ADVERTISEMENT

ശ്രീനഗർ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥിയായി മത്സരിക്കാനില്ലെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്ക് തന്റെ പേര് നിർദേശിച്ച ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള സംയുക്ത സ്ഥാനാർഥിയെ ചർച്ച ചെയ്യാനായി പ്രതിപക്ഷ പാർട്ടികൾ മുംബൈയിൽ ചേരുന്ന യോഗത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. എൻസിപി അധ്യക്ഷൻ ശരദ് പവാർ പിന്മാറിയതിനു പിന്നാലെയാണ് സ്ഥാനാർഥിയാകാനില്ലെന്ന് വ്യക്തമാക്കി ഫാറൂഖും രംഗത്തെത്തിയത്. ഇതോടെ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി നിർണയം അനിശ്ചിതത്വത്തിലായി.

‘രാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്ക് മമത എന്റെ പേര് നിർദേശിച്ചതിനു പിന്നാലെ, സ്ഥാനാർഥിത്വത്തിന് പിന്തുണ വാഗ്ദാനം ചെയ്ത് പ്രതിപക്ഷ നേതാക്കളിൽ നിന്ന് നിരവധി ഫോൺ കോളുകൾ ലഭിച്ചു. മുതിർന്ന സഹപ്രവർത്തകരുമായി ഇതേക്കുറിച്ച് സംസാരിച്ചു. ജമ്മു കശ്മീർ ഒരു നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സമയം എന്റെ സാന്നിധ്യം കശ്മീരിൽ ആവശ്യമാണ്. അതിനാൽ സ്ഥാനാർഥി പരിഗണനയിൽ നിന്ന് എന്റെ പേര് പിൻവലിക്കണമെന്ന് ആഗ്രഹിക്കുന്നു. സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയെ പിന്തുണയ്ക്കും.’– അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.

കോൺഗ്രസ്, ഡിഎംകെ, എൻസിപി, സമാജ്‌വാദി പാർട്ടി എന്നിവയുൾപ്പെടെ 17 പ്രതിപക്ഷ പാർട്ടികളുടെ ഈ ആഴ്ച ആദ്യം നടന്ന യോഗത്തിലാണ് മമതാ ബാനർജി ഫാറൂഖ് അബ്ദുല്ലയുടെ പേര് നിർദേശിച്ചത്. രാഷ്ട്രപതി സ്ഥാനാർഥിത്വം ശരദ് പവാർ നിരസിച്ചതിനെ തുടർന്നാണ് മമത ഫാറൂഖ് അബ്ദുല്ലയുടെ പേര് മുന്നോട്ടുവച്ചത്. ഒപ്പം മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനും ബംഗാൾ മുൻ ഗവർണറുമായ ഗോപാൽകൃഷ്ണ ഗാന്ധിയുടെ പേരും നിർദേശിച്ചിരുന്നു.

English Summary: Farooq Abdullah Declines To Be Opposition's Presidential Candidate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com