‘ഇന്ന് വിമാനത്തിൽ, അന്ന് റോഡിൽ; വ്യവസ്ഥയിൽ വല്ല മാറ്റവുമുണ്ടാകുമോ?’
Mail This Article
കണ്ണൂർ ∙ വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചവർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് കടുത്ത നടപടികളാണു പൊലീസും സർക്കാരും സ്വീകരിച്ചത്. സംഭവത്തിൽ ഫെയ്സ്ബുക്കിൽ കുറിപ്പുമായി എത്തിയിരിക്കുകയാണു മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ആക്രമിച്ച കേസിലെ പ്രതി. മുൻ സിപിഎം നേതാവ് കൂടിയായ സി.ഒ.ടി. നസീർ ആണ് കുറിപ്പ് പങ്കിട്ടിരിക്കുന്നത്.
9 വർഷമായി കോടതി കയറിയിറങ്ങുകയാണെന്നും സമരങ്ങൾക്ക് പുതിയ രീതി കണ്ടെത്തുന്നതാണ് നല്ലതെന്നും നസീർ ഓർമിപ്പിച്ചു. ‘ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ -സ്വപ്ന വിഷയം. അന്ന് (2013) മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി -സരിത വിഷയം. ഇന്ന് വിമാനത്തിൽ പ്രതിഷേധിക്കുന്നു, അന്ന് റോഡിൽ പ്രതിഷേധിച്ചു. ആർക്കെങ്കിലും തോന്നുന്നുണ്ടോ ഈ വ്യവസ്ഥയിൽ വല്ല മാറ്റം ഉണ്ടാകുമെന്ന്?
പറയാൻ കാരണം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞു എന്ന കേസ് ഇന്നും തിർന്നിട്ടില്ല. 9 വർഷമായി നിരാപാധിത്വം തെളിയിക്കാൻ കോടതിപ്പടി കയറി ഇറങ്ങുന്നു. സമരം ചെയുന്ന സമരഭടൻമാരോട്, പുതിയ കാലത്ത് പുതിയ സമരമുറ കണ്ടെത്തുന്നതാണ് നല്ലത്. #സത്യംമാത്രമേജയിക്കാൻപാടുള്ളൂ’– നസീർ കുറിച്ചു.
മുഖ്യമന്ത്രി കണ്ണൂരിൽനിന്നു തിരുവനന്തപുരത്തെത്തിയ വിമാനത്തിലാണു യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ആർ.കെ.നവീൻകുമാർ, ഫർസീൻ മജീദ് എന്നിവർ ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യമുയർത്തിയത്. സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി ഭരണപക്ഷം രംഗത്തെത്തിയതിനു പിന്നാലെ, കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ ഉൾപ്പെടെ സംസ്ഥാനമെങ്ങുമുള്ള കോൺഗ്രസ് ഓഫിസുകൾക്കു നേരെയുള്ള ആക്രമണം തുടരുകയാണ്.
English Summary: COT Naseer comments on protest against Pinarayi Vijayan in flight