രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ന്; ഫലപ്രഖ്യാപനം 21ന്
Mail This Article
ന്യൂഡൽഹി∙ പതിനാറാമത് രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഫലപ്രഖ്യാപനം ജൂലൈ 21നാണ്. രാജ്യസഭാ സെക്രട്ടറി ജനറൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വരാണാധികാരിയാകും. തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന പേന ഉപയോഗിച്ചില്ലെങ്കിൽ വോട്ട് അസാധുവാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു. 4,033 എംഎൽഎമാർ ഉൾപ്പെടെ ആകെ 4,809 വോട്ടർമാർ ആണ് ഉള്ളത്. തിരഞ്ഞെടുപ്പില്‍ വിപ്പ് പാടില്ലെന്നും കമ്മിഷന്‍ അറിയിച്ചു. പുതിയ രാഷ്ട്രപതി ജൂലൈ 25ന് സത്യപ്രതിജ്ഞ ചെയ്യും.
ജൂൺ 15ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 29 നാണ്. സൂക്ഷ്മപരിശോധന ജൂലൈ 2 നായിരിക്കും. നാമനിർദേശ പത്രികയിൽ സ്ഥാനാർഥിയെ 50 പേർ നിർദേശിക്കണം, 50 പേർ പിന്തുണയ്ക്കണം. 4,033 എംഎൽഎമാരും 776 എംപിമാരുമാണ് (ആകെ 4,809 വോട്ടർമാർ) രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുക. ഒരു എംപിയുടെ മൂല്യം 700 ആണ്. എംപിമാർക്ക് പാർലമെന്റിലും എംഎൽഎമാർക്ക് നിയമസഭ മന്ദിരത്തിലും വോട്ടുചെയ്യാം. 10,86,431 ആണ് ഇത്തവണത്തെ ആകെ വോട്ട് മൂല്യം (എംപിമാർ– 5,43,200, എംഎൽഎമാർ–5,43,231)
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കാലാവധി ജൂലൈ 24ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ്. പാർലമെന്റിലേയും സംസ്‌ഥാന നിയമസഭകളിലേയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്നാണ് രാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുന്നത്.
English Summary: President election 2022