ബിജെപി ഓഫിസ് കത്തിച്ച് ‘അഗ്നിപഥി’ല്‍ രോഷം; എംഎല്‍എയുടെ വാഹനം തകര്‍ത്തു
Mail This Article
ന്യൂഡൽഹി ∙ സായുധസേനകളിലെ ഹ്രസ്വകാല നിയമനത്തിനായുള്ള അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം. ബിഹാറില്‍ മൂന്നു ട്രെയിനുകള്‍ക്ക് തീയിട്ടു. നവാഡയില്‍ ബിജെപി എംഎല്‍എ അരുണ ദേവിയുടെ വാഹനം തകര്‍ത്തു. നവാഡ ബിജെപി ഓഫിസും സമരക്കാർ തല്ലിതകർത്തു. കേരളത്തില്‍നിന്നുള്ള നിസാമുദ്ദീന്‍ എക്സ്പ്രസിനുനേരെ കല്ലേറുണ്ടായി.
ബിഹാറിലെ ജഹാനാബാദിലും മുസഫര്‍പുരിലും റോഡ്, റെയില്‍ ഗതാഗതം തടസപ്പെട്ട നിലയിലാണ്. മൂന്നു ട്രെയിനുകള്‍ക്ക് തീയിട്ടു. ബക്സറില്‍ റെയില്‍േവ പാളം പ്രതിഷേധക്കാര്‍ ഉപരോധിച്ചു. സംഘർഷത്തെ തുടർന്ന് 22 ട്രെയിനുകള്‍ റദ്ദാക്കി, 5 ട്രെയിനുകള്‍ നിര്‍ത്തിയിട്ടു.
ബിഹാറിനു പുറമേ രാജസ്ഥാൻ, ഹരിയാന, ഡൽഹി, യുപി, ജമ്മു എന്നിവടങ്ങളിലും പദ്ധതിക്കെതിരെ പ്രതിഷേധം രൂക്ഷമായി. പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതേസമയം, സേനയിലെ തൊഴില്‍ അവസരങ്ങള്‍ മൂന്ന് മടങ്ങാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങളെ തെരുവിലിറക്കിയത്. പദ്ധതിക്കെതിരെ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. സൈനിക നിയമനം സര്‍ക്കാര്‍ എന്തിനാണ് പരീക്ഷണശാലയാക്കുന്നതെന്ന് പ്രിയങ്ക ചോദിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പം നീക്കണമെന്ന് ബിജെപി നേതാവ് വരുണ്‍ ഗാന്ധിയും ആവശ്യപ്പെട്ടു.
അഗ്നിപഥ് പദ്ധതിപ്രകാരം സൈന്യത്തിലെടുക്കുന്നവരുടെ പ്രായപരിധിയെച്ചൊല്ലിയാണ് പ്രധാന പ്രതിഷേധം. പതിനേഴര വയസ്സു മുതൽ 21 വയസ് വരെയുള്ളവർക്കാണ് പദ്ധതിപ്രകാരം സൈന്യത്തിൽ അംഗമാകാൻ സാധിക്കുക. ഫലത്തിൽ 21 വയസ്സു കഴിഞ്ഞ ഉദ്യോഗാർഥികൾ അവസരം നഷ്ടമാകുമെന്ന ഭയം നിമിത്തമാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.
നിലവിലെ ചട്ടങ്ങൾ അനുസരിച്ച് നിയമന നടപടികൾ പാതിവഴി പിന്നിട്ടവരും അവസരം നഷ്ടമാകുമോ എന്ന ആശങ്ക നിമിത്തം പ്രതിഷേധവുമായി രംഗത്തുണ്ട്. സൈനിക നിയമനത്തിനുള്ള എഴുത്തുപരീക്ഷയും കായികക്ഷമതാ പരിശോധനകളും പൂർത്തിയാക്കിയവരാണ് ഇവർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കരസേനയിലേക്കുള്ള നിയമന നടപടികൾ ആരംഭിച്ചിരുന്നു.
അഗ്നിപഥ് പദ്ധതിപ്രകാരം നാലു വര്‍ഷം അഗ്നിവീര്‍ ആകുന്നവരില്‍ 25 ശതമാനം പേര്‍ക്കു മാത്രമേ സ്ഥിര നിയമനം ലഭിക്കൂവെന്നതും പ്രതിഷേധത്തിനു കാരണമാണ്. ഇതു തൊഴില്‍ സാധ്യതയെ ബാധിക്കുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഇനിയുള്ള സൈനിക നിയമനങ്ങളെല്ലാം അഗ്നിപഥ് പദ്ധതി വഴിയായിരിക്കുമെന്ന വ്യോമസേനാ മേധാവിയുടെ പ്രസ്താവനയും ആശയക്കുഴപ്പം വർധിപ്പിച്ചു.
English Summary: Violence In Bihar Over 'Agnipath' Scheme, Protests Spread To Other States