സ്വിസ് ബാങ്കിലെ ഇന്ത്യൻ നിക്ഷേപം കുത്തനെ ഉയര്ന്നു; വർധന 50 ശതമാനം
Mail This Article
ന്യൂഡൽഹി ∙ സ്വിസ് ബാങ്കിലെ ഇന്ത്യൻ നിക്ഷേപത്തിൽ വൻ ഉയർച്ച. 3.83 ബില്യൻ സ്വിസ് ഫ്രാങ്ക് (30,500 കോടിയിലേറെ രൂപ) ആണ് 2021ൽ ഇന്ത്യക്കാരുടെ നിക്ഷേപം. 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിതെന്നും 50 ശതമാനമാണു വർധനയെന്നും സ്വിറ്റ്‌സർലൻഡിലെ കേന്ദ്ര ബാങ്ക് (സ്വിസ് നാഷനൽ ബാങ്ക്– എസ്എൻബി) പുറത്തുവിട്ട ഡേറ്റയിൽ പറയുന്നു.
വ്യക്തികൾ നേരിട്ടും കമ്പനികളുടെയും കമ്പനികളുടെ ഇന്ത്യൻ ശാഖകളുടെയും പേരിലുമെല്ലാമാണു നിക്ഷേപം നടത്തിയിട്ടുള്ളത്. 2020 അവസാനം 2.55 ബില്യൻ സ്വിസ് ഫ്രാങ്ക് (20,700 കോടി രൂപ) ആയിരുന്നു ഇന്ത്യക്കാരുടെ നിക്ഷേപം. 2021ൽ ഇന്ത്യക്കാരുടെ ആകെ നിക്ഷേപം 3,831.91 ദശലക്ഷം സ്വിസ് ഫ്രാങ്ക് ആയി. ഉപഭോക്താക്കളുടെ പേരിൽ 602.03 ദശലക്ഷവും മറ്റു ബാങ്കുകൾ വഴി 1,225 ദശലക്ഷവും ട്രസ്റ്റുകൾ വഴി 3 ദശലക്ഷം സ്വിസ് ഫ്രാങ്കും ഉൾപ്പെടെയാണിത്.
ബോണ്ടുകൾ, സെക്യൂരിറ്റി തുടങ്ങിയ മാർഗങ്ങളിലൂടെ 2,002 ദശലക്ഷം ഫ്രാങ്കും നിക്ഷേപമായുണ്ട്. 2006ൽ ആണ് ഇതിനുമുൻപ് സ്വിസ് നിക്ഷേപം ഏറ്റവും ഉയർന്നത്– 6.5 ബില്യൻ. അതിനുശേഷം 2011, 2013, 2017, 2020, 2021 വർഷങ്ങളിലൊഴികെ നിക്ഷേപം കുറയുകയാണുണ്ടായത്. ഇപ്പോൾ പുറത്തുവന്നത് ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തെ കുറിച്ചുള്ള കണക്കല്ലെന്നും എസ്എൻബിയുടെ ഔദ്യോഗിക ഡേറ്റയാണെന്നും വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
പാക്കിസ്ഥാന്റെ നിക്ഷേപവും വർധിച്ച് 712 ദശലക്ഷം ഫ്രാങ്ക് ആയി. ബംഗ്ലദേശിന്റെ നിക്ഷേപം 872 ദശലക്ഷം ഫ്രാങ്കാണ്. സ്വിസ് ബാങ്കിൽ മറ്റുള്ള 239 ബാങ്കുകളുടേതായി ആകെ നിക്ഷേപം 2.25 ട്രില്യൻ സ്വിസ് ഫ്രാങ്കായി ഉയർന്നു. വിദേശ ഇടപാടുകാരുടെയും സ്ഥാപനങ്ങളുടെയും ആകെ നിക്ഷേപത്തിലും വർധനയുണ്ട്. 2021ലെ കണക്കുപ്രകാരം 1.5 ട്രില്യൻ സ്വിസ് ഫ്രാങ്കാണ് (118 ലക്ഷം കോടി) ആകെ വിദേശ നിക്ഷേപം.
English Summary: Indians' Money In Swiss Banks Rises To 14-Year High; 50% Jump