ടി.ശിവദാസമേനോൻ: അധ്യാപകനിൽ നിന്ന് കമ്യൂണിസ്റ്റ്, ഉൾക്കാഴ്ചയുള്ള നിലപാടുകൾ
Mail This Article
മണ്ണാർക്കാട് കെടിഎം ഹൈസ്കൂൾ ഹെഡ്‌മാസ്റ്ററായിരുന്ന ടി. ശിവദാസമേനോൻ കേരളം കണ്ട മികച്ച കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളായി പരിണമിച്ചതിനു പിന്നിൽ ത്യാഗനിർഭരമായ ഒട്ടേറെ സംഭവങ്ങളുണ്ട്. ശിവദാസ മേനോൻ വെറുതേയങ്ങ് കമ്യൂണിസ്റ്റായതല്ല, അതൊരു രൂപാന്തരപ്പെടലായിരുന്നു, അവകാശപ്പോരാട്ടങ്ങളിലൂടെ സംഭവിച്ച ഒന്ന്.
∙ ഭൂപ്രഭുത്വത്തിനെതിരായ നിലപാട്
മണ്ണാർക്കാട്ടെ പ്രമാണികളായിരുന്ന തച്ചങ്കോട് നായർ കുടുംബത്തിലെ അംഗമായിരുന്നു ശിവദാസ മേനോൻ. പഠനകാലത്തു തന്നെ കുടുംബത്തിലെ ഭൂപ്രഭുത്വത്തിനെതിരായ നിലപാട് താൻ സ്വീകരിച്ചിരുന്നതായി അദ്ദേഹം തന്നെ പിന്നീടൊരിക്കൽ പറഞ്ഞു. സ്പെൻസേഴ്സ് എന്ന യൂറോപ്യൻ കമ്പനിയിൽ ജനറൽ മാനേജരായിരുന്ന അച്ഛൻ വി.എസ്.കെ.പണിക്കർ എന്ന വെള്ളോലി ശങ്കരൻകുട്ടിപ്പണിക്കർ പാലക്കാട്ടെ പുത്തൂർ സ്വദേശിയായിരുന്നു.
സായിപ്പിനോട് വലിയ ആദരവു കാട്ടിയ അച്ഛനോട് പലപ്പോഴും ആശയപരമായി വിയോജിപ്പായിരുന്നു മകന്. വലിയ മുതലാളിയുടെ ഭാവവും നല്ല ഇംഗ്ലിഷുമായി വരുന്ന അച്ഛനെ ‘ഫ്യൂഡൽ’ എന്നാണ് പിന്നീട് അദ്ദേഹം പലയിടത്തും പരാമർശിച്ചത്. ശിവദാസമേനോൻ ജനിച്ചു തൊണ്ണൂറാം ദിവസം മലേഷ്യയ്ക്കു കപ്പലിൽ പോയ കുടുംബം ആറു വയസ്സിനു ശേഷം മടങ്ങിയെത്തിയതു കോഴിക്കോട്ടെയ്ക്ക്. സ്പെൻസേഴ്സിൽ നിന്നു രാജിവച്ച അച്ഛൻ പിന്നീട് കോഴിക്കോട് എവിടിയിൽ ജോലിക്കെത്തിയതോടെ താമസം പുതിയറ മഹാറാണി ഹോട്ടലിനു മുന്നിലെ വാടകവീട്ടിലായി. പുതിയറ ബിഇഎം സ്കൂളിലായിരുന്നു ഫസ്റ്റ് ഫോം പഠനം.
സാമൂതിരി ഹൈസ്കൂളിൽ ഹൈസ്കൂൾ പഠനത്തിനു പിന്നാലെ സാമൂതിരി കോളജിൽ നിന്ന് ഇന്റർമീഡിയറ്റ് പാസായി. മകനെ ഡോക്ടറാക്കണമെന്നു മോഹിച്ച അച്ഛൻ ശിവദാസമേനോനെ സയൻസ് ഗ്രൂപ്പെടുത്തു പഠിപ്പിച്ചു. പിന്നീട് പാലക്കാട് വിക്ടോറിയ കോളജിലെത്തി.
∙ അധ്യാപനത്തിലേക്ക് ചുവടുമാറ്റം
ബിഎസ്‌സി പഠനം പൂർത്തിയാക്കിയ ഘട്ടത്തിലായിരുന്നു മണ്ണാർക്കാട്ടെ തറവാട്ടിലെ ഭാഗംവയ്പ്. അമ്മയുടെ സ്വത്തു നോക്കാൻ ആളില്ലാതെ വന്നപ്പോൾ നോക്കിനടത്താൻ ശിവദാസ മേനോനെ വീട്ടുകാർ നിർബന്ധിച്ചതോടെ അദ്ദേഹം വീട്ടിൽ ഒതുങ്ങാൻ തീരുമാനിച്ചു. മണ്ണാർക്കാട് മൂപ്പിൻ നായരുടെ സ്കൂളിൽ ( കെടിഎം ഹൈസ്കൂൾ) സയൻസ് എടുക്കാൻ ആളില്ലാതെ വന്നതോടെ അവിടെ ജോലിക്കു കയറി. ഇതോടെ ശിവദാസമേനോൻ അധ്യാപകനായി പരിവർത്തനം ചെയ്യപ്പെട്ടു.
ഒരു ജൂൺമാസത്തിലായിരുന്നു ടി.ശിവദാസമേനോന്റെ ജനനം. 1932 ജൂൺ 14ന് ചിത്തിര നക്ഷത്രത്തിലായിരുന്നു ജനനം. ജാതകത്തിലും ജന്മനക്ഷത്രത്തിലുമൊന്നും ശിവദാസ മേനോനു വിശ്വാസമില്ലെങ്കിലും അതെഴുതി വച്ചിട്ടുണ്ടെന്നു മേനോൻ തന്നെ ഒരിക്കൽ പറഞ്ഞു. അധ്യാപനവും അധ്യാപക സംഘടനാ പ്രവർത്തനവുമായി നടന്ന ശിവദാസ മേനോൻ അവകാശ സമരങ്ങളിലൂടെയായിരുന്നു സജീവ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലെത്തിച്ചേർന്നത്. അതിനായി ജീവിതത്തിൽ ഒട്ടേറെ പരീക്ഷണങ്ങൾ അദ്ദേഹത്തിനു നേരിടേണ്ടതായും വന്നു
∙ ചേച്ചിയുടെ ഓർമയ്ക്ക് മകളുടെ പേര്
ചേച്ചി ശ്രീദേവിയുടെ അകാലമരണം ശിവദാസ മേനോന്റെ വിവാഹപ്പിറ്റേന്നായിരുന്നു. അതു ശിവദാസ മേനോനിൽ വലിയ വ്യഥയുണ്ടാക്കി. ചേച്ചി ശ്രീദേവിക്കായിരുന്നു ശിവദാസ മേനോന്റെ വിവാഹം കാണാൻ ഏറെ മോഹം. പക്ഷേ വിധി അതിനനുവദിച്ചില്ല. മൂത്ത മകൾക്കും അനുജന്റെ മകൾക്കും ദേവി എന്ന പേരു കൂടി ഒപ്പമിട്ടാണ് ശിവദാസമേനോൻ തന്റെ പ്രിയപ്പെട്ട ചേച്ചിയുടെ ഓർമ നിലനിർത്തിയത്. കല്യാണപ്പിറ്റേന്ന് ചേച്ചിയുടെ ചേതനയറ്റ ദേഹം വീട്ടിലെത്തിയതിനെപ്പറ്റി ശിവദാസ മേനോൻ വല്ലാതെ നൊമ്പരപ്പെട്ടിരുന്നു. തച്ചങ്കോട്ടെ തറവാട്ടുവളപ്പിലായിരുന്നു ചേച്ചി ശ്രീദേവിയുടെ സംസ്കാരം.
പ്രൈവറ്റ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (പിഎസ്‌ടിഎ)എന്ന സംഘടനയിലൂടെയായിരുന്നു ശിവദാസ മേനോൻ സംഘടനാ പ്രവർത്തനം തുടങ്ങിയത്. മെംപർഷിപ്പും ഇതിലായിരുന്നു. ജോസഫ് മുണ്ടശ്ശേരി മാഷുടെ വിദ്യാഭ്യാസ ബില്ലിനെതിരെ മാനേജ്മെന്റ് കേസിനു പോയപ്പോൾ മാനേജ്മെന്റ് നിലപാടിനെതിരായ കമ്യൂണിസ്റ്റ് പാർട്ടി നിലപാടിനൊപ്പമായിരുന്നു ശിവദാസ മേനോൻ.
കെപിടിഎഫ് എന്ന പുതിയ സംഘടനയിൽ മേനോൻ പ്രവർത്തനം തുടങ്ങി. മാനേജ്മെന്റ് സ്കൂളുകളിലെ അധ്യാപക നിയമനം പിഎസ്‌സിക്കു വിടാനുള്ള തീരുമാനം എതിർക്കപ്പെടേണ്ടതല്ല എന്നു സംഘടന ആവേശപൂർവം പ്രഖ്യാപിച്ചു. കെപിടിയു എന്ന പുതിയ സംഘടന വന്നതോടെ പ്രവർത്തനം കൂടുതൽ സജീവമായി. കമ്യൂണസ്റ്റുകാരുമായി അതോടെ ആത്മബന്ധം ദൃഢമായി. സമരം നടത്തിയതിനു കള്ളക്കേസിൽ ജയിലിലടയ്ക്കപ്പെട്ടു. ഇ.എംഎസ് സർക്കാർ പിരിച്ചുവിടപ്പെട്ടതോടെ സിപിഎമ്മിനോടുള്ള ആത്മാർഥതയ്ക്ക് ആഴമേറി. ജോലിക്കൊപ്പം രാഷ്ട്രീയം സജീവമാക്കി.
∙ രാഷ്ട്രീയത്തിനായി വീടുവിട്ടിറക്കം
മാഷിന്റെ രാഷ്ട്രീയം കുട്ടികൾക്കും പ്രശ്നമായതോടെ ജോലി രാജിവച്ചിറങ്ങി സജീവ രാഷ്ട്രീയ പ്രവർത്തനം നടത്തി. രാജിവച്ചു രാഷ്ട്രീയത്തിലേക്കിറങ്ങിയതിനു വീട്ടിൽ നിന്നു പോലും എതിർപ്പുയർന്നതോടെ വീടുവിട്ടു വാടകവീട്ടിലെ ഇടുങ്ങിയ സൗകര്യങ്ങളിലേക്കൊതുങ്ങി. രണ്ടു മക്കളുടെയും കൈപിടിച്ചു ഭാര്യയ്ക്കൊപ്പം അദ്ദേഹം 25 രൂപ വാടകയ്ക്കു വീടെടുത്തുമാറി. ഒരു കോസടിയെങ്കിലും കൊണ്ടു പോകൂ എന്ന അമ്മയുടെ വാക്കുകൾക്കു പോലും ചെവികൊടുക്കാതെയുള്ള പടിയിറക്കമായിരുന്നു അത്.
ട്യൂഷനെടുത്തായിരുന്നു പിന്നീടുള്ള ജീവിതം. വീട് ട്യൂട്ടോറിയൽ കോളജ് പോലെയായെന്ന് ശിവദാസ മേനോൻ പറഞ്ഞിട്ടുണ്ട്. പായ മാത്രം വിരിച്ചായിരുന്നു കിടപ്പ്. ഭാര്യവീട്ടുകാർ ഈ അവസ്ഥ കണ്ടു കെട്ടിനൽകിയ വീട്ടിലിരുന്നാണു പിന്നീട് കുട്ടികൾ പഠിച്ചു വളർന്നത്. 1956ൽ മണ്ണാർക്കാട് ബ്രാഞ്ചിൽ അംഗമായാണു പാർട്ടിയിൽ അംഗത്വം ലഭിച്ചത്. പിന്നീട് പാലക്കാട് ജില്ലാ സെക്രട്ടറിയായും സംസ്ഥാന സമിതി അംഗമായും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായുമെല്ലാം വളർന്നു. മൂന്നുവട്ടം മത്സരിച്ചു. മലമ്പുഴയിൽ എതിർക്കാനാവാത്ത വിധം ഭൂരിപക്ഷവും നേടി.
∙ ആവേശം പകർന്ന പ്രസംഗങ്ങൾ
രാജീവ് വധം ഉണ്ടായ വർഷവും ശിവദാസ മേനോൻ മലമ്പുഴയിൽ മികച്ച മാർജിനിൽ വിജയിച്ചുകയറി. ധനമന്ത്രിയും എക്സൈസ് മന്ത്രിയും ഒക്കെയായി സിപിഎമ്മിന്റെ തലമുതിർന്ന നേതാക്കളിൽ ഒരാളായി ശിവദാസ മേനോൻ മാറിയതു സംഘടനാ പ്രവർത്തനത്തിന്റെ ബലം കൊണ്ടുമാത്രമായിരുന്നില്ല, അദ്ദേഹത്തിന്റെ പ്രസംഗങ്ങളും അത്രമേൽ ആവേശോജ്വലമായിരുന്നു.
രണ്ടര മൂന്നു മണിക്കൂർ വരെ നീട്ടിയൊക്കെ പ്രസംഗിക്കുമായിരുന്നു. വികാര നിർഭരമായിരുന്നു ആ വാക്കുകൾ. ആരോപണങ്ങളിൽ മനസ്സ് വ്യാപരിക്കാറില്ലെന്നും അത്തരം ആലോചനകൾ കാര്യമായി സ്വാധീനിക്കാറില്ലെന്നും ഒരിക്കൽ അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ നല്ല കാര്യങ്ങൾ തലച്ചോറിനെ കേടുവരുത്തില്ല. മോശം കാര്യങ്ങൾ ഹൃദയത്തെ മുറിവേൽപ്പിക്കുകയുമില്ല, അദ്ദേഹത്തിന്റെ നയം അതായിരുന്നു.
∙ ‘‘എല്ലാവർക്കും മന്ത്രിയാകാം; കമ്യൂണിസ്റ്റാകാനാവില്ല’’
ഭാര്യ ഭവാനിയമ്മയുമായി ശിവദാസമേനോന്റെ ബന്ധം ഏറെ ഹൃദ്യമായിരുന്നു. അദ്ദേഹത്തിന്റെ നേട്ടത്തിലും നഷ്ടത്തിലുമെല്ലാം ഒപ്പം നിന്ന അവർ ഒരു യഥാർഥ കമ്യൂണിസ്റ്റ് സഹയാത്രികയെ പോലെയാണ് എന്നും പെരുമാറിയത്. പാർക്കിൻസൺസ് രോഗത്താലായിരുന്നു ഭാര്യയുടെ വേർപാട്. ചികിത്സയിലായതിനാൽ രാഷ്ട്രീയ പ്രതിരോധങ്ങളിൽ മേനോനു സംഭവിക്കുന്ന ക്ഷതങ്ങളൊന്നും ഭാര്യയെ അറിയിച്ചിരുന്നില്ല.
പലപ്പോഴും മേനോനാകട്ടെ വീട്ടിൽ ഉണ്ടായിരുന്നുമില്ല. ഒരിക്കൽ മുത്തങ്ങ സമരം അന്വേഷിക്കണമെന്ന ആവശ്യവുമായി നടത്തിയ പിക്കറ്റിങ് ഉദ്ഘാടനം ചെയ്തു പാലക്കാടായിരുന്നു മേനോൻ. പെട്ടെന്ന് അടിപൊട്ടി. ശിവദാസ മേനോനും തലയ്ക്ക് അടിയേറ്റു. തലപൊട്ടി ചോര വാർന്നു. മേനോൻ ഐസിയുവിലായി. ഇതൊന്നും ഭാര്യയെ അറിയിച്ചതേയില്ല.
ദിവസങ്ങൾക്കു ശേഷം ഡിസ്ചാർജ് ചെയ്തു തലയിൽ വലിയ കെട്ടുമായി വീട്ടിലത്തിയ മേനോനോട് സോഫയിൽ ഇരുന്നു ഭാര്യ ചോദിച്ചു... എന്തുപറ്റി?, അതൊരു ആക്സിഡന്റ് എന്നായിരുന്നു മേനോന്റെ മറുപടി. എന്നാൽ ഭാര്യ അപ്പോൾ സംസാരിച്ചതു കേട്ടപ്പോൾ മേനോന്റെ ഉള്ളൊന്നു പിടഞ്ഞു. ‘‘കുറേയാളുകളുടെ രക്തംചിന്തിയിട്ടാണു നമ്മളൊക്കെ ഇവിടം വരെയെത്തിയത്. എന്റെ ഭർത്താവ് കമ്യൂണിസ്റ്റാണ്. എല്ലാവർക്കും മന്ത്രിയാകാം. പക്ഷേ എല്ലാവർക്കും കമ്യൂണിസ്റ്റാകാൻ കഴിയില്ല.’’
ഭാര്യയുടെ ഈ വാക്കുകൾ കേട്ടപ്പോൾ ശിവദാസ മേനോനു ദുഖം തോന്നി. സമരം ചെയ്തപ്പോൾ തലപൊട്ടി ആശുപത്രിയിലായ സംഭവം ഭാര്യയെ അറിയിക്കാതിരുന്നതിൽ അദ്ദേഹം ദുഃഖിതനായി. അന്ന് പിണറായി വിജയൻ നയിക്കുന്ന ഒരു ജാഥയുണ്ടായിരുന്നു. പോകുന്നതെങ്ങനെ എന്ന മട്ടിലിരുന്ന ശിവദാസ മേനോനോട് ഭാര്യ ഇങ്ങനെ കൂടി പറഞ്ഞു. ‘‘വിഷ് യു ഓൾ ദ് ബെസ്റ്റ്... ഫോർ യുവർ ഫ്യൂച്ചർ പൊളിറ്റിക്കൽ ലൈഫ്.’’
തുടർന്നു കോട്ടമൈതാനത്തു പ്രസംഗിക്കുന്നതിനിടെ വീട്ടിലേക്കു മടങ്ങാൻ അറിയിപ്പെത്തി. തോമസ് ഐസക് കൂടെയുണ്ടായിരുന്നു. വീട്ടിലേക്കു മടങ്ങുന്നുവെന്നു വേദിയിൽ വച്ച് എല്ലാവരെയും അറിയിച്ചു. വീട്ടിലെത്തിയപ്പോൾ ഭാര്യ ചേതനയറ്റു കിടക്കുന്നതാണു കണ്ടത്. പിന്നീട് വയ്യായ്ക വന്നു മഞ്ചേരിയിലെ മകളുടെ വീട്ടിൽ വിശ്രമിക്കുമ്പോഴും ഇക്കാര്യം മേനോൻ സങ്കടത്തോടെ ഓർത്തെടുത്തു. ‘‘ഒരു കമ്യൂണിസ്റ്റുകാരന്റെ ഭാര്യായിരുന്നെടോ അവൾ.’’ – അന്ന് അദ്ദേഹം ഇടറാതെ പറഞ്ഞുകൊണ്ടേയിരുന്നു. യേശുദാസിന്റെ പാട്ടുകളെ പ്രണയിച്ച, വിപ്ലവകരമായി ജീവിച്ച, നന്നായി വായിച്ച, വായിച്ചതിലേറെ പറഞ്ഞു തുടർന്ന ചങ്കൂറ്റമുള്ള ഒരു കമ്യൂണിസ്റ്റ് നേതാവിനെയാണു ശിവദാസമേനോന്റെ വേർപാടിലൂടെ നഷ്ടമാകുന്നത്.
English Summary: Veteran CPM leader and former minister T Sivadasa Menon Passed Away - A Memoir