‘അനുവദിച്ച 40 ലക്ഷം തിരിച്ചെടുക്കണം’; രാഹുൽ ഗാന്ധിയുടെ ഫണ്ട് വേണ്ടെന്ന് മുക്കം നഗരസഭ
Mail This Article
കോഴിക്കോട് ∙ മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിടം നിർമിക്കാൻ രാഹുൽ ഗാന്ധി എംപി അനുവദിച്ച 40 ലക്ഷം രൂപ തിരിച്ചെടുക്കണമെന്നു മുക്കം നഗരസഭ. ഈ മാസം ആറിനു ചേര്‍ന്ന നഗരസഭാ ഭരണ സമിതിയാണ് രാഹുല്‍ ഗാന്ധി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 40 ലക്ഷം രൂപ റദ്ദാക്കാന്‍ തീരുമാനിച്ചത്. നിര്‍മാണവുമായി ബന്ധപ്പെട്ട മാസ്റ്റര്‍ പ്ലാന്‍ തയാറാകുന്നതിനാല്‍ അനുവദിച്ച തുക ഈ വര്‍ഷം ചെലവഴിക്കാന്‍ സാധിക്കില്ലെന്നാണു നഗരസഭ പറയുന്നത്.
ഇക്കാര്യം ചൂണ്ടിക്കാണ്ടി നഗരസഭാ സെക്രട്ടറി കലക്ടർക്കും ജില്ലാ പ്ലാനിങ് ഓഫിസർക്കും കത്തു നല്‍കുകയും ചെയ്തു. എന്നാല്‍, സിപിഎം ഭരിക്കുന്ന നഗരസഭ രാഷ്ട്രീയം കളിക്കുകയാണെന്നും ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
അത്യാഹിത വിഭാഗത്തോടുകൂടി 24 മണിക്കൂർ പ്രവർത്തിക്കുന്ന ആശുപത്രിയും കിടത്തിച്ചികിത്സയും വേണമെന്നടക്കമുള്ള ആവശ്യം നാട്ടുകാർ ഉന്നയിക്കുമ്പോഴാണ് സാമൂഹികാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിടം നിർമിക്കാൻ അനുവദിച്ച തുക നഗരസഭ വേണ്ടെന്നു വയ്ക്കുന്നത്.
അതേസമയം, മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിനു സമീപമുള്ള സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയെ സംരക്ഷിക്കാനാണ് ഈ നീക്കമെന്നും ആരോപണമുണ്ട്. നഗരസഭയുടെ തീരുമാനത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ആരംഭിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.
English Summary: Spat between ldf and udf in mukkam municipality for accepting fund from rahul gandhi