ADVERTISEMENT

കോഴിക്കോട്∙ കോഴിക്കോട് പറമ്പിൽ ബസാറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ പരസ്യചിത്ര മോഡലും നടിയുമായ ഷഹനയെ ഭർത്താവ് സജ്ജാദും ഭർതൃവീട്ടുകാരും ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതിന്റെ തെളിവുകൾ പുറത്ത്. കഴിഞ്ഞ ദിവസം പൊലീസിനു ലഭിച്ച ഷഹനയുടെ ഡയറിക്കുറിപ്പുകളിലാണു ഭർത്താവ് സജ്ജാദിനും കുടുംബത്തിനുമെതിരെ പരാമർശമുള്ളത്. സജ്ജാദ് തല്ലിയതായും ഷഹന കുറിച്ചിട്ടുണ്ട്. ഷഹനയുടെ സഹോദരൻ ഡയറി അന്വേഷണ ഉദ്യോഗസ്ഥനു കൈമാറി.

മേയ് 13നു പുലർച്ചെയാണ് വാടകവീട്ടിലെ ജനലഴിയിൽ തൂങ്ങിയ നിലയിൽ ഷഹനയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഭർത്താവ് സജ്ജാദ് ജില്ലാ ജയിലിലാണ്. 

വിവാഹത്തിനുശേഷം ഭർത്താവിൽനിന്നും കുടുംബാംഗങ്ങളിൽനിന്നും താൻ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളാണ് ഷഹനയുടെ ഡയറിക്കുറിപ്പുകളിലുള്ളത്. വീട്ടിൽ തനിക്ക് ജോലിക്കാരുടെ സ്ഥാനം പോലും ഉണ്ടായിരുന്നില്ല. കുടുംബത്തിൽനിന്ന് അകറ്റിനിർത്തുന്നതിന് സജ്ജാദും കൂട്ടുനിന്നുവെന്നും ഷഹന ഡയറിയിൽ കുറിച്ചു. താൻ മോഡലിങ്ങിലൂടെ സമ്പാദിച്ച പണമെല്ലാം സജ്ജാദും കുടുംബവും തട്ടിയെടുത്തു. തനിക്ക് ഭക്ഷണം പോലും തരുന്നില്ല. കൂടാതെ സ്വർണമെല്ലാം കുടുംബക്കാർ വിറ്റെന്നും ഷഹന കുറിച്ചിട്ടുണ്ട്.

സെൻജുവിന്റെ (സജ്ജാദ്) ഉമ്മയ്ക്കു വേണ്ടത് ജോലിക്കാരിയെ ആണ്, മരുമകളെ അല്ല. അവർക്ക് എന്നെ കുറ്റം പറഞ്ഞു കൊന്നാലേ സമാധാനമാകൂ. വീട് മാറാമെന്ന് സെൻജു പറഞ്ഞിട്ടുണ്ട്’ – ഡയറിയുടെ തുടക്കത്തിൽ ഷഹന എഴുതി.

‘എനിക്ക് ആരും ഇല്ല. ഒരു കാരണവും ഇല്ലാതെ എന്നെ കുറേ തല്ലി. ഞാൻ അവനെ മാത്രം വിശ്വസിച്ച് വന്നതാണ് ഈ വീട്ടിൽ. എന്നിട്ട് സെൻജു പോലും എന്നെ ഇത്തിരി പോലും മനസ്സിലാക്കിയില്ല. ഈ വീട്ടിൽ എനിക്ക് ഒരു വേലക്കാരിയുടെ സ്ഥാനം പോലും ഇല്ല. ഞാൻ വെറും വേസ്റ്റ്. സെൻജു പോലും എന്നെ സപ്പോർട്ട് ചെയ്യുന്നില്ല. സെൻജു ഞാൻ വിചാരിക്കും പോലെ ഒരാളല്ല’ – ഡയറിയിൽ കുറിച്ചു. 

‘സെൻജു എന്നെ കുറേ തല്ലി. സെൻജുവും വീട്ടുകാരും കൂടി എന്റെ അടുത്ത് വഴക്കുണ്ടാക്കി. ഇങ്ങനെ പോയാൽ ഞാൻ ഉണ്ടാവില്ല. സെൻജു എന്റെ കൂടെ ഉണ്ടാകും എന്നു കരുതി. ഇപ്പോൾ സെൻജു പോലും കൂടെയില്ല. എനിക്ക് മെന്റലാകും. ഇതുവരെ ഉമ്മയോട് ഒന്നും പറഞ്ഞിട്ടില്ല. എന്റെ ഉമ്മ എന്നെ സ്നേഹിച്ച പോലെ ഇതുവരെ എന്നെ ആരും സ്നേഹിച്ചിട്ടില്ല’ – ഷഹന ഡയറിയിൽ കുറിച്ചു.

ഡയറി കണ്ടെത്തിയത് അന്വേഷണത്തെ സഹായിക്കുമെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് എസിപി കെ.സുദർശൻ പറഞ്ഞു. ഭർത്താവിന്റെ ഭാഗത്തുനിന്നുള്ള പീഡനങ്ങളെക്കുറിച്ചാണ് അതിൽ എഴുതിയിട്ടുള്ളത്. ഇങ്ങനെ പോയാൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും അതിൽ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English Summary: Model Shahana's Diary Found

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com