കേരളത്തിൽ പ്രവേശിച്ച കാലവർഷക്കാറ്റിനെ ‘കാണാനില്ല’; വഴിതിരിച്ചു വിട്ടതെന്ത്?
Mail This Article
പാലക്കാട് ∙ നിരീക്ഷണങ്ങൾക്കും പ്രതീക്ഷകൾക്കും വിപരീതമായി കാലവർഷക്കാറ്റ് ദുർബലമായ അവസ്ഥയാണ് കേരളത്തിൽ. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനങ്ങൾ പ്രകാരം കാലവർഷം മേയ് 31 ന് തന്നെ കേരളത്തിലേക്കു പ്രവേശിച്ചിരുന്നു. അത് ഏതാണ്ടു കൊച്ചിയുടെ അന്തരീക്ഷത്തിലെത്തിയെങ്കിലും പിന്നീട് ബംഗാൾ ഉൾക്കടലിലേക്കു വലിഞ്ഞതായാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ നിഗമനം. അറബിക്കടലിൽ ഏതാണ്ടു കൊച്ചിമേഖല വരെ എത്തിയെന്നു കാലാവസ്ഥ ശാസ്ത്രജ്ഞർ നിരീക്ഷിച്ച കാലവർഷക്കാറ്റിനെ വലിച്ചു വഴിതിരിച്ചുവിട്ട പ്രതിഭാസം ഏതായിരിക്കും?
∙ ദിശമാറുന്ന കാർമേഘങ്ങൾ
ശ്രീലങ്കൻ തീരത്താടു ചേർന്നാണ് കാലവർഷം ബംഗാൾ ഉൾക്കടലിലേക്കു വലിഞ്ഞ പ്രതിഭാസം സംഭവിച്ചതെന്നാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്. സാധാരണ വടക്കുകിഴക്കൻ ദിശയിലാണ് ഇത്തരം സമ്മർദങ്ങൾ രൂപം കൊള്ളുകയെങ്കിലും ഇത്തവണ അത് കിഴക്കുമാത്രം കേന്ദ്രീകരിച്ചതിനു പിന്നിൽ കടലിന്റെ ചൂടും മറ്റേതെങ്കിലും ഭാഗത്തുളള ചുഴലിക്കൊടുങ്കാറ്റിന്റെ സ്വാധീനവുമാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി സമുദ്രങ്ങൾ കേന്ദ്രീകരിച്ചു വിവിധ പ്രതിഭാസങ്ങൾ രൂപംകൊള്ളുന്നത് കാലവർഷത്തെയും താപനിലയെയും അടിമുടി സ്വാധീനിക്കുന്നുണ്ട്.
അന്തരീക്ഷത്തിൽ ഏതെങ്കിലും തരത്തിലുളള സമ്മർദങ്ങളുണ്ടായില്ലെങ്കിൽ സംസ്ഥാനത്ത് ഇപ്പോൾ അനുഭവപ്പെടുന്ന കാലാവസ്ഥ ജൂൺ പകുതിവരെ തുടർന്നേക്കുമെന്നാണ് കാലാവസ്ഥാ ഗവേഷകരുടെയും വിവിധ ഏജൻസികളുടെയും വിലയിരുത്തൽ. പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിരിയോളജി (ഐഐടിഎം) വിദഗ്ധരുടെ നിരീക്ഷണവും ഇതു തന്നെയാണ്. കാലവർഷക്കാറ്റിന്റെ വരവിന്റെ ഫലമായി അറബിക്കടലിനു മുകളിൽ കാർമേഘങ്ങൾ ധാരാളമുണ്ടെങ്കിലും കാറ്റു ശക്തികുറഞ്ഞതോടെ അവയ്ക്ക് നീങ്ങാൻ കഴിയുന്നില്ല. കേരളത്തിനു മുകളിലുളള കാർമേഘങ്ങളിൽ വേണ്ടത്ര ജലാംശമില്ലെന്നും അവർ സൂചിപ്പിക്കുന്നു.
∙ പകൽ മഴയിലും കുറവ്
രാത്രിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുന്നുണ്ടെങ്കിലും പകൽ മഴ കുറവാണ്. ന്യൂനമർദത്തിന്റെ ഭാഗമായി കഴിഞ്ഞമാസം ശക്തമായ മഴയും തണുപ്പും ഉണ്ടായത്, സജീവമായ കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കും. ആവശ്യത്തിന് മഴ ലഭിച്ചതും ഉത്തരേന്ത്യയിൽ തണുപ്പ് കൂടിയതും കേരളത്തിൽ കാലവർഷക്കാറ്റിന്റെ ശക്തി കുറയാൻ കാരണമായെന്നാണു നിരീക്ഷണം.
ഇപ്പോഴത്തെ അന്തരീക്ഷം മാറണമെങ്കിൽ കാറ്റിന്റെ ഗതിയിൽ മാറ്റം വരണം. അതിനുളള സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. ഇത്തവണ കാലവർഷക്കാലത്ത് മഴ പൊതുവേ കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുൻപു സൂചിപ്പിച്ചെങ്കിലും പിന്നീട് അതിൽ നിന്നു വ്യത്യസ്തമായ സ്ഥിതിയുണ്ടായി. കാലവർഷം മേയ് 29, 30 തീയതികളിൽ എത്തുമെന്ന പ്രവചനവും ഏതാണ്ട് ശരിയായി.
അതിനു മുൻപ്, കഴിഞ്ഞമാസം ബംഗാൾ ഉൾക്കടലിലുണ്ടായ ചുഴലിയും ചക്രവാതത്തിന്റെ സ്വാധീനവുമാണ് കാലവർഷക്കാറ്റിനെ ദുർബലമാക്കിയതെന്ന നിരീക്ഷണവുമുണ്ട്. കാലവർഷക്കാറ്റ് എത്തുന്ന സമയത്താണ് ചുഴലിയും ചക്രവാതങ്ങളും ഉണ്ടായിരുന്നതെങ്കിൽ സ്ഥിതി മറിച്ചായേനെ. അഞ്ചു വർഷം മുൻപുവരെ അനുഭവപ്പെട്ടിരുന്ന വേനൽമഴയുടെയും കാലവർഷത്തിന്റെയും തുലാവർഷത്തിന്റെയും ക്രമം കാലാവസ്ഥാ വ്യതിയാനത്തോടെ താറുമാറായി.
എന്നാൽ, പലപ്പോഴും നിരീക്ഷണങ്ങൾക്കും കണക്കുകൂട്ടലുകൾക്കും സാധ്യതാ സൂചനകൾക്കും അപ്പുറമാണ് അന്തരീക്ഷത്തിലെ ചലനങ്ങളും മാറ്റങ്ങളും. വെള്ളപ്പൊക്കം, അതിനിടയിൽ വരൾച്ച എന്ന രീതിയിലുളള ക്രമം തെറ്റൽ ഉണ്ടാക്കുന്ന ആഘാതം കുറച്ചല്ല. കാലവർഷം സജീവമാക്കുന്ന ഒരു സമ്മർദം ഇനി എപ്പോഴുണ്ടാകുമെന്നതിനെക്കുറിച്ചു ശാസ്ത്രജ്ഞന്മാർക്കും ഇപ്പോൾ വ്യക്തമായി പറയാൻ കഴിയുന്നില്ല. കൊങ്കൺ തീരത്ത് ന്യൂനമർദത്തിന്റെ ഒരു മേഖല രൂപപ്പെട്ടേക്കുമെന്നു നിരീക്ഷണമുണ്ടെങ്കിലും അതു വ്യക്തമാകാൻ ഇനിയും സമയമെടുക്കും.
English Summary: Kerala waits for good spell of rain even after declaration of southwest monsoon onset