ADVERTISEMENT

വാഷിങ്ട‌ൻ ∙ രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്കു സുപ്രധാന പദവിയുള്ള പുതിയൊരു കൂട്ടായ്മ കൂടി രൂപം കൊള്ളുന്നു. ഇന്ത്യ, ഇസ്രയേൽ, യുഎഇ, യുഎസ് രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് ‘ഐ2യു2’ എന്നാണു പേര്. ഐ2യു2–ന്റെ ആദ്യ വെർച്വൽ സമ്മേളനം അടുത്തമാസം ചേരുമെന്നു വൈറ്റ് ഹൗസ് അറിയിച്ചു.

ഐ2യു2 ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ എന്നിവർ പങ്കെടുക്കും. യുഎസുമായി സഹകരിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയ്ക്കു ബൈഡൻ ഭരണകൂടമാണു മുൻകയ്യെടുത്തത്. മോദി, ബെന്നറ്റ്, മുഹമ്മദ് ബിൻ സയിദ് എന്നിവരുമായി സവിശേഷബന്ധം ബൈഡൻ ആഗ്രഹിക്കുന്നതിന്റെ ഭാഗമായാണു കൂട്ടായ്മ.

ഭക്ഷ്യസുരക്ഷാ പ്രതിസന്ധി, പരസ്പര സഹകരണം തുടങ്ങിയ വിഷയങ്ങളാണ് ഉച്ചകോടിയിൽ മുഖ്യമായും ചർച്ച ചെയ്യുക. ജൂലൈ 13 മുതൽ 16 വരെ മിഡിൽ ഈസ്റ്റിൽ ബൈഡൻ പര്യടനം നടത്തുന്ന വേളയിലായിരിക്കും ഉച്ചകോടിയെന്നു മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഓരോ രാജ്യവും പലവിധ മേഖലകളിൽ മുന്നിട്ടു നിൽക്കുന്നതിനാൽ സഹകരണം ഗുണകരമാകുമെന്നാണു യുഎസ് കണക്കുകൂട്ടുന്നത്.

‘‘ഇന്ത്യ വലിയ ഉപഭോക്‌തൃ വിപണിയാണ്. അത്യാധുനിക സാങ്കേതിക സാമഗ്രികൾ അവിടെ ഉൽപാദിപ്പിക്കുന്നുമുണ്ട്. സാങ്കേതികവിദ്യ, കാലാവസ്ഥ, വ്യാപാരം, കോവിഡ്, സുരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം സഹകരണം ഗുണം ചെയ്യും. കൂട്ടായ്മയിലെ രാജ്യങ്ങളെല്ലാം യുഎസിനു പ്രധാനപ്പെട്ടതാണ്.’’– യുഎസ് സ്റ്റേറ്റ് വക്താവ് നെഡ് പ്രൈസ് വ്യക്തമാക്കി. 

English Summary: India, Israel, UAE And US Form New I2U2 Grouping, 1st Summit Next Month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com