അനാവശ്യ വിവാദം; ഖാദറിനോട് ലീഗ് കളിക്കാൻ നിൽക്കണ്ട: എ.പി. അബ്ദുല്ലക്കുട്ടി
Mail This Article
കോഴിക്കോട്∙ കെഎൻഎ ഖാദർ വിഷയത്തിൽ മുസ്‌ലിം തീവ്രഗ്രൂപ്പ് നടത്തുന്ന കുറ്റപ്പെടുത്തലുകൾ കാര്യമില്ലാത്തതെന്ന് എ.പി.അബ്ദുല്ലക്കുട്ടി. വിവാദം അനാവശ്യമാണ്. വിവരവും വിദ്യാഭ്യാസവുമുള്ള നേതാവാണ് കെ.എൻ.എ ഖാദർ. ഏത് വിഷയത്തെ കുറിച്ചും നന്നായി സംസാരിക്കുന്ന ആളാണ്. വേദങ്ങളെ കുറിച്ച് ആഴത്തിൽ പഠിച്ച ആളാണ്. അദ്ദേഹത്തോട് കളിക്കാൻ നിൽക്കണ്ട എന്നാണ് ലീഗുകാരോട് പറയാനുള്ളതെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തിൽ പ്രാധാന്യമുള്ള വ്യക്തിയാണ് കെ.എൻ.എ ഖാദർ. അദ്ദേഹത്തെ പുറത്താക്കാനുള്ള ധൈര്യം മുസ്‌ലിം ലീഗിനില്ല. അങ്ങനെ സംഭവിച്ചാൽ തന്നെ അദ്ദേഹത്തിന് ഒരു കുഴപ്പവുമില്ല. ഒരു സംഘം തീവ്ര ഗ്രൂപ്പുകൾക്ക് ലീഗിലെ ചിലർ അടിമപ്പെട്ടുവെന്നും എ.പി. അബ്ദുല്ലക്കുട്ടി കുറ്റപ്പെടുത്തി.
കോഴിക്കോട് ആര്‍എസ്എസിന്റെ കേസരി സ്‌നേഹബോധി സാംസ്‌കാരിക സമ്മേളനത്തിൽ കെഎൻഎ ഖാദർ പങ്കെടുത്തതാണ് വിവാദങ്ങൾക്ക് തുടക്കം. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി മുസ്‌ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ എം.കെ. മുനീർ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ആരെങ്കിലും എങ്ങോട്ടെങ്കിലും വിളിച്ചാൽ അങ്ങോട്ടേയ്ക്ക് ഓടിച്ചെല്ലുന്നവരാകരുത് മുസ്‌ലിം ലീഗുകാർ എന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
അതേസമയം, ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്നും സ്നേഹബോധി എന്ന പേരിൽ നടന്ന സാംസ്കാരിക പരിപാടിയിൽ ആശംസ പറയാൻ മാത്രമായിരുന്നു പോയതെന്നുമാണു ഖാദറിന്റെ വിശദീകരണം.
English Summary: AP Abdullakutty support KNA Khader