'മോദിയുടെ കീഴിൽ ചെറിയ സൈനികനായി പ്രവർത്തിക്കും'; ഹാർദിക് ഇനി ബിജെപി അംഗം
Mail This Article
ഗാന്ധിനഗർ ∙ കോൺഗ്രസിൽ നിന്ന് രാജിവച്ച യുവനേതാവ് ഹാർദിക് പട്ടേൽ ബിജെപിയിൽ ചേർന്നു. ബിജെപിയിൽ ചേർന്ന വിവരം വ്യാഴാഴ്‌ച ട്വീറ്റ് ചെയ്താണ് ഹാർദിക് സ്ഥിരീകരിച്ചത്. 'ഒരു പുതിയ അധ്യായം തുറക്കാൻ പോവുകയാണ്. ദേശീയ താൽപ്പര്യം, പ്രാദേശിക താൽപ്പര്യം, സാമൂഹിക താൽപ്പര്യം എന്നിവ മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ചെറിയ ഒരു സൈനികനായി ഞാൻ പ്രവർത്തിക്കും'-ഹാർദിക് വ്യക്തമാക്കി. ഒരു പൂജയിൽ ഹാർദിക് പങ്കെടുക്കുന്ന ദൃശ്യങ്ങൾ ദേശീയ വാർത്താ ഏജൻസി ട്വീറ്റ് ചെയ്‌തു.
പട്ടീദാർ സമുദായത്തിന്റെ സംവരണത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്താണ് ഹാർദിക് രാഷ്ട്രീയ രംഗത്തെത്തിയത്. 2019ലാണ് കോൺഗ്രസിൽ അംഗമായത്. കഴിഞ്ഞ മാസമാണ് രാജി വച്ചത്. സോണിയ ഗാന്ധിക്കയച്ച കത്തിൽ രാഹുൽ ഗാന്ധിയെ വിമർശിച്ച ഹാർദിക് 'ഉന്നത നേതാക്കൾ' മൊബൈലിൽ മുഴുകിയിരിക്കുകയാണെന്നു കുറ്റപ്പെടുത്തി. രാജി വച്ച ശേഷം ബിജെപിയിൽ ചേരുന്നതായുള്ള വാർത്ത ഹാർദിക് നിഷേധിച്ചിരുന്നു. എന്നാൽ ബിജെപി നേതാക്കൾ രണ്ടു മാസത്തോളമായി ഹാർദിക്കുമായി ചർച്ചകൾ നടത്തിയിരുന്നതായാണ് വിവരം.
ഇതിനു മുൻപ് സർദാർ പട്ടേൽ അനുസ്മരണ ചടങ്ങിൽ ബിജെപി, ആർഎസ്എസ് നേതൃത്വത്തെ കടന്നാക്രമിച്ചുകൊണ്ട് ഹാർദിക് രംഗത്തെത്തിയിരുന്നു. ബിജെപിയുടെയും ആർഎസ്എസിന്റെയും വൃത്തികെട്ട രാഷ്ട്രീയം തുറന്നുകാട്ടുമെന്ന് ഹാർദിക് ട്വീറ്റ് ചെയ്‌തിരുന്നു.
English Summary: "A Small Soldier": Hardik Patel's Tweet Makes BJP Entry Official