ടി.ശിവദാസമേനോൻ: ആദർശങ്ങളിൽ ഉറച്ച കമ്യൂണിസ്റ്റ്, സമരനായകൻ – ചിത്രങ്ങളിലൂടെ
Mail This Article
ആദർശത്തിൽനിന്നു വ്യതിചലിക്കാതെ കമ്യൂണിസ്റ്റ് പാർട്ടിയെ നേർവഴി പഠിപ്പിച്ച അധ്യാപകനായിരുന്നു ടി. ശിവദാസ മേനോൻ. സാമൂഹിക മാറ്റം വിപ്ലവത്തിലൂടെ എന്ന് വിശ്വസിക്കുകയും ഒട്ടേറെ സമരങ്ങൾക്ക് മുന്നിൽനിൽക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം. പാലക്കാട് കലക്ടറേറ്റിനു മുൻപിൽ ഇടതുപക്ഷ സമരങ്ങളുടെ മുൻനിര നേതാക്കളിൽ ഒരാളായിരുന്നു. പാർട്ടി ഓഫിസിലെ താമസവും ഇടതുസഹയാത്രികരുമായുള്ള കൂട്ടും ശിവദാസ മേനോനെ അടിയുറച്ച കമ്യൂണിസ്റ്റ് വിശ്വാസിയാക്കി.
രസതന്ത്രം അധ്യാപകനായിരുന്നു ടി.ശിവദാസമേനോൻ. അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശ്വാസത്തിന്റെ ഓരോ തന്മാത്രയിലും നിറഞ്ഞു നിന്നത് കമ്യൂണിസവും. കാലം എത്രയോ പരീക്ഷണങ്ങളിൽപെടുത്തിയിട്ടും ശിവദാസമേനോനെന്ന ലിറ്റ്മസ് പേപ്പർ കടുംചുവപ്പിൽനിന്നു മാറിയില്ല. രാസസമവാക്യങ്ങളെക്കാൾ സാമൂഹിക സമവാക്യങ്ങളുടെ പൊരുത്തവും പൊരുത്തക്കേടും നോക്കുന്ന ആ രാഷ്ട്രീയ ജാഗ്രതയും കുറഞ്ഞില്ല. ആകാരം പോലെ തന്നെ ആദർശത്തിലും ഗാംഭീര്യം പുലർത്തിയ ശിവദാസ മേനോന്റെ നവതി ഈ മാസമായിരുന്നു.
പ്രായത്തെത്തുടർന്നുള്ള ശാരീരിക ബുദ്ധിമുട്ടുകളൊഴിച്ചാൽ ഓർമകൾക്കുപോലും സ്ഫടികത്തെളിച്ചമുണ്ടായിരുന്ന ശിവദാസ മേനോൻ വള്ളുവനാടിന്റെ രാഷ്ട്രീയ പോരാട്ടങ്ങളെക്കുറിച്ച് പുസ്തകമെഴുതാനുള്ള ഒരുക്കങ്ങളിലായിരിക്കെയാണ് ഈ വിയോഗവാർത്ത കടന്നെത്തുന്നതും.
1955 ൽ കമ്യൂണിസ്‌റ്റ് പാർട്ടിയിൽ അംഗമായി. 1958 മുതൽ 64 വരെ അവിഭക്‌ത കമ്യൂണിസ്‌റ്റ് പാർട്ടിയുടെയും 64 മുതൽ സിപിഎമ്മിന്റെയും ജില്ലാ കമ്മിറ്റികളിലും 1978 മുതൽ പാർട്ടിയുടെ സംസ്‌ഥാന കമ്മിറ്റിയിലും അംഗമായി. 1956ൽ സിപിഐ മണ്ണാർക്കാട് ബ്രാഞ്ച് കമ്മിറ്റിയിൽ എത്തി. പാർട്ടി പിളർപ്പിനു ശേഷം 1964ൽ പെരിന്തൽമണ്ണ താലൂക്ക് കമ്മിറ്റിയംഗമായി. പാലോളി മുഹമ്മദ് കുട്ടിയായിരുന്നു സെക്രട്ടറി. പാലക്കാട് കമ്മിറ്റി നിലവിൽ വന്നതുമുതൽ ജില്ലാ കമ്മിറ്റി അംഗമായും 1978 മുതൽ സംസ്ഥാന കമ്മിറ്റി അംഗവുമായി. 1979ൽ സിപിഎമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടറിയായി.
∙ അധ്യാപകനിൽനിന്നു രാഷ്ട്രീയത്തിലേക്ക്
1932 ൽ മണ്ണാർക്കാട്ടാണ് ജനനം. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലും പാലക്കാട് ഗവ. വിക്‌ടോറിയ കോളജിലും കോഴിക്കോട് ഗവ. ട്രെയിനിങ് കോളജിലും വിദ്യാഭ്യാസം പൂർത്തിയാക്കി. ബിഎസ്‌സി, ബി.ടി ബിരുദങ്ങൾ കരസ്‌ഥമാക്കി. അധ്യാപകരിലെ രാഷ്ട്രീയക്കാരനും രാഷ്ട്രീയക്കാരിലെ അധ്യാപകനുമായി അറിയപ്പെടുന്നയാളാണ് ശിവദാസ മേനോൻ. അധ്യാപകർക്കുവേണ്ടി സമരം ചെയ്താണ് രാഷ്ട്രീയരംഗത്തേക്ക് എത്തുന്നതും. മണ്ണാർക്കാട് കെടിഎം ഹൈസ്കൂളിൽ അധ്യാപകനായിരിക്കെ എയ്ഡഡ് സ്കൂൾ അധ്യാപകർക്ക്, മാനേജർമാർ വഴിയല്ലാതെ സർക്കാർ നേരിട്ടു ശമ്പളം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.
മണ്ണാർക്കാട് കെടിഎം സ്കൂളിൽ 1952 ൽ അധ്യാപകനായി ജോലിക്കു കയറിയ അദ്ദേഹം 1956 ൽ പ്രധാനാധ്യാപകനായി. 1957 കാലത്ത് കേരള പ്രൈവറ്റ് ടീച്ചേഴ്‌സ് ഫെഡറേഷന്റെ മലബാർ റീജനൽ പ്രസിഡന്റായിരുന്നു അദ്ദേഹം. നാലു വർഷം കെപിടിയു സംസ്‌ഥാന സെക്രട്ടറിയായിരുന്നു. 1968-74 കാലത്ത് കാലിക്കറ്റ് സർവകലാശാലാ സെനറ്റ് അംഗമായിരുന്നു. 74ൽ സർവകലാശാലാ സിൻഡിക്കേറ്റ് അംഗവുമായി. കേരള വിദ്യാഭ്യാസ ഉപദേശക ബോർഡിലും കാലിക്കറ്റ് സർവകലാശാലയുടെ എജ്യുക്കേഷൻ ഫാക്കൽട്ടിയിലും ബോർഡ് ഓഫ് സ്‌റ്റഡീസിലും അംഗമായിരുന്നു. 1986 ൽ അധ്യാപനത്തിൽനിന്ന് സ്വയം വിരമിച്ച് സജീവ രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചു.
ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടം സ്വന്തം അമ്മാവനെതിരെയായിരുന്നു. 1965ൽ പഞ്ചായത്ത് ബോർഡ് തിരഞ്ഞെടുപ്പിലാണ് ടി.നാരായണൻകുട്ടി മേനോനെന്ന അമ്മാവനും ശിവദാസ മേനോനെന്ന മരുമകനും നേർക്കുനേർ പോരാടിയത്. അന്നു വിജയം മരുമകനൊപ്പം നിന്നു. 1987 മുതൽ മൂന്നു തവണ (1987–1991ലും 1991–1996 വരെയും 1996 മുതൽ 2001വരെയും) മലമ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.
∙ പാർട്ടിയുടെ കരുത്തായ വിപ്ലവ ആവേശം
മൂന്നു തവണ നിയമസഭാംഗവും രണ്ടു തവണ മന്ത്രിയുമായി. നിലവിൽ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം. അധ്യാപകസംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ശിവദാസ മേനോൻ ഒരു കാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കടിഞ്ഞാൺ പിടിച്ചു. നിയമസഭയ്ക്ക് അകത്തും പുറത്തും അദ്ദേഹത്തിന്റെ വിപ്ലവ ആവേശം പാർട്ടിയുടെ കരുത്തായി.
1987 മുതൽ വൈദ്യുതി–ഗ്രാമവികസനവകുപ്പു മന്ത്രി. നിയമസഭയിൽ മന്ത്രിയായ ശേഷമാണു സത്യപ്രതിജ്ഞ ചെയ്തത്. 1991ൽ പ്രതിപക്ഷത്തായിരുന്നപ്പോൾ ചീഫ് വിപ്പായി. 1996 മുതൽ 2001 വരെ ധനമന്ത്രിയുമായി. ഇതിനിടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായി. 1977 ൽ പാലക്കാട്ടുനിന്നു ലോക്‌സഭയിലേക്ക് മൽസരിച്ചെങ്കിലും 15,000 ത്തിൽ താഴെ വോട്ടുകൾക്കു പരാജയപ്പെട്ടു.
മുത്തങ്ങ വെടിവയ്പും അനിഷ്ട സംഭവങ്ങളും അന്വേഷിക്കണമെന്ന ആവശ്യം സംസ്ഥാന തലത്തിൽ ഉയർത്തിക്കൊണ്ടുവരാൻ അദ്ദേഹത്തിനായി. സംഭവത്തെ കുറിച്ചു ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു നടത്തിയ ഡിവൈഎസ്പി ഓഫിസ് മാർച്ച് അക്രമത്തിൽ കലാശിച്ചു. ശിവദാസ മേനോനും പരുക്കേറ്റു. തലയ്ക്കു പരുക്കേറ്റു രക്തം വാർന്നൊലിച്ചു. 24 ദിവസം ഐസിയുവിൽ കഴിയേണ്ടി വന്നു. ശിവദാസ മേനോന് മർദനമേറ്റത് അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും അന്വേഷണത്തോട് സഹകരിക്കാൻ തയാറായില്ല. ഒരാൾക്കു മാത്രമല്ല മർദനമേറ്റതെന്നും നൂറുകണക്കിന് ആളുകൾക്ക് പരുക്കേറ്റെന്നും പറഞ്ഞ്, സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നു ശഠിച്ചതും അന്നത്തെ യുഡിഎഫ് സർക്കാരിനെ പ്രതിസന്ധിയിലാക്കി.
∙ ഉന്നത നേതാക്കളുമായി എന്നും അടുപ്പം
പാലക്കാട്ടെ സിറാജുന്നീസ വെടിവയ്പും ശിവദാസ മേനോന്റെ നിലപാടും നിയമസഭയിൽ ഏറെ ഒച്ചപ്പാടുണ്ടാക്കി. പള്ളിയിൽ പൊലീസ് ബൂട്ടിട്ടു കയറിയതും വെടിവയ്പും നിയമസഭയിൽ അടിയന്തര പ്രമേയം കൊണ്ടുവന്നു. സിറാജുന്നിസയുടെ മൃതദേഹം മോർച്ചറിയിൽ പോയി കണ്ടു. പൊലീസിന്റെ വീഴ്ച മൂലമാണ് ബാലികയ്ക്കു ജീവൻ നഷ്ടപ്പെട്ടത്. എഫ്ഐആറിന്റെ കോപ്പിൽ സഭയിൽ പരസ്യമായി വലിച്ചു കീറി. 11 വയസ്സായ സിറാജുന്നീസയെ ശവംതീനികൾ ബലിയാടാക്കി എന്നു പ്രസംഗിച്ചായിരുന്നു സഭയ്ക്കകത്തെ മേനോന്റെ പ്രകടനം.
വാക്കിലും പ്രവൃത്തിയിലും കണിശത പുലർത്തിയ ശിവദാസ മേനോൻ ഒട്ടേറെ പ്രാദേശിക സമരങ്ങൾക്കു നേതൃത്വം നൽകി. പാലക്കാട് കലക്ടറേറ്റിലേക്ക്, ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് പാർട്ടി നേതൃത്വത്തിൽ നടത്തിയ ഒട്ടേറെ സമരങ്ങൾക്കു നേതൃത്വം വഹിച്ചു. സിപിഎമ്മിലെ തലമുതിർന്ന നേതാക്കളുമായി അവസാന നിമിഷം വരെ അടുത്ത ബന്ധം പുലർത്തി. പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻപിള്ള, സീതാറാം യച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, വി.എസ്. അച്യുതാനന്ദൻ തുടങ്ങിയവരുമായി അടുത്ത ബന്ധമുളള മുൻനിര സിപിഎം നേതാവു കൂടിയായിരുന്നു ശിവദാസ മേനോൻ. മഞ്ചേരിയിലോ മലപ്പുറത്തോ സിപിഎം സംസ്ഥാന രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാക്കൾ എത്തിയാൽ മഞ്ചേരിയിലെ ശിവദാസ മേനോന്റെ വീട്ടിലെത്തി സൗഹൃദം പുതുക്കുക പതിവായിരുന്നു.
കള്ളുഷാപ്പ് മുതലാളിമാർക്ക് കടിഞ്ഞാൺ ഇട്ടത് ശിവദാസമേനോൻ എക്സൈസ് മന്ത്രിയായിരിക്കെയാണ്. കള്ളുഷാപ്പ് ലേലം നിർത്തലാക്കി ലേലം നടത്തിപ്പ് സഹകരണ സംഘം വഴിയാക്കാൻ നടപടി സ്വീകരിച്ചു. എല്ലാ റെയ്ഞ്ചിലും ചെത്തുതൊഴിലാളി സഹകരണ സംഘങ്ങൾക്ക് പ്രാതിനിധ്യവും ഉറപ്പാക്കി. മലബാറിലെ വോൾട്ടേജ് ക്ഷാമത്തിനു പരിഹാരമുണ്ടാക്കുന്നതിലും അദ്ദേഹം മുന്നിൽനിന്നു.
പൊന്നാനി വെളിയംകോട് ഗ്രാമം അധികാരി പരേതനായ മാധവപ്പണിക്കരുടെ മകളായ ഭവാനിയമ്മയാണ് ഭാര്യ. ഇവർ 2003 ൽ അന്തരിച്ചു. മക്കൾ: ടി.കെ. ലക്ഷ്മീദേവി, കല്യാണിക്കുട്ടി. മരുമക്കൾ: അഡ്വ. സി. കരുണാകരൻ (കൊച്ചി), അഡ്വ. സി. ശ്രീധരൻ നായർ (മഞ്ചേരി, മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ).
English Summary: T Sivadasa Menon, the stalwart of Kerala CPM passed away - the life in pictures