ADVERTISEMENT

ന്യൂഡൽഹി ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പ്രതിപക്ഷത്തിന്റെ അഭിപ്രായമറിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നെന്നു വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ. തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ നേതൃത്വത്തിൽ പ്രതിപക്ഷയോഗം ചേരുന്നതിനു തൊട്ടുമുൻപാണു ഖർഗെയുടെ പ്രസ്താവനയെന്നതു ശ്രദ്ധേയം.

‘കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌‍‌നാഥ് സിങ്ങുമായി ഞാൻ സംസാരിച്ചിരുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ അഭിപ്രായമറിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങൾ മുന്നോട്ടു വയ്ക്കുന്ന നിർദേശമെന്താണ്? ആരാണു സ്ഥാനാർഥിയാവുക എന്നു തിരിച്ചു ചോദിച്ചു. ഏകകണ്‌‌ഠമായി, വിവാദങ്ങളില്ലാതെ, ഒരു പേര് ഞങ്ങൾ നിർദേശിച്ചാൽ സർക്കാർ അത് അംഗീകരിക്കുമോ എന്നും അദ്ദേഹത്തോടു ചോദിച്ചിട്ടുണ്ട്’– എന്നാണു വാർത്താ ഏജൻസിയായ എഎൻഐയോടു ഖർഗെ പറഞ്ഞത്.

രാഷ്ട്രപതി സ്ഥാനത്തേക്കു പൊതു സ്ഥാനാർഥിയെ നിർത്താൻ പ്രതിപക്ഷം ശ്രമങ്ങൾ തുടരുന്നതിനിടെയാണു കോൺഗ്രസിന്റെ പ്രതികരണം. രാഷ്ട്രപതി സ്ഥാനാർഥിയെ നിർത്തുന്നത് ആലോചിക്കാൻ 22 പാർട്ടികളെയാണു മമത യോഗത്തിലേക്കു ക്ഷണിച്ചിട്ടുള്ളത്. 

2017ലെ തിരഞ്ഞെടുപ്പിൽ കെ.ചന്ദ്രശേഖര റാവുവിന്റെ െതലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്), ജഗൻ മോഹൻ റെഡ്ഡിയുടെ ൈവഎസ്ആർ കോൺഗ്രസ്, നവീൻ പട്നായിക്കിന്റെ ബിജെഡി എന്നീ പാർട്ടികളുടെ പിന്തുണ ബിജെപിക്കായിരുന്നു. ഇത്തവണ ചന്ദ്രശേഖര റാവു ഉൾപ്പെടെയുള്ളവർ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള ശ്രമം നടത്തുന്നതു ബിജെപിക്കു തിരിച്ചടിയായേക്കും. ജൂലൈ 18നാണു രാഷ്ട്രപതി തിരഞ്ഞെടുപ്പ്. ജൂലൈ 21ന് ഫലം പ്രഖ്യാപിക്കും.

English Summary: "Rajnath Singh Said PM Wants Our Opinion (President)": Congress Leader

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com