ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് രോഗലക്ഷണങ്ങളുമായി എത്തുന്നവരെ സർക്കാർ ആശുപത്രി അധികൃതർ ആർടിപിസിആർ പരിശോധന നടത്താതെ തിരിച്ചയയ്ക്കുന്നതായി പരാതി. കൊല്ലം, വയനാട് ജില്ലകളിലാണു പരാതികളിലധികവും. ചില ജില്ലകളിൽ, പുറത്തുള്ള സ്വകാര്യ ലാബുകളിൽ ആർടിപിസിആർ ചെയ്യാനും നിർദേശിക്കുന്നുണ്ട്. കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ പരിശോധന നടത്താതെ തിരിച്ചയയ്ക്കുന്നതു ജനങ്ങളെ വലയ്ക്കുകയാണ്.

ആശുപത്രിയിലെത്തുന്നവരെ പരിശോധിക്കാതെ തിരിച്ചയയ്ക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ മനോരമ ഓൺലൈനോടു പറഞ്ഞു. ഡിഎംഒമാരോട് ഇക്കാര്യം പരിശോധിച്ചു നടപടിയെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. ആർടിപിസിആർ, ആന്റിജൻ ടെസ്റ്റ് ചെയ്യുന്നതിന് ഓരോ ജില്ലയിലും വ്യത്യസ്ത ദിവസമാണു ക്രമീകരിച്ചിരിക്കുന്നത്. ഇതു ജനങ്ങൾക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ടോയെന്നു പരിശോധിക്കുമെന്നും ഡയറക്ടർ പറഞ്ഞു.

രോഗലക്ഷണവുമായി വരുന്നവരെ പരിശോധിക്കണമെന്നും പരിശോധന നിർത്തുന്നത് അഭികാമ്യമല്ലെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. ദൈനംദിന രോഗികൾ എത്രയെന്ന് അധികൃതർക്കു ധാരണയുണ്ടാവണം. രോഗലക്ഷണങ്ങളുള്ള നിശ്ചിത എണ്ണം ആളുകളെ എല്ലാദിവസവും പരിശോധിക്കണം. അങ്ങനെ പരിശോധിച്ചാൽ രോഗം വല്ലാതെ കൂടുന്നുണ്ടോ, പുതിയ വകഭേദങ്ങൾ വരുന്നുണ്ടോ എന്ന് അറിയാൻ കഴിയും. ടെസ്റ്റ് നടത്തിയശേഷം ആവശ്യമുണ്ടെങ്കിൽ മാത്രമേ ആശുപത്രിയിൽ പ്രവേശിക്കേണ്ടതുള്ളൂ. രോഗബാധിതർക്കു വീട്ടിൽ തന്നെ കഴിയാവുന്ന സാഹചര്യമാണ് ഇപ്പോൾ. ഗുരുതരമാകുന്ന കേസുകൾ കുറവാണ്. മരണങ്ങളും കുറവാണ്. എന്നാൽ, മരണ കാരണങ്ങൾ കൃത്യമായി പരിശോധിക്കണം. മരിച്ചയാളുടെ പ്രായവും മറ്റു രോഗങ്ങളുണ്ടായിരുന്നോ എന്നുള്ളതും പരിശോധിക്കണമെന്നും വിദഗ്ധർ പറയുന്നു.

കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുകയാണെന്ന് അധിക‍ൃതർ പറയുന്നു. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ചു രോഗികളുടെ എണ്ണം 3162 ആണ്. തുടർച്ചയായ മൂന്നാം ദിവസമാണ് കോവിഡ് രോഗികളുടെ എണ്ണം മൂവായിരം കവിയുന്നത്. 14.78 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എറണാകുളം ജില്ലയിലാണ് രോഗികൾ കൂടുതൽ.

English Summary: Those who come to the hospital with covid symptoms are sent back without RTPCR test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com