വിമാന ടിക്കറ്റ് ബുക്ക് ചെയ്തത് ഡിസിസി; ട്രാവൽ ഏജൻസിക്ക് പണം നല്‍കിയില്ല: പി.പി.ദിവ്യ
Mail This Article
കണ്ണൂർ∙ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് നല്‍കിയ കേസിലെ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കു വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ ട്രാവല്‍ ഏജന്‍സിയിലേക്ക് വിളിച്ചത് കണ്ണൂര്‍ ഡിസിസി ഓഫിസില്‍ നിന്നാണെന്ന് സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ. ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ പണം ഇതുവരെ ട്രാവല്‍ ഏജന്‍സിക്ക് നല്‍കിയിട്ടില്ലെന്നും പി.പി.ദിവ്യ സമൂഹമാധ്യമത്തിൽ കുറിച്ചു.
വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മൂന്നു പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഫർസീൻ മജീദിനും നവീൻ കുമാറിനും ജാമ്യവും സുജിത് നാരായണന് മുൻകൂർ ജാമ്യവുമാണ് ഹൈക്കോടതി അനുവദിച്ചത്. ഫര്‍സീനും നവീനും റിമാന്‍ഡിലാണ്. മുഖ്യമന്ത്രിയോടുള്ള വിരോധമല്ല വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധത്തിനു കാരണമായതെന്നു ഹൈക്കോടതി പറഞ്ഞു.
പ്രതികൾ ആയുധം കരുതിയിരുന്നില്ലെന്നു വ്യക്തമാക്കിയ കോടതി, വിമാനം ലാൻഡ് ചെയ്ത ശേഷമാണ് പ്രതിഷേധിച്ചതെന്നു പറഞ്ഞു. എയർപോർട്ട് മാനേജർ ആദ്യം നൽകിയ റിപ്പോർട്ടിൽ വാക്കുതർക്കം എന്ന് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീടു നൽകിയ റിപ്പോർട്ടിലാണ് മുദ്രാവാക്യം വിളിച്ച കാര്യം ഉള്ളതെന്നും കോടതി വ്യക്തമാക്കി.
English Summary: Flight protest: CPM leader PP Divya against Kannur DCC