തവനൂരിലെത്തി മുഖ്യമന്ത്രി; വേദിയ്ക്ക് പുറത്ത് സംഘർഷം, മന്ത്രിയുടെ വാഹനം തടഞ്ഞു
Mail This Article
മലപ്പുറം∙ കനത്ത സുരക്ഷയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ തവനൂരില്‍ ജയില്‍ ഉദ്ഘാടനവേദിയിലെത്തി ഉദ്ഘാടനം നിർവഹിച്ചു. വേദിക്കു പുറത്ത് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ചില്‍ സംഘർഷമുണ്ടായി. മുഖ്യമന്ത്രിക്ക് വഴിയൊരുക്കാൻ കെട്ടിയ ബാരിക്കേഡ് വലിച്ചുനീക്കാൻ പ്രവർത്തകർ ശ്രമിച്ചു. പ്രവർത്തകരെ തടഞ്ഞ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു, ലാത്തിവീശി.
പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയിലേക്ക് കടക്കാനും പ്രതിഷേധക്കാർ ശ്രമിച്ചു. ദേശീയപാത ഉപരോധിക്കുന്ന പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കുകയാണ്. അതിനിടെ, കുറ്റിപ്പുറം പാലത്തിൽ മന്ത്രി വി.അബ്ദുറഹ്മാന്റെ വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തടഞ്ഞു. അൽപനേരം വാഹനം തടഞ്ഞിട്ടു. പൊലീസ് ഇടപെട്ട ശേഷമാണ് വാഹനത്തിന് പുറപ്പെടാനായത്.
തവനൂരിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രമാധ്യേ കുന്നംകുളം ബഥനി സ്കൂളിനു സമീപത്ത് വച്ച് ബിജെപി പ്രവർത്തകർ കരിങ്കൊടി കാട്ടിയിരുന്നു. സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തു. കുന്നംകുളത്തും പെരുമ്പിലാവിലും ചങ്ങരംകുളത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
English Summary: Youth Congress, Youth League protest against CM Pinarayi Vijayan at Tavanur