രാഷ്ട്രീയ വിവാദമുയർത്തി വീണ്ടും സ്വപ്ന; വെളിപ്പെടുത്തൽ ഏറ്റുപിടിച്ച് പ്രതിപക്ഷവും
Mail This Article
തിരുവനന്തപുരം∙ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ രാഷ്ട്രീയ വിവാദമാകുന്നു. മുഖ്യമന്ത്രിയുടെ അറിവോടെ വിദേശത്തേക്ക് കറൻസി കടത്തിയെന്ന സ്വപ്നയുടെ ആരോപണത്തിനു പിന്നാലെ പ്രതിപക്ഷം ശക്തമായ വിമർശനവുമായി രംഗത്തെത്തി. നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കേ വിവാദങ്ങൾ വരുംദിവസങ്ങളിൽ ചർച്ചയാകുമെന്നുറപ്പ്. തൃക്കാക്കരയിലെ തോൽവിയുടെ പരാജയത്തിൽ ക്ഷീണിച്ച സിപിഎമ്മിനു മറ്റൊരു തിരിച്ചടികൂടിയായി ഈ വെളിപ്പെടുത്തൽ.
സർക്കാരിനു നേരെ സ്വപ്നയും കൂട്ടുപ്രതികളും നേരത്തെയും ആരോപണം ഉയർത്തിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ രൂക്ഷമായ ഭാഷയിലുള്ള വെളിപ്പെടുത്തല്‍ ഇതാദ്യം. മുഖ്യമന്ത്രിയുമായും കുടുംബവുമായുമുള്ള ബന്ധം കോടതിയെ രഹസ്യമൊഴിയിലൂടെ അറിയിച്ചിട്ടുണ്ടെന്നാണ് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞത്. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റായിരിക്കും സ്വപ്നയുടെ മൊഴി പരിശോധിച്ച് തുടരന്വേഷണത്തിൽ തീരുമാനമെടുക്കുക. മൊഴിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ വലിയ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്താം.
യുഎഇയിലേക്കു വിദേശ കറൻസി കടത്തിയെന്ന സ്വർണക്കടത്തു കേസിലെ പ്രതികളുടെ ആരോപണത്തിൽ മുഖ്യമന്ത്രിക്കും മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനുമെതിരെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിനു തെളിവു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വർഷങ്ങൾക്കു മുൻപു നടന്ന സംഭവമാണെന്നും കോൺസുലേറ്റ് പ്രതിനിധികളെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും ഡോളർ കടത്തുകേസിലെ പ്രതികൾക്കു നൽകിയ കാരണം കാണിക്കൽ നോട്ടിസിൽ കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. അതിനുശേഷം മാസങ്ങൾ പിന്നിട്ട് സ്വപ്ന ജയിൽമോചിതയായശേഷമാണ് വീണ്ടും ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വർണക്കടത്തു കേസിലെ പ്രതിയുടെ മൊഴി വിശ്വാസ്യത്തിലെടുക്കേണ്ടെന്നും നേരത്തെയും സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ കളവാണെന്നു തെളിഞ്ഞിട്ടുണ്ടെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു. ഇതിലും വലിയ ആരോപണങ്ങൾ ഉയർന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തെ അതിജീവിച്ചാണ് പിണറായി സർക്കാർ രണ്ടാമതും അധികാരത്തിലെത്തിയതെന്നും പാർട്ടി നേതാക്കൾ ഓർമിപ്പിക്കുന്നു.
നേരത്തെയും ആരോപണങ്ങൾ ഉയർത്തിയിരുന്നെങ്കിലും മുഖ്യമന്ത്രിയെയും കുടുംബത്തെയും കടന്നാക്രമിക്കാൻ സ്വപ്ന തയാറായിരുന്നില്ല. സ്വപ്നയുടെ തുറന്നു പറച്ചിൽ പ്രതിപക്ഷ നേതാക്കൾ ഏറ്റെടുത്തു. ഞെട്ടിക്കുന്ന തുറന്നു പറച്ചിലാണ് സ്വപ്ന നടത്തിയതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞത്. മുന്‍പ് പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ ശരിയാണെന്നു തെളിഞ്ഞതായി രമേശ് ചെന്നിത്തല പറഞ്ഞു. തൃക്കാക്കര തിരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ച് ഇതുവരെ പ്രതികരിക്കാത്ത മുഖ്യമന്ത്രിയുടെ ഈ വിഷയത്തിലടക്കമുള്ള പ്രതികരണത്തിനായി കാക്കുകയാണ് പാർട്ടി നേതൃത്വവും പ്രതിപക്ഷവും.
English Summary: Controversy over Swapna Suresh revelations against CM Pinarayi Vijayan