സിദ്ദിഖിനെ നാട്ടിലെത്തിച്ചത് സഹോദരനെ ബന്ദിയാക്കി; ശരീരത്തില്‍ കുത്തേറ്റ പാടുകള്‍
Mail This Article
കാസർകോട്∙ പുത്തിഗെ മുഗു റോഡ് സ്വദേശി അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ഡോളർ കടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നെന്നു സൂചന. മരിച്ച സിദ്ദിഖിന്റെ സഹോദരൻ അൻവറിനെയും സുഹൃത്ത് അൻസാരിയെയും ഒരു സംഘം തട്ടിക്കൊണ്ടു പോയിരുന്നു. ഇന്നലെയാണ് അബൂബക്കർ സിദ്ദിഖ് കൊല്ലപ്പെടുന്നത്.
കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. പൈവളികെ സ്വദേശികളായ എട്ടു പേരാണ് അക്രമി സംഘത്തിലുള്ളതെന്നാണു സൂചന. രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സഹോദരനെയും സുഹൃത്തിനെയും കസ്റ്റഡിയിൽവച്ചാണ് സംഘം സിദ്ദിഖിനെ ഗൾഫിൽനിന്ന് നാട്ടിലെത്തിച്ചത്. സംസാരിക്കാമെന്ന് പറഞ്ഞ് സിദ്ദിഖിനെ ഞായറാഴ്ച ഉച്ചയോടെ കാറിൽ കയറ്റികൊണ്ടുപോയി. അക്രമത്തിൽ അവശനായ സിദ്ദിഖിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
സിദ്ദിഖിന്റെ ശരീരത്തിൽ കുത്തേറ്റതിന്റെയും മർദനമേറ്റതിന്റെയും പാടുകളുണ്ട്. ഗുരുതരാവസ്ഥയിലുള്ള സിദ്ദിഖിന്റെ സഹോദരനെയും അക്രമി സംഘം ആശുപത്രിയിൽ ഉപേക്ഷിച്ചു. ഇയാൾ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. കുമ്പള പൊലീസ് ഞായറാഴ്ച തന്നെ മംഗളൂരുവിലെത്തി അൻവറിന്റെ മൊഴിയെടുത്തു. സിദ്ദിഖിന്റെ സുഹൃത്ത് അൻസാരി എവിടെയെന്ന് ഇപ്പോഴും വ്യക്തമല്ല.
English Summary: Kasargode Aboobacker Siddique murder case, police investigation