻ ലീവ് എടുത്ത ദിവസമാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
അക്രമികൾ ആദ്യം എസ്‌യുവിയുടെ ടയറിനുനേർക്കാണ് വെടിവച്ചത്. പിന്നീട് വാഹനത്തിന്റെ ഡോറും വിൻഡോയും തുറക്കാൻ ആവശ്യപ്പെട്ടെന്ന് ദിൽബാഗ് പറയുന്നു. വാഹനം തുറക്കാനും ശ്രമം നടത്തി. അതു പരാജയപ്പെട്ടപ്പോഴാണ് ഡ്രൈവറുടെ വശത്ത് രണ്ടു തവണ വെടിയുതിർത്തത്. സീറ്റ് മടക്കി നിലത്തു കിടന്നതുകൊണ്ടാണ് വെടിയേൽക്കാതെ ദിൽബാഗ് രക്ഷപ്പെട്ടത്. വാഹനത്തിന്റെ വിൻഡോകൾ കറുപ്പിച്ചിരുന്നതിനാൽ അക്രമികൾക്ക് ദിൽബാഗിനെ കാണാൻ സാധിച്ചില്ല.
ഗൺമാന്റെ മകന് അസുഖമായതിനാലാണ് അദ്ദേഹം ലീവ് എടുത്തതെന്ന് ദിൽബാഗ് പറയുന്നു. ദിൽബാഗിന്റെ പരാതിയിൽ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്നു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അരുൺകുമാർ സിങ് അറിയിച്ചു. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. ഗൺമാന് ലീവ് അനുവദിക്കുന്നതിനു മുൻപ് പൊലീസിനെ വിവരം അറിയിക്കണമായിരുന്നുവെന്ന് അരുൺകുമാർ സിങ് വ്യക്തമാക്കി.
ലഖിംപുരിലെ ശക്തനായ നേതാവായ അജയ് മിശ്രയുടെ മകന്‍ ഉൾപ്പെട്ട കേസായതിനാൽ സാക്ഷികൾക്ക് സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി യുപി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
English Summary: UP Farmers' Killing Witness Shot At, Security Guard Was On Leave