ADVERTISEMENT

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനു വിജയതീരം തൊടാന്‍ കഴിയാത്ത വന്‍കരയായി വീണ്ടും എറണാകുളം ജില്ല. അഴിച്ചുപണികളും അച്ചടക്ക നടപടികളും സ്വീകരിച്ചിട്ടും പ്രചാരണത്തിനായി സര്‍വസന്നാഹങ്ങളൊരുക്കിയിട്ടും ജില്ലയില്‍ ആധിപത്യം നേടാനുള്ള നീക്കം സ്വപ്നമായി ഒതുങ്ങുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു തരംഗം സംസ്ഥാനമാകെ ആഞ്ഞടിച്ചപ്പോഴും എറണാകുളം കുലുങ്ങിയില്ല.

ഇക്കുറി തൃക്കാക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടു കളത്തിലിറങ്ങി മന്ത്രിമാരും എംഎല്‍എമാരും അണിനിരന്ന് അതിശക്തമായ പ്രചാരണം നടത്തിയിട്ടും വോട്ടു ചോര്‍ച്ചയുണ്ടായെന്നാണ് സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തല്‍. ബൂത്തുതലം വരെ പ്രവര്‍ത്തനം വിലയിരുത്താനാണ് സിപിഎം തയാറെടുക്കുന്നത്. വീഴ്ച കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്നും തിരുത്തപ്പെടേണ്ട ജില്ലയാണ് എറണാകുളമെന്നും നേതൃത്വം പറയുന്നു. എന്തു തിരുത്തല്‍ വരുത്തിയാല്‍ ജില്ലയിലെ ജനഹൃദയം കീഴടക്കാമെന്ന ചിന്തയിലാണ് പാര്‍ട്ടി.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും 60 എംഎല്‍മാരുമായി തൃക്കാക്കരയിലെ കാടിളക്കിയുള്ള പ്രചാരണം തിരിച്ചടിയായെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. മുന്നണിക്കു കിട്ടേണ്ട വോട്ടുകള്‍ പോലും ചോര്‍ന്നു. മണ്ഡലത്തില്‍ കേന്ദ്രീകരിച്ച സംസ്ഥാന നേതാക്കളും പ്രാദേശിക നേതൃത്വവും തമ്മില്‍ പ്രവര്‍ത്തനങ്ങളില്‍ ഏകോപനമുണ്ടായില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വിവാദങ്ങളും തിരിച്ചടിയായതായി പാര്‍ട്ടി കണക്കാക്കുന്നു. 4,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നായിരുന്നു സെക്രട്ടേറിയറ്റിന് ജില്ലയില്‍നിന്നു ലഭിച്ച റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥിയുടെ മികവും കോണ്‍ഗ്രസിലെ അതൃപ്തിയും നഗര മേഖലയിലെ കോണ്‍ഗ്രസിന്റെ അപ്രമാദിത്വം തകര്‍ക്കുമെന്നും വിലയിരുത്തലുണ്ടായി. 

1248-jo-joseph
ജോ ജോസഫ്

ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആത്മവിശ്വാസത്തിലായിരുന്ന സംസ്ഥാന നേതൃത്വത്തിന് ഞെട്ടലുണ്ടാക്കുന്നതായി തിരഞ്ഞെടുപ്പ് പരാജയം. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് വിജയിച്ചത്. ബിജെപി-ട്വന്റി20–എഎപി വോട്ടുകള്‍ കാരണമാണ് ഭൂരിപക്ഷം വര്‍ധിച്ചതെന്ന വാദമാണ് നേതൃത്വം പരസ്യമായി മുന്നോട്ടുവയ്ക്കുന്നതെങ്കിലും നീക്കങ്ങളില്‍ പിഴവുണ്ടായതായാണ് ഉള്ളിലെ വിലയിരുത്തല്‍. ബൂത്ത് അടിസ്ഥാനത്തില്‍ ജില്ലാ നേതൃത്വം നല്‍കിയ കണക്കുകളും കിട്ടിയ വോട്ടുകളും പരിശോധിച്ച് പിഴവുകള്‍ തിരുത്താനാണ് പാര്‍ട്ടി തയാറെടുക്കുന്നത്.

പരാജയത്തിനു ജില്ലാ നേതൃത്വത്തെ മാത്രം കുറ്റം പറഞ്ഞ് ഒഴിഞ്ഞുമാറാനുമാകില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ജനപിന്തുണയില്‍ കുറവുണ്ടായോ എന്നും വിലയിരുത്തേണ്ടിവരും. ചുവരെഴുത്തുകള്‍ വരെ മായ്ച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണയോടെ അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി ഡോ. ജോ ജോസഫിനെ കളത്തിലിറക്കിയതു തിരിച്ചടിച്ചെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

എക്കാലവും സിപിഎമ്മിനു ബാലികേറാമലയായിരുന്നു എറണാകുളം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതു തരംഗം ആഞ്ഞുവീശി 99 സീറ്റോടെ തുടര്‍ഭരണം എന്ന റെക്കോര്‍ഡ് ഇട്ടപ്പോഴും ജില്ലയില്‍ കോണ്‍ഗ്രസിന്റെ ആധിപത്യം തുടര്‍ന്നു. 14 നിയമസഭാ സീറ്റില്‍ ഇടതിനു വിജയിക്കാനായത് 5 സീറ്റില്‍ മാത്രം. തൃപ്പൂണിത്തുറയില്‍ സിറ്റിങ് എംഎല്‍എ എം.സ്വരാജ് 992 വോട്ടുകള്‍ക്കു പരാജയപ്പെട്ടു. പെരുമ്പാവൂരില്‍ പരാജയപ്പെട്ടത് 2,899 വോട്ടുകള്‍ക്ക്. സംഘടനാതലത്തിലോ സമരങ്ങള്‍ ഏറ്റെടുക്കുന്നതിലോ വീഴ്ചയില്ലെങ്കിലും തിരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്യാനാകാത്തത് സംസ്ഥാന നേതൃത്വത്തിനു മുന്നില്‍ ജില്ലാ നേതൃത്വത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തി.

ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പേരില്‍ നേതൃത്വത്തിനെതിരെ കര്‍ശന നടപടിയുണ്ടായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുള്‍പ്പെടെ 14 പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. സംസ്ഥാന കമ്മിറ്റി അംഗം സി.എം.ദിനേശ് മണി, പി.എം.ഇസ്മയില്‍ എന്നിവരാണ് തോല്‍വിയെക്കുറിച്ചും ലഭിച്ച പരാതികളെക്കുറിച്ചും അന്വേഷിച്ചത്.  51 ലക്ഷം രൂപ സ്വതന്ത്ര സ്ഥാനാര്‍ഥിയില്‍നിന്നും ബന്ധുക്കളില്‍നിന്നുമായി വിവിധ നേതാക്കള്‍ വാങ്ങിയെന്ന പരാതി ശരിയാണെന്നായിരുന്നു കമ്മിഷന്‍ കണ്ടെത്തല്‍. തൃപ്പൂണിത്തുറയില്‍ എം.സ്വരാജിന്റെയും തൃക്കാക്കരയില്‍ ഡോ.ജെ.ജേക്കബിന്റെയും പരാജയം അന്വേഷിച്ച ഗോപി കോട്ടമുറിക്കല്‍, കെ.ജെ.ജേക്കബ് കമ്മിഷനും നേതൃത്വത്തിന്റെ വീഴ്ചയാണ് ചൂണ്ടിക്കാട്ടിയത്.

ജില്ലാ നേതൃത്വം നടപടിയെടുത്തെങ്കിലും ശക്തമായ നടപടി വേണമെന്ന സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ 2 ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ നടപടിയെടുത്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.കെ.മണിശങ്കര്‍, എന്‍.സി.മോഹനന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.എന്‍.സുന്ദരന്‍, വി.പി.ശശീന്ദ്രന്‍, പി.കെ.സോമന്‍ എന്നിവരെ ഒരു വര്‍ഷത്തേക്കു സസ്‌പെന്‍ഡ് ചെയ്തു. കൂത്താട്ടുകുളം ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ ഷാജു ജേക്കബിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. വൈറ്റില ഏരിയ സെക്രട്ടറി കെ.ഡി.വിന്‍സന്റ്, പെരുമ്പാവൂര്‍ ഏരിയ സെക്രട്ടറി പി.എം.സലിം, ഏരിയ കമ്മിറ്റി അംഗങ്ങളായ മുന്‍ എംഎല്‍എ സാജു പോള്‍, ആര്‍.എം.രാമചന്ദ്രന്‍, എം.ഐ.ബീരാസ് എന്നിവരെയും ഒരു വര്‍ഷം സസ്പന്‍ഡു ചെയ്തു.

മറ്റൊരു ഏരിയ കമ്മിറ്റി അംഗം സി.ബി.എ. ജബ്ബാറിനെ ബ്രാഞ്ചിലേക്കു തരം താഴ്ത്തി. കൂത്താട്ടുകുളത്തെ പാര്‍ട്ടി അംഗങ്ങളായ അരുണ്‍ സത്യന്‍, അരുണ്‍ വി.മോഹന്‍ എന്നിവരെ പാര്‍ട്ടിയില്‍നിന്ന് ഒരു വര്‍ഷത്തേക്കു സസ്‌പെന്‍ഡ് ചെയ്തു. തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍ തോല്‍വികള്‍ നേതാക്കളുടെ പ്രവര്‍ത്തനത്തിലെ വീഴ്ച കാരണമാണെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. ഉറപ്പായി ജയിക്കാവുന്ന സാഹചര്യം രണ്ടിടത്തും ഉണ്ടായിരുന്നു. ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം ഇല്ലാത്തതിനാല്‍ രണ്ടു സീറ്റും നഷ്ടമായി. 2016ലെ തിരഞ്ഞെടുപ്പിനെക്കാള്‍ 0.9 ശതമാനം വോട്ടു കുറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. പിറവം, തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍ മണ്ഡലങ്ങളില്‍ തോല്‍വി സംഭവിച്ചത് നേതാക്കളുടെ ക‌യ്യിലിരുപ്പ് കാരണമെന്നായിരുന്നു ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി തുറന്നടിച്ചത്. പാര്‍ലമെന്ററി വ്യാമോഹത്താല്‍ ജില്ലയില്‍ പാര്‍ട്ടിയുടെ 'ഗുണം' നഷ്ടമായതായാണ് സംസ്ഥാന സെക്രട്ടറി കോടിയേരി സമ്മേളനത്തില്‍ വിമര്‍ശിച്ചത്.

കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തനം. പിറവം, പെരുമ്പാവൂര്‍ തോല്‍വികള്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. സ്വതന്ത്ര സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുകയെന്നത് ജില്ലയില്‍ പാര്‍ട്ടി സ്വീകരിച്ചുവരുന്ന നയമാണ്. അവരോട് ഉത്തരവാദിത്തപ്പെട്ട ജില്ലാ നേതാക്കള്‍വരെ കാശുവാങ്ങിയെന്നത് അംഗീകരിക്കാനാകില്ല. അവിഹിത സ്വത്ത് സമ്പാദനത്തിന്റെ കഥകള്‍ പാര്‍ട്ടിയില്‍ കേള്‍ക്കുന്നു. നഗരവല്‍ക്കരണത്തിലേക്കു കുതിക്കുന്ന ജില്ലയില്‍ സാമ്പത്തികമായി ഉയര്‍ന്നവരുടെ ഇടയിലും സ്വാധീനം ചെലുത്താന്‍ കഴിയണം. അതിന്റെ പേരില്‍ അധോലോകങ്ങളുമായി ബന്ധമുണ്ടാക്കുന്നതോ അനധികൃത സ്വത്ത് സമ്പാദിക്കുന്നതോ അംഗീകരിക്കാനാകില്ലെന്നും കോടിയേരി വിമര്‍ശിച്ചിരുന്നു.

പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ
പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ.

ജില്ലയാകെ നഗരസ്വഭാവത്തിലേക്കു വരുമ്പോള്‍, ജനങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുള്ള നടപടികള്‍ ജില്ലാ നേതൃത്വം സ്വീകരിക്കണമെന്നാണ് ഏറെക്കാലമായി സംസ്ഥാന നേതൃത്വം നല്‍കുന്ന നിര്‍ദേശം. പരമ്പരാഗതമായി കോണ്‍ഗ്രസ് ചായ്‌വുള്ള, പ്രഫഷണലുകള്‍ ഏറെയുള്ള, രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍നിന്ന് അകന്നു നില്‍ക്കാന്‍ താല്‍പര്യമുള്ളവര്‍ നിരവധിയുള്ള ജില്ലയില്‍ വേരുറപ്പിക്കാന്‍ പാര്‍ട്ടി നടത്തിയ ശ്രമം വിജയം കണ്ടില്ലെന്നാണ് തൃക്കാക്കര ഫലം തെളിയിക്കുന്നത്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ പല മണ്ഡലങ്ങളിലും സ്വതന്ത്ര സ്ഥാനാര്‍ഥികളെ ആശ്രയിക്കേണ്ടിവരുന്നു. ജനപിന്തുണയുള്ള രണ്ടാം നിരയെ വളര്‍ത്തിയെടുക്കാനും ജില്ലയില്‍ കഴിഞ്ഞിട്ടില്ല. ഇതിനെ മറികടക്കാനുള്ള ചര്‍ച്ചകളാകും വരുംദിവസങ്ങളില്‍ പാര്‍ട്ടില്‍ നടക്കുക.   

English Summary: Thrikkakara bypoll result; Ernakulam cpm defends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com