ADVERTISEMENT

കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും നേടിയതിനേക്കാൾ വോട്ടും വോട്ടുശതമാനവും കുറഞ്ഞ് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ. യുഡിഎഫും എൽഡിഎഫും വിജയപ്രതീക്ഷയുമായി നേരിട്ടേറ്റുമുട്ടിയ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കാര്യമായ വിജയപ്രതീക്ഷയില്ലായിരുന്നെങ്കിലും ബിജെപി കളത്തിലിറക്കിയത് പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണനെ. പക്ഷേ, മുതിർന്ന നേതാവിനെ തന്നെ രംഗത്തിറക്കിയിട്ടും കാര്യമായ നേട്ടമുണ്ടാക്കാൻ ബിജെപിക്കു കഴിഞ്ഞില്ല എന്നതാണ് യാഥാർഥ്യം. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 12,957 വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ് എൻഡിഎ സ്ഥാനാർഥി. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി20 സ്ഥാനാർഥി ഡോ. ടെറി തോമസ് 13,897 വോട്ടുകള്‍ പിടിച്ചിട്ടും എൻഡിഎ സ്ഥാനാർഥി എസ് സജി 15,483 വോട്ടുകൾ നേടിയിരുന്നു. എന്നാൽ ഇത്തവണ ട്വന്റി20 കളത്തിലില്ലാതിരുന്നിട്ടും രാധാകൃഷ്ണനു നേടാനായത് 12,957 വോട്ടുകൾ മാത്രം. അതോടൊപ്പം കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും നേടിയതിനേക്കാൾ വോട്ട് ശതമാനത്തിലും ബിജെപി മുന്നണി താഴെപ്പോയി. 2016ൽ 15 ശതമാനവും 2021ൽ 11.34 ശതമാനവും വോട്ടുകൾ ലഭിച്ചെങ്കില്‍ ഇത്തവണ പക്ഷേ 9.57% മാത്രമേ നേടാനായുള്ളൂ. വിവാദ പ്രസ്താവനകളുമായി അവസാന നിമിഷം കളത്തിലിറക്കിയ മുൻ എംഎൽഎ പി.സി. ജോർജിനും എൻ‌ഡിഎ സ്ഥാനാർഥിയെ കാര്യമായി സഹായിക്കാനായില്ല. 

ആദ്യം യുഡിഎഫും പിന്നാലെ എൽഡിഎഫും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചരണത്തിൽ മുന്നിലെത്തിയ ശേഷമായിരുന്നു ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം. ഇക്കാര്യത്തിൽ സംസ്ഥാന നേതാക്കൾ തന്നെ തുടക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തൃക്കാക്കരക്കാരൻ അല്ലാതിരുന്നിട്ടും രാധാകൃഷ്ണൻ സ്ഥാനാർഥി ആയത് പ്രവർത്തകരിൽ ആവേശമുണ്ടാക്കുകയും ചെയ്തിരുന്നു. കേന്ദ്രമന്ത്രി വി. മുരളീധരൻ‌, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, സുരേഷ് ഗോപി എംപി, ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരൊക്കെ പട നയിക്കാനെത്തിയെങ്കിലും വോട്ട് വിഹിതം വർധിച്ചില്ല എന്നു മാത്രമല്ല, കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും നേടിയ വോട്ടിനേക്കാൾ താഴെപ്പോവുകയും ചെയ്തു.

തങ്ങൾക്ക് വലിയ ശക്തിയില്ലാത്ത മണ്ഡലമായിരുന്നു തൃക്കാക്കരയെന്നും എങ്കിലും തത്സ്ഥിതി നിലനിർത്താൻ തങ്ങൾക്കായെന്നുമാണ് തിരഞ്ഞെടുപ്പ് ഫലത്തോട് കെ. സുരേന്ദ്രൻ പ്രതികരിച്ചത്. സർക്കാരിന്റെ വർഗീയ പ്രീണനത്തിനേറ്റ തിരിച്ചടിയാണ് ഈ തോൽവിയെന്നും തൃക്കാക്കരയിലെ ക്രിസ്ത്യൻ, ഹൈന്ദവ സമൂഹം സർക്കാരിന്റെ ഈ നിലപാടുകളോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് മത്സരഫലമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി ഇത്തവണ നില മെച്ചപ്പെടുത്തുമെന്നും അട്ടിമറി ഉണ്ടായാൽ പോലും അത്ഭുതപ്പെടാനില്ലെന്നും നേരത്തെ നേതാക്കൾ അവകാശപ്പെട്ടിരുന്നു.

മണ്ഡലം രൂപീകരിച്ച 2011ൽ എൻഡിഎയ്ക്കു വേണ്ടി മത്സരത്തിനിറങ്ങിയ എൻ. സജി കുമാർ 5935 വോട്ടും (5.04 ശതമാനം) നേടി സാന്നിധ്യമറിയിച്ചു. യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാൻ 22,406 വോട്ടുകളുമായി അന്ന് വിജയിച്ചു. 2016ലാണ് ബിജെപി ശക്തമായ നിലയിൽ ഈ മണ്ഡലത്തിൽ സാന്നിധ്യമറിയിക്കുന്നത്. എൻഡിഎയുടെ എസ്. സജി 21,247 (15 ശതമാനം) വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി. മുൻ തിര​ഞ്ഞെടുപ്പിനേതിനേക്കാൾ 10.66 ശതമാനം വോട്ടുകളാണ് ആ വർഷം എൻഡിഎയ്ക്ക് കൂടിയത്. 11,966 വോട്ടുകൾ നേടി യുഡിഎഫ് സ്ഥാനാർഥി പി.ടി. തോമസ് വിജയിച്ചു.

ട്വന്റി20 കൂടി കളത്തിലിറങ്ങിയ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്. സജി തന്നെയായിരുന്നു സ്ഥാനാർഥിയെങ്കിലും മുൻ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ 5,000–ത്തിലധികം വോട്ടുകൾ കുറഞ്ഞ് 15,483–ൽ (11.34 ശതമാനം) എത്തി. ബിജെപിയുടെയും നാലാം സ്ഥാനത്തെത്തിയ ട്വന്റി20 സ്ഥാനാർഥി ഡോ. ടെറി തോമസിന്റെയും വോട്ടുകൾ തമ്മിലുള്ള വ്യത്യാസം 1.16 ശതമാനം മാത്രമായിരുന്നു. ഇത്തവണ ട്വന്റി20 മത്സരത്തിനില്ലാതിരുന്നിട്ടും ബിജെപിയുടെ വോട്ടു വിഹിതം കൂടിയില്ല എന്നു മാത്രമല്ല കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും ലഭിച്ചതിനേക്കാൾ‌ കുറയുകയും ചെയ്തു. 

English Summary: AN Radhakrishnan of BJP finishes third in Thrikkakara Byelection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com