ADVERTISEMENT

കാസർകോട് ∙ ദുബായിലേക്കുള്ള ഡോളർ കടത്തുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഉപ്പളയിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അബൂബക്കർ സിദ്ദീഖ് നേരിട്ടതു ക്രൂരമർദനം. കാൽപാദത്തിലും ശരീരത്തിന്റെ പിൻഭാഗത്തുമേറ്റ മർദനത്തിൽ മാംസം നുറുങ്ങിയ നിലയിലായിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. 5000 തവണയെങ്കിലും അടിയേറ്റാൽ മാത്രമേ ശരീരം ഈ രീതിയിലാവൂ എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. പേശികൾ‌ അടികൊണ്ട് ചതഞ്ഞ് വെള്ളം പോലെ ആയിരുന്നു.

ഇത്ര ഭീകരമായ അക്രമം മുൻപു കേട്ടിട്ടില്ലാത്തതാണെന്ന് പൊലീസ് പറയുന്നു. കാൽപാദത്തിലും പിൻഭാഗത്തുമേറ്റ അടിയുടെ കനത്ത ആഘാതം തലയിലേക്ക് എത്തിയുണ്ടായ ആഘാതമാണ് മരണ കാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. 4 മണിക്കൂർ സമയമെടുത്താണ് പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയത്.

പുത്തിഗെ മുഗു റോഡിലെ അബൂബക്കർ സിദ്ദീഖി(31)നെ കഴിഞ്ഞ ഞായറാഴ്ചയാണ് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കേസിൽ 5 പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. ക്വട്ടേഷൻ ഏൽപിച്ച 2 പേരും ക്വട്ടേഷൻ സംഘത്തിലെ 8 പേരുമടക്കം മൊത്തം 10 പേർ കുറ്റകൃത്യത്തിൽ പങ്കാളികളായതായാണ് പൊലീസിന്റെ നിഗമനം. 3 വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളിൽ ചിലർ കർണാടക വഴി ഗോവ, മഹാരാഷ്ട്ര ഭാഗങ്ങളിലേക്കു കടന്നതായും പൊലീസിനു സൂചനയുണ്ട്.

ദുബായിലേക്കു കടത്തുന്നതിനായി ഉപ്പളയിലെ സംഘം സിദ്ദീഖിനെ ഏൽപിച്ച അരക്കോടിയോളം രൂപ വില വരുന്ന ‌ഡോളർ കാണാതായതാണ് കൊലപാതകത്തിനു കാരണം. രഹസ്യമായി ഡോളർ തുന്നിപ്പിടിപ്പിച്ച ബാഗ് ദുബായിലെ ഏജന്റിനെ ഏൽപിച്ചുവെന്നാണ് സിദ്ദീഖ് പറഞ്ഞത്. എന്നാൽ പണം അവിടെ ലഭിച്ചില്ലെന്ന് ഏൽപിച്ചവരും പറഞ്ഞു. തുടർന്ന് സിദ്ദീഖിനെ ചർച്ചയ്ക്കായെന്നു പറഞ്ഞ് ദുബായിൽനിന്ന് നാട്ടിലേക്കു വിളിച്ചുവരുത്തിയശേഷം മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഇതിനു 2 ദിവസം മുൻപ് സിദ്ദീഖിന്റെ സഹോദരൻ അൻവറിനെയും സുഹൃത്ത് അൻസാരിയെയും സംഘം തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി. ആൾത്താമസമില്ലാത്ത വീട്ടിൽ താമസിപ്പിച്ച് 3 പേരെയും ക്വട്ടേഷൻ സംഘം മർദിച്ചു. മർദനത്തിനിടയിലാണ് സിദ്ദീഖ് മരിച്ചത്. പിന്നീട് കാറിൽ മൃതദേഹം കയറ്റി ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാർ പരിശോധിക്കുന്നതിനിടെ കൂടെ വന്ന രണ്ടുപേർ കാറിൽ രക്ഷപ്പെടുകയായിരുന്നു.

സിദ്ദീഖിന്റെ സഹോദരൻ അൻവർ (45), സുഹൃത്ത് അൻസാരി (40) എന്നിവർ പരുക്കുകളോടെ ചികിത്സയിലാണ്. അൻസാരിയെയും അൻവറിനെയും തട്ടിക്കൊണ്ടുപോയി മർദിച്ചതായുള്ള പരാതിയിൽ ഷാഫി, നുജി തുടങ്ങി 17 പേർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

ക്വട്ടേഷൻ നൽകിയതായി കരുതുന്ന വ്യക്തിയുടെ കാർ കണ്വതീർഥയിലെ വീട്ടിൽനിന്നും സിദ്ദീഖിന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ച കാർ കർണാടകയിൽനിന്നും കസ്റ്റഡിയിലെടുത്തു മൊത്തം 3 വാഹനങ്ങൾ കസ്റ്റഡിയിലുണ്ട്. 

English Summary: Kasargod Siddique murder case - Postmortem report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com