ദ്രൗപദി മുർമുവിന് പിന്തുണയുമായി മായാവതി; ‘പ്രതിപക്ഷം തങ്ങളോട് ആലോചിച്ചില്ല’
Mail This Article
ലക്നൗ∙ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി). പ്രതിപക്ഷ പാർട്ടികളുമായി രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിട്ടില്ലെന്നു പറഞ്ഞു കൊണ്ടാണു ബിഎസ്‌പി അധ്യക്ഷ മായാവതി ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചത്. തങ്ങളുമായി യാതൊരു തരത്തിലുള്ള കൂടിയാലോചനകളും ഇല്ലാതെയാണ് പ്രതിപക്ഷ സ്ഥാനാർഥിയായി യശ്വന്ത് സിൻഹയെ പ്രഖ്യാപിച്ചത്. ബിജെപിയോടും എൻഡിഎയോടുമുള്ള ബിഎസ്‌പിയുടെ സമീപനത്തിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും പിന്തുണയായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മായാവതി പറഞ്ഞു.
ഈ തീരുമാനം പ്രതിപക്ഷത്തിന് എതിരല്ലെന്നും മായാവതി പറഞ്ഞു. ദ്രൗപദി മുർമു മികച്ച സ്ഥാനാർഥിയായതിനാലും ഗോത്രവർഗത്തിൽനിന്നുള്ളയാൾ എന്ന നിലയിലാണ് പിന്തുണയ്ക്കുന്നതെന്നും മായാവതി പറഞ്ഞു. ബിജെപിയുടെ സ്ഥാനാർഥിയെന്നതു മാറ്റിവച്ച്, ഗോത്രവർഗത്തിൽനിന്നുള്ളയാൾ എന്ന പരിഗണനയിൽ പ്രതിപക്ഷത്തെ കൂടുതൽ പാർട്ടികൾ ദ്രൗപദിക്ക് വോട്ട് ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി. പാർട്ടികളുടെ നിലപാടിനപ്പുറത്ത്, വോട്ടർമാർ ദ്രൗപദിക്ക് ‘മനഃസാക്ഷി വോട്ട്’ ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് പ്രതിപക്ഷ നേതാക്കളും സൂചിപ്പിക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ബാധകമല്ല. കഴിഞ്ഞ തവണ റാം നാഥ് കോവിന്ദിന് പ്രതിപക്ഷത്തുനിന്ന് ഏതാനും കോൺഗ്രസുകാരുടെയുൾപ്പെടെ വോട്ട് ലഭിച്ചിരുന്നു.
English Summary: Mayawati Backs Droupadi Murmu For President