കെഎസ്ഐഎൻസിയുടെ അമൃത ഓയിൽ ബാർജ് സജ്ജം; ക്ഷമത 300 മെട്രിക് ടൺ
Mail This Article
കൊച്ചി∙ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ (കെഎസ്‌ഐഎൻസി) പുതിയ സംരംഭമായ അമൃത ഓയിൽ ബാർജ് സർവീസിന് സജ്ജമായി. 300 മെട്രിക് ടൺ ക്ഷമതയാണ് അമൃത ഓയിൽ ബാർജിന് ഉള്ളത്. കൊച്ചിയിൽനിന്ന് കേരള മിനറൽസ് ആൻഡ് മെറ്റൽസിലേക്ക് ഫർണസ് ഓയിൽ എത്തിക്കാൻ ലക്ഷ്യമിട്ടാണ് ഇതു നിർമിച്ചത്.
തൃക്കുന്നപ്പുഴ ചീപ്പിന്റെ ഷട്ടറുകളുടെ പണി പൂർത്തിയാക്കിയാൽ ഈ റൂട്ടിൽ സർവീസ് ആരംഭിക്കാനാവും. ഉൾനാടൻ ജലപാതകൾ നവീകരിക്കുന്ന സർക്കാർ പദ്ധതിയുടെ വേഗത്തിലുള്ള പുരോഗതി കെഎസ്‌ഐഎൻസിക്ക് അനുകൂല ഘടകമാണെന്ന് മനേജിങ് ഡയറക്ടർ പ്രശാന്ത് നായർ പറഞ്ഞു.
36.40 മീറ്റർ നീളവും 8.75 മീറ്റർ വീതിയും 2.35 മീറ്റർ ഉയരവും വരുന്ന അമൃത ഓയിൽ ബാർജിന്റെ സേവനം ആവശ്യപ്പെട്ട് വിവിധ മേഖലകളിൽനിന്നും ആവശ്യം ഉയരുന്നുണ്ട്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ആവശ്യത്തിനും സ്വകാര്യ കമ്പനികൾക്കും അമൃത ഓയിൽ ബാർജിന്റെ സേവനം ഇപ്പോൾതന്നെ ലഭ്യമാക്കി തുടങ്ങി.
അപകടകരമായ വസ്തുക്കൾ ദീർഘകാല അടിസ്ഥാനത്തിൽ റോഡ് മാർഗമല്ലാതെ ജലഗതാഗതം മുഖേന നടത്തണം എന്ന സർക്കാർ നയത്തിന് അനുസൃതമായാണ് ഈ സംരംഭം. 4.5 കോടി രൂപ ചെലവാക്കി സ്വന്തം യാർഡിലാണ് കെഎസ്‌ഐഎൻസി നിർമാണം പൂർത്തിയാക്കിയത്. ഐആർഎസ് സർട്ടിഫിക്കേഷൻ ഉള്ള അമൃത ഓയിൽ ബാർജിന് കൊച്ചിൻ പോർട്ട് ട്രസ്റ്റ് ലൈസൻസുമുണ്ട്.
ഫർണസ് ഓയിൽ കൂടാതെ പെട്രോളിയം ലൈസൻസും ഉള്ള ഈ യാനത്തിന് പുറംകടലിൽ പോയി വലിയ കപ്പലുകളിൽ ഇന്ധനം നിറക്കാനുള്ള പ്രാപ്തിയുണ്ട്. ചരക്കുഗതാഗത മേഖലയിൽ പുതിയ ആസിഡ് ബാർജുകളും ഓയിൽ ബാർജുകളും അടക്കം ഇരുപതോളം കപ്പലുകളും ബാർജുകളും റോറോ വെസലുകളും ജങ്കാറുകളും ആഡംബര ടൂറിസം ക്രൂസ് വെസലുകളും കെഎസ്ഐഎൻസിക്ക് നിലവിലുണ്ട്. കോവിഡിന് ശേഷം ചരക്കു സേവനമേഖലയും ടൂറിസവും മെച്ചപ്പെട്ടതോടെ നല്ല മാർക്കറ്റ് ഡിമാന്റ് അനുഭവപ്പെടുന്നതായി കമ്പനി അധികൃതർ അറിയിച്ചു.
English Summary: Amrita Oil Barge ready for Service